ബെംഗളൂരു (കർണാടക): ഹോളി ആഘോശങ്ങൾക്ക് വേണ്ടി കാവേരിയിൽ നിന്നോ കുഴൽക്കിണറിൽ നിന്നോ വെള്ളമെടുത്ത് മഴ നൃത്തം സംഘടിപ്പിച്ചാൽ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് (BWSSB). കാവേരിയിലെ വെള്ളവും കുഴൽക്കിണറിലെ വെള്ളവും ഉപയോഗിച്ച് പൂൾ പാർട്ടികളും, മഴ നൃത്തങ്ങളും സംഘടിപ്പിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് (ബിഡബ്ല്യുഎസ്എസ്ബി) ചെയർമാൻ ഡോ. രാം പ്രസാത് മനോഹർ അറിയിച്ചു.
ബാംഗ്ലൂർ നഗരത്തിൽ രൂക്ഷമായ ജലക്ഷാമം നേരിടുന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസം കുടിവെള്ളം ദുരൂപയോഗം ചെയ്‌ത കുടുംബങ്ങൾക്ക് പിഴ ചുമത്തിയിരുന്നു. കുടിവെള്ളമുപയോഗിച്ച് വാഹനങ്ങൾ വൃത്തിയാക്കുകയും, പൂന്തോട്ടം പരിപാലിക്കുകയും ചെയ്‌ത 22 കുടുംബങ്ങളിൽ നിന്ന് 1.10 ലക്ഷം രൂപ പിഴ ഈടാക്കി. കൂടുതൽ പരാതികളും രേഖപ്പെടുത്തുന്നത് നഗരത്തിന്‍റെ തെക്ക്-കിഴക്കൻ മേഖലയിൽ നിന്നാണ്. കുടിവെള്ളത്തിന്‍റെ ലഭ്യതക്കുറവ് കണക്കിലെടുത്ത് വെള്ളം മിതമായി ഉപയോഗിക്കണമെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടും പരാതികൾ ദിനം പ്രതി കുമിഞ്ഞ് കൂടുകയാണ്.
നഗരത്തിലെ രൂക്ഷമായ ജലക്ഷാമം കാരണം ഹോളി ആഘോഷങ്ങളുടെ ഭാഗമായി വിനോദ പ്രവർത്തനങ്ങൾക്ക് വെള്ളം ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ട് ജലവകുപ്പ് നേരത്തെ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. മഴയുടെ ലഭ്യതക്കുറവ് മൂലം ഭൂഗർഭ ജലനിരപ്പ് കുറഞ്ഞതിനാൽ പല കുഴൽക്കിണറുകളും വറ്റിവരണ്ടതായി പ്രസ്‌താവനയിൽ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ പൗരന്മാർക്കും കുടിവെള്ളം ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ബോർഡ് ശ്രമിക്കുന്നുണ്ടെന്നും, ഈ ശ്രമം വിജയിക്കണമെങ്കിൽ ജനങ്ങളിൽ നിന്ന് പിന്തുണ വേണമെന്നും പ്രസ്‌താവനയിൽ പറഞ്ഞു. അതേമയം സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് യാതൊരു നിയന്ത്രണങ്ങളുമില്ല ജലം പാഴാകുന്നത് തടയാൻ മാത്രമാണ് വകുപ്പ് ഇത്തരം നടപടി എടുക്കുന്നതെന്ന് പ്രസ്‌താവനയിൽ പറയുന്നു.