തിരുവനന്തപുരം : പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളം സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ തുടർ നടപടിക്ക് സര്‍ക്കാര്‍ നീക്കം. ഇന്നുചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനമെന്ന് നിയമ മന്ത്രി പി. രാജീവ് പറഞ്ഞു (Kerala moved for further action against CAA). ഭരണഘടനാവിരുദ്ധമായ നിയമമാണ് സിഎഎ. അടിയന്തരമായി നിയമം റദ്ദാക്കേണ്ടതുണ്ട്. പഴയ ഹര്‍ജി മെന്‍ഷന്‍ ചെയ്യും. എത്രയും പെട്ടെന്ന് ഹർജി നൽകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു (Minister P Rajeev).
ചില താല്‍പര്യങ്ങള്‍ മുന്നില്‍ കണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. അത് കേരളത്തില്‍ നടപ്പാകില്ല. ബിജെപി ഇംഗ്ലീഷില്‍ പറയുന്നത് കേരളത്തിലെ കോണ്‍ഗ്രസ് മലയാളത്തില്‍ പറയുന്നു. ബിജെപി വിരുദ്ധത അല്ല, ഇടതുപക്ഷ വിരുദ്ധതയാണ് കേരളത്തിലെ കോണ്‍ഗ്രസിന്. അത് ഫലത്തില്‍ ബിജെപിക്ക് സഹായകരമാണ്. എന്തുകൊണ്ട് ചട്ടങ്ങൾ നിർമ്മിക്കാൻ നാലുവർഷം എടുത്തു എന്നതാണ് കോൺഗ്രസ് ചോദിക്കുന്നത്. കോൺഗ്രസ് നിയമപരമായി എന്ത് നടപടിയാണ് എടുത്തത് എന്നും മന്ത്രി ചോദിച്ചു.
വിഷയത്തിൽ നിന്നും ശ്രദ്ധ തിരിച്ചുവിടാനുള്ള ബിജെപി അജണ്ടയുടെ പ്രചാരകരായി കോൺഗ്രസ് മാറി. പ്രധാന പ്രശ്‌നത്തെ കോൺഗ്രസ് കയ്യൊഴിയുകയാണ്. സിഎഎക്കെതിരെയുള്ള മുദ്രാവാക്യങ്ങളെ അടിസ്ഥാനമാക്കിയല്ല പൊലീസ് കേസെടുക്കുന്നത്. കേസ് പിൻവലിക്കുന്നതിന് സ്വാഭാവികമായ കാര്യങ്ങൾ ഉണ്ട്. കോടതിയാണ് ഇതുസംബന്ധിച്ച് തീരുമാനം എടുക്കേണ്ടത്. പൊതുമുതൽ നശിപ്പിക്കൽ പോലുള്ള കുറ്റങ്ങളിൽ ഏർപ്പെട്ടാൽ കോടതി തന്നെ, ഭരണഘടന ചുമതല നിർവഹിക്കുന്നില്ല എന്ന് പറയുമെന്നും മന്ത്രി വിശദീകരിച്ചു.
ഇന്ത്യയില്‍ ആദ്യമായി പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയത് കേരള നിയമസഭയാണ്. കേരളത്തില്‍ ആക്രമണ സ്വഭാവത്തിലേക്ക് പോകണമെന്ന് ആഗ്രഹിക്കുന്നവരുണ്ടാകും. ബിജെപി ആഗ്രഹിക്കുന്നത് അതാണ്. പക്ഷേ അത്തരം കാര്യങ്ങളില്‍ ജാഗ്രത വേണം. എജി ഡല്‍ഹിയില്‍ ഉണ്ട്. ഇക്കാര്യത്തില്‍ വേഗത്തില്‍ ഹര്‍ജി നല്‍കും. ഭരണഘടനയിലെ മൗലികാവകാശങ്ങൾ ഇന്ത്യൻ പൗരന്മാർക്ക് മാത്രമല്ല ഇന്ത്യയുടെ ഭൂപ്രദേശങ്ങളിൽ ജീവിക്കുന്ന എല്ലാവർക്കും അവകാശപ്പെട്ടതാണ്. ജീവിക്കാനുള്ള അവകാശത്തിന്‍റെ ലംഘനമാണ് സിഎഎ. ഇതില്‍ അവസാന തീരുമാനം പറയേണ്ടത് സുപ്രീംകോടതിയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.