കണ്ണൂർ : ഇന്നത്തെ തലമുറയിലെ പലരും പൈതൃക കലകളെക്കുറിച്ച് കേൾക്കാത്തവരാകും. എന്നാൽ 26കാരനായ കിരണെന്ന യുവാവിന്‍റെ കഠിനാധ്വാനത്തിൽ ഒരുങ്ങിയത് ലക്ഷണമൊത്തൊരു വെങ്കല ശ്രീകൃഷ്‌ണ ശിൽപമാണ്. സംസ്ഥാന സർക്കാർ നടത്തിയ റൂറൽ ഹബ്ബ് ആർട്ടിൽ ശിൽപ നിർമാണ പരിശീലനത്തിനെത്തിയ 25 ഓളം പേരിൽ ഈ മേഖലയിലെത്തിയ ഒരേ ഒരാളാണ് കിരൺ.
കരിയെയും ചൂടിനെയും മറികടന്ന് 26ാം വയസിൽ കിരൺ ഒരുക്കിയത് ലക്ഷണമൊത്ത വെങ്കല ശ്രീകൃഷ്‌ണ പ്രതിമയാണ്. കണ്ണൂർ ജില്ലയിലെ വെങ്കല പൈതൃക ഗ്രാമം ആയ കുഞ്ഞിമംഗലത്തെ പൈതൃക കലയെ ദേശീയ തലത്തിലേക്ക് ഉയർത്താൻ സംസ്ഥാന സർക്കാർ നടത്തിയ പരിപാടിയായിരുന്നു റൂറൽ ഹബ്ബ് ആർട്ട്. എന്നാൽ വെങ്കല ശിൽപകലയുടെ കഠിനാധ്വാനത്തിൽ പകച്ചുപോയ പുതുതലമുറയിലെ പലരും അവിടെ നിന്നില്ല.
മൂശാരികൊവ്വൽ സ്വദേശിയായ കിരൺ തന്‍റെ ചെറുപ്രായത്തിൽ അതിൽ ഉറച്ചുനിന്നു. മുതിർന്നവരോടൊപ്പം വിളക്കിലും കിണ്ടിയിലും തന്‍റെ കഴിവുകൾ സഹായി ആയി പകർത്തി എഴുതി. ഇന്ന് മൂശാരികൊവ്വൽ വെങ്കല ഗ്രാമത്തിലെ തൊഴിൽ എടുക്കുന്നവരെല്ലാം മധ്യ വയസിനോട് അടുത്ത് നിൽക്കുന്നവരാണ്. എന്നാൽ കലയോടുള്ള താത്‌പര്യം കിരണിനെ അവിടെ ഉറപ്പിച്ചുനിർത്തി.
തന്‍റെ 20ാം വയസിൽ തുടങ്ങിയ ശില്‍പകല ഇന്ന് ഒരു പൂർണകായ ശ്രീകൃഷ്‌ണ വെങ്കല പ്രതിമയുടെ രൂപകല്‍പ്പനയില്‍ എത്തി നിൽക്കുകയാണ്. ഒരു മാസം കൊണ്ടാണ് കിരൺ 3 കിലോ ഭാരം ഉള്ള വെങ്കല വിഗ്രഹം ഒരുക്കിയിട്ടുള്ളത്. തേൻ മെഴുകിൽ കൃത്യതയോടെയും സൂക്ഷമതയോടെയും അച്ചുവാർക്കുന്നതായിരുന്നു ആദ്യ ദൗത്യം.
പിന്നീടാണ് വെങ്കലമുരുക്കി അച്ചിലേക്ക് ഒഴിക്കുന്നത്. ശ്രീകൃഷ്‌ണ വിഗ്രഹത്തിന് ഒരടി ഉയരമുണ്ട്. തന്‍റെ സുഹൃത്ത് ഏല്‍പ്പിച്ച ശ്രീകൃഷ്‌ണ വിഗ്രഹത്തിന് 25,000 രൂപയാണ് വില വരുന്നത്. തീയും പുകയും കരിയും നിറഞ്ഞ അതികഠിനമായ ജോലിയിലേക്ക് പുതു തലമുറ ആരും വരാത്ത ഘട്ടത്തിലാണ് കിരൺ തന്‍റെ പേര് ഊട്ടി ഉറപ്പിക്കുന്നത്. കലയോടുള്ള താത്‌പര്യമാണ് ഇതിൽ തുടരാൻ ഊര്‍ജമേകുന്നതെന്ന് കിരണ്‍ പറയുന്നു.
Also Read : മമ്മൂക്കയുടെ മനസ്സ് കവര്‍ന്ന മീൻ കറി ദേ ഇവിടെയുണ്ട് - KOLLAM SPECIAL FISH THALA CURRY