ഇടുക്കി : കരിങ്കുന്നത്ത് കണ്ടെത്തിയ പുലിയെ പിടികൂടാൻ വനം വകുപ്പ് കൂട് സ്ഥാപിച്ചു. ജനവാസ മേഖലയിൽ ഭീതി വിതച്ച പുലിയുടെ സാന്നിദ്ധ്യം കൂടുതലായി കണ്ട ഇല്ലിചാരി മലയുടെ മുകളിലായാണ് കൂട് സ്ഥാപിച്ചിരിക്കുന്നത്. വീടുകൾക്ക് സമീപത്ത് വീണ്ടും പുലിയെത്തിയത് ജനങ്ങൾക്കിടയിൽ ആശങ്ക വർദ്ധിപ്പിച്ചത് കൊണ്ടാണ് കൂട് സ്ഥാപിച്ചത്.
തൊടുപുഴ കരിങ്കുന്നം ഇല്ലിചാരി പ്രദേശത്തെ ഒരു മാസമായി ഭീതിയിലാഴ്ത്തിയ പുള്ളിപ്പുലിയെ പിടിക്കാനായാണ് വനംവകുപ്പ് കൂടുവച്ചത്. ഇവിടേക്ക് ആളുകൾ
കടക്കാതെ നാലുവശവും പൊലീസ് തടഞ്ഞിട്ടുണ്ട്. കൂടുവയ്ക്കാനുള്ള അനുമതി തിരുവനന്തപുരം വൈൽഡ് ലൈഫ് ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്‌റ്റ് കഴിഞ്ഞ ദിവസം നൽകിയിരുന്നു. ഇല്ലിചാരി മലയിൽ കൂട് വെയ്‌ക്കേണ്ട സ്ഥലം വൈൽഡ് ലൈഫ് വെറ്ററിനറി സർജൻ പ്രദേശം സന്ദർശിച്ചാണ് നിശ്ചയിച്ചത്.
എത്രയും വേഗം പുലിയെ പിടികൂടി ജനങ്ങളുടെ ആശങ്ക അകറ്റാനുള്ള ശ്രമത്തിലാണ് വനം വകുപ്പ്. ഒന്നര മാസക്കാലമായി ജനവാസ മേഖലയിൽ ഭീതി വിതയ്ക്കുന്ന പുലിയെ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. കരിങ്കുന്നം പഞ്ചായത്തിലെ അഞ്ചും ആറും വാർഡിൽപ്പെട്ട സ്ഥലമാണ് ഇല്ലിചാരി. മുട്ടം പഞ്ചായത്തുമായി അതിർത്തി പങ്കിടുന്ന പ്രദേശമാണിവിടം. മുട്ടം പോളിടെക്‌നിക്കിന് സമീപവും പുലിയെ കണ്ടിരുന്നു.