കോഴിക്കോട്: തെരുവുനായയുടെ തലയിൽ കുടുങ്ങിയ കുപ്പി മുറിച്ചുമാറ്റി ദുരന്ത നിവാരണ സേന. ഒളവണ്ണ കൊപ്രക്കള്ളി ഭാഗത്ത് അംഗനവാടിക്ക് സമീപം കഴിഞ്ഞ ഏഴ് ദിവസമായാണ് തലയിൽ പ്ലാസ്റ്റിക് കുപ്പി കുടുങ്ങിയ നിലയിൽ തെരുവുനായ കഴിഞ്ഞത്. ഭക്ഷണവും വെള്ളവും കഴിക്കാനാവാതെ അവശനിലയിലായിരുന്നു നായ.
പരിസരവാസികൾ നായയുടെ തലയിൽ നിന്നും കുപ്പി ഊരി മാറ്റുന്നതിന് പലതവണ ശ്രമം നടത്തിയെങ്കിലും അതിന് സാധിക്കാതെ വന്നതോടെയാണ് താലൂക്ക് ദുരന്ത നിവാരണ സേനയെ വിവരമറിയിച്ചത്. തുടർന്ന് വളണ്ടിയർമാർ സ്ഥലത്തെത്തി നായയെ പിടികൂടി തലയിൽ കുടുങ്ങിയ കുപ്പി മുറിച്ചുമാറ്റുകയായിരുന്നു.
താലൂക്ക് ദുരന്ത നിവാരണ സേന ജില്ലാ കോഡിനേറ്റർ മഠത്തിൽ അസീസ്, ജില്ലാ വളണ്ടിയർ ക്യാപ്റ്റൻ മിർഷാദ് ചെറിയടത്ത്, വളണ്ടിയർമാരായ സുകേഷ് ഒളവണ്ണ, അജിത്ത് പയ്യടിമേത്തൽ, അൻവർ ജവാദ്, ഷൈജു ഒടുമ്പ്ര, സലീം കൊമ്മേരി, റഷീദ് കളിക്കുന്ന്, നിധീഷ് ഒളവണ്ണ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Also Read: പാൽ മണവും കേക്ക് മണവും ഒന്നിച്ചെത്തി; പാത്രത്തിൽ തലയിട്ട് നായ പൊല്ലാപ്പിലായി, രക്ഷകരായി ഫയർഫോഴ്‌സ്