എറണാകുളം : ഇടതുമുന്നണി കൺവീനർ ഇ പി ജയരാജൻ ബിജെപിയിൽ ചേരുന്നതിനെ കുറിച്ച് ചർച്ച നടത്തിയിട്ടില്ലെന്ന് ദല്ലാൾ നന്ദകുമാർ. കെ സുധാകരൻ്റെയും ശോഭ സുരേന്ദ്രൻ്റെയും ആരോപണങ്ങൾക്ക് കൊച്ചിയിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് തൃശൂരെന്ന ഒറ്റ സീറ്റ് നല്‍കിയാല്‍ പകരം ലാവലിന്‍ കേസ് ഒഴിവാക്കാമെന്ന് ബിജെപി വാഗ്‌ദാനം ചെയ്‌തിരുന്നതായും ദല്ലാള്‍ നന്ദകുമാര്‍ പറഞ്ഞു.
എൽഡിഎഫ് കൺവീനർ ഇ പി ജയരാജനുമായി ബിജെപി ദേശീയ നേതാവ് പ്രകാശ് ജാവദേക്കർ ചര്‍ച്ച നടത്തിയെന്നും നന്ദകുമാര്‍ ആരോപിച്ചു. താൻ കൂടിക്കാഴ്‌ച നടത്തവെ പ്രകാശ് ജാവദേക്കര്‍ അവിടേക്ക് വന്നു. കൂടിക്കാഴ്‌ചയെ കുറിച്ച് ഇ പി ജയരാജന് അറിയില്ലായിരുന്നു. സർപ്രൈസായാണ് ജാവദേക്കർ എത്തിയത്.
തൃശൂർ ജയിക്കണം എന്നായിരുന്നു ജാവദേക്കറിന്‍റെ ആവശ്യം. സുരേഷ് ഗോപിയെ എങ്ങനെയെങ്കിലും ജയിപ്പിക്കണം എന്ന് ജാവദേക്കർ പറഞ്ഞു. ഇടതിന്‍റെ സഹായം ഉണ്ടെങ്കിൽ അക്കൗണ്ട് തുറക്കാമെന്നും പകരം ലാവലിൻ കേസിൽ നിന്നും പിണറായിയെ ഒഴിവാക്കാമെന്ന് വാഗ്‌ദാനം ചെയ്‌തതായും ദല്ലാള്‍ നന്ദകുമാര്‍ മാധ്യങ്ങളോട് പറഞ്ഞു. എന്നാൽ ഇപി ജയരാജൻ ഇത് നിരസിച്ചു.
നാല് തവണയാണ് താൻ ജാവദേക്കറെ കണ്ടത്. അമിത്‌ഷാ എത്തുമെന്നും പറഞ്ഞു. 2026ൽ തിരിച്ചുവരാൻ അവസരം ഒരുക്കാം എന്ന് വരെ ഇപിയോട് പറഞ്ഞു. ഇ പി ജയരാജന് വട്ടുണ്ടോ ബിജെപിയിൽ പോകാനെന്ന് പറഞ്ഞ ദല്ലാൾ നന്ദകുമാർ അദ്ദേഹം സംസാരിച്ചത് പിണറായി വിജയന് വേണ്ടിയായിരുന്നു എന്നും പറഞ്ഞു. അതേസമയം ബിജെപിയിലേക്ക് പോകാൻ കെ സുധാകരൻ 100 ശതമാനം തീരുമാനത്തിൽ എത്തിയിരുന്നു. കെപിസിസി പ്രസിഡന്‍റ് സ്ഥാനം കിട്ടിയതിനാലാണ് ബിജെപിയിലേക്ക് പോകാതിരുന്നത്. അല്ലെങ്കിൽ കെ സുധാകരൻ ബിജെപിയുടെ സംസ്ഥാന പ്രസിഡൻ്റ് ആവുമായിരുന്നു എന്നും ദല്ലാൾ നന്ദകുമാർ പറഞ്ഞു.
കേരളത്തിലെ ബിജെപി നേതാക്കളെ അറിയിക്കാതെയായിരുന്നു പ്രകാശ് ജാവദേക്കർ ചർച്ചകൾ നേരിട്ട് നടത്തിയത്. കേരളത്തിലെ പ്രമുഖനായ ഒരു മുസ്ലിം നടനെ ബിജെപിയിലെത്തിക്കാൻ പ്രകാശ് ജാവദേക്കർ നേരിട്ട് ചർച്ച നടത്തിയത് തനിക്ക് അറിയാമെന്നും ദല്ലാൾ നന്ദകുമാർ പറഞ്ഞു. കേരളത്തിൽ ബിജെപിക്ക് ഒരു സീറ്റ് നേടുകയെന്നത് പ്രകാശ് ജാവദേക്കറിൻ്റെ നിലനിൽപ്പിൻ്റെ പ്രശ്‌നമായിരുന്നു.
കെ മുരളീധരൻ, രമേശ് ചെന്നിത്തല എന്നിവരെ ബിജെപിയിലെത്തിക്കാൻ ചർച്ചകൾ നടത്തിയെന്ന് ജാവദേക്കർ തന്നോട് പറഞ്ഞതായും നന്ദകുമാർ പറഞ്ഞു. 2026ൽ സിപിഎമ്മിന് തുടർഭരണം ലഭിക്കാൻ വരെ സഹായിക്കാമെന്നും ഒരു സീറ്റിൽ ബിജെപിയെ ജയിപ്പിക്കണമെന്നുമായിരുന്നു ആവശ്യം. ഈ തെരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിൽ വന്നില്ലെങ്കിൽ എന്ത് ചെയ്യുമെന്ന് ചോദിച്ചപ്പോൾ മറുപടി ഉണ്ടായില്ലെന്നും നന്ദകുമാർ പറഞ്ഞു. അതേസമയം തിരുവനന്തപുരത്തെ ഏത് ഫ്ലാറ്റിൽവച്ചാണ് ചർച്ച നടത്തിയതെന്നോ, ഏത് തീയ്യതിയിലാണോ ചർച്ച നടത്തിയതെന്നോ വ്യക്തമാക്കാൻ നന്ദകുമാർ തയ്യാറായില്ല.
ഇതിനിടെ ശോഭ സുരേന്ദ്രന് ഭൂമി വാങ്ങാൻ 10 ലക്ഷം രൂപ കൈമാറിയതായി ദല്ലാള്‍ നന്ദകുമാര്‍ ആവര്‍ത്തിച്ചു. പിന്നീട് ശോഭ സുരേന്ദ്രന്‍ നല്‍കിയ രേഖകളില്‍ ചില അവ്യക്തതകള്‍ ഉണ്ടായിരുന്നു. തുടർന്ന് കത്ത് അയച്ചുവെന്നും നന്ദകുമാര്‍ പറഞ്ഞു.
എന്നാൽ താൻ അയച്ച കത്തുകൾക്ക് ശോഭ സുരേന്ദ്രന്‍ മറുപടി നൽകിയില്ല. തെരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ സ്വത്ത് വിവരങ്ങളിൽ ഈ ഭൂമിയുടെ കാര്യം ശോഭ സുരേന്ദ്രൻ പറയുന്നില്ല. ഇവർ അന്യായമായി കൈയ്യടക്കിയ ഭൂമിയാണ് തനിക്ക് വിൽക്കാൻ ശ്രമിച്ചതെന്നും ദല്ലാൾ നന്ദകുമാർ മാധ്യങ്ങളോട് പറഞ്ഞു.
ശോഭ പറയുന്ന ക്യാൻസർ കഥ കളവാണ്. ക്രൈം നന്ദകുമാറിനെ മീഡിയേറ്റർ ആയി തന്‍റെ അടുത്തേക്ക് വിട്ടിരുന്നു. നൽകിയ പണം തിരിച്ചുകിട്ടാൻ പല തവണ ആവശ്യപ്പെട്ടെങ്കിലും പാർലമെന്‍റ് തെരഞ്ഞെടുപ്പ് വരട്ടെ എന്നായിരുന്നു മറുപടി. പണം തിരിച്ചുകിട്ടാത്തതിനാലാണ് ഇക്കാര്യം ഇപ്പോൾ പുറത്തുപറയുന്നതെന്നും ദല്ലാൾ നന്ദകുമാർ വ്യക്തമാക്കി.
ബിജെപി സ്ഥാനാർഥികൾക്ക് വേണ്ടി കേരളത്തിലേക്ക് കടത്തിയ ഹവാല പണം നഷ്‌ടപ്പെട്ടു. ഇതോടെയാണ് തനിക്ക് ശോഭ സുരേന്ദ്രൻ നൽകാനുള്ള പണവും കിട്ടാതായതെന്ന് നന്ദകുമാർ ആരോപിച്ചു. ശോഭ സുരേന്ദ്രനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അനിൽ ആന്‍റണിക്കെതിരെയുള്ള കൂടുതൽ തെളിവുകൾ പുറത്ത് വിടുമെന്നും നന്ദകുമാർ പറഞ്ഞു.
ALSO READ: 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭ സുരേന്ദ്രൻ; ഭൂമി വിൽപനയുടെ അഡ്വാൻസെന്ന് വിശദീകരണം