മലപ്പുറം : കരാറുകാരനില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥൻ പിടിയിൽ. പാലക്കാട് ചിറ്റൂർ സ്വദേശിയും ഡ്രാഫ്റ്റ്സ് മാനുമായ എം രാജീവിനെയാണ് അറസ്റ്റ് ചെയ്‌തത്. ജൽജീവൻ മിഷന്‍റെ നിർമ്മാണ പ്രവർത്തി പൂർത്തിയാക്കാനുള്ള തീയതി നീട്ടി നൽകാനാണ് ഇയാൾ കരാറുകരനിൽ നിന്ന് കൈക്കൂലി ആവശ്യപ്പെട്ടത്. അതുപ്രകാരമുള്ള പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്‍റെ പിടിയിലാവുകയായിരുന്നു. ജൽജീവൻ മിഷന്‍റെ നിർമ്മാണ പ്രവർത്തി പൂർത്തിയാക്കാനുള്ള തീയതി നീട്ടി നൽകാമെന്ന് പറഞ്ഞാണ് പദ്ധതിയുടെ കരാറുകാരനായ മുഹമ്മദ് ഷഹീദില്‍ നിന്ന് രാജീവ് കൈക്കൂലി ആവശ്യപ്പെട്ടത്.
മോട്ടോർ വെഹിക്കിൾ ഇൻസ്പെക്‌ടർ അറസ്റ്റില്‍ : രണ്ടുദിവസം മുൻപ് കോഴിക്കോട് ജില്ലയിലും കൈക്കൂലിക്കേസ് രജിസ്റ്റർ ചെയ്‌തിരുന്നു. കൈക്കൂലി വാങ്ങുന്നതതിനിടെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്‌ടർ അറസ്റ്റിലായി. 10.000 രൂപ കൈക്കൂലിയായി വാങ്ങുമ്പോഴാണ് ഫറോക്ക് ജോയിന്‍റ് ആർ ടി ഓഫിസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്‌ടർ ആയ ജലീലിനെ വിജിലൻസ് കൈയ്യോടെ പിടികൂടിയത്. പരാതിക്കാരനിൽ നിന്ന് 10,000 രൂപ കൈപ്പറ്റുന്നതിനിടെയാണ് ഇയാൾ കോഴിക്കോട് വിജിലൻസ് സംഘത്തിന്‍റെ പിടിയിലായത്.
ഫറോക്കിലെ പുക പരിശോധന കേന്ദ്രത്തിന്‍റെ ഉടമയാണ് പരാതിക്കാരൻ. ഇയാളിൽ നിന്നും 10,000 രൂപയാണ് എം വി ഐ കൈക്കൂലിയായി വാങ്ങിയത്. നേരത്തെ പുക പരിശോധന കേന്ദ്രത്തിലെത്തിയ ജലീൽ സ്ഥാപനത്തിന്‍റെ ലോഗിൻ ഐ ഡി റദ്ദ് ചെയ്‌തിരുന്നു. ഇത് പുനസ്ഥാപിക്കുന്നതിന് വേണ്ടി ഉടമ ഫറോക്ക് ജോയിന്‍റ് ആർ ടി ഓഫിസിലെ എം വി ഐ ആയ ജലീലിനെ സമീപിച്ചിരുന്നു.
എന്നാൽ ലോഗിൻ ഐ ഡി പുനസ്ഥാപിക്കണമെങ്കിൽ കൈക്കൂലിയായി പതിനായിരം രൂപ തരണമെന്ന് പുക പരിശോധന കേന്ദ്രം ഉടമയോട് ജലീൽ ആവശ്യപ്പെട്ടു. ഇതിൻ്റെ അടിസ്ഥാനത്തിൽ ഉടമ വിജിലൻസിന് പരാതി നൽകുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥര്‍ ഫിനോഫ്‌തലിൻ പുരട്ടിയ പതിനായിരം രൂപ പുക പരിശോധന കേന്ദ്രം ഉടമയ്ക്ക് കൈമാറി.
ഈ പണവുമായി പരാതിക്കാരൻ ജലീലിന്‍റെ അഴിഞ്ഞിലത്തെ വീട്ടിലെത്തി. പതിനായിരം രൂപ കൈമാറി പരാതിക്കാരൻ പുറത്തിറങ്ങിയ ഉടൻതന്നെ വിജിലൻസ് വിഭാഗം ജലീലിന്‍റെ വീട്ടിലേക്ക് കയറുകയായിരുന്നു (Motor Vehicle Inspector arrested). സംശയം തോന്നിയ ജലീൽ പണം അടുക്കള ഭാഗത്തെ ചാക്കിൽ നിക്ഷേപിച്ചിരുന്നെങ്കിലും പിടിയിലായി.