തിരുവനന്തപുരം: ഖത്തറില്‍ നിന്നും ജയില്‍ മോചിതനായി തിരികെയെത്തിയ ഇളമാന്നൂർക്കോണം സ്വദേശി രാഗേഷ് ഗോപകുമാറിനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും പ്രഭാരി പ്രകാശ് ജാവദേക്കറുമാണ് താന്നിവിളയിലെ വീട്ടിലെത്തി രാഗേഷിനെ കണ്ടത്. ലോകത്തിൻ്റെ ഏത് ഭാഗത്തായാലും ഭാരതീയരെ സുരക്ഷിതരാക്കുക എന്നത് നരേന്ദ്ര മോദി സർക്കാരിൻ്റെ കടമയാണെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു (Prakash Javadekar).
ഇതിന് മുമ്പും ലോകത്തിൻ്റെ പല ഭാഗത്ത് നിന്നും പല പരീക്ഷണ ഘട്ടത്തിലും ഭാരതീയരെ തിരിച്ച് നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാരിന് സാധിച്ചിട്ടുണ്ട്. മോദിയുടെ ഭരണത്തിൽ ഇന്ത്യക്കാർക്ക് എല്ലാ സ്ഥലത്തും ബഹുമാനം കിട്ടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 140 കോടി ജനങ്ങൾ ഖത്തറിൽ ജയിലിൽ കിടന്നപ്പോൾ നാവികർക്ക് വേണ്ടി പ്രാർഥിച്ചിരുന്നുവെന്ന് പ്രകാശ് ജാവദേക്കർ എംപി പറഞ്ഞു.
നരേന്ദ്ര മോദി സർക്കാരിൻ്റെ ഇച്ഛാശക്തിയുടെ പ്രതിഫലനമാണ് ഈ വിജയമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് വിവി രാജേഷ് ഒപ്പമുണ്ടായിരുന്നു. ഖത്തറില്‍ രാജ്യദ്രോഹ കുറ്റത്തിന് തടവില്‍ കഴിഞ്ഞിരുന്നയാളാണ് രാഗേഷ് ഗോപകുമാര്‍. നാവിക സേനയില്‍ നിന്നും വിരമിച്ചതിന് ശേഷം ദോഹയിലെ സൈനിക പരിശീലന കമ്പനിയില്‍ പ്രവര്‍ത്തിച്ചിരുന്ന എട്ട് പേരെയാണ് ഖത്തറില്‍ നിന്നും രക്ഷപ്പെടുത്തി നാട്ടിെലത്തിച്ചത് (K Surendran BJP).
2022 ഓഗസ്റ്റിലാണ് എട്ട് പേരും ഖത്തറില്‍ പിടിയിലായത്. ഇസ്രയേലിന് വേണ്ടി ഇവര്‍ ചാരവൃത്തി നടത്തിയെന്നതാണ് കേസ്. കേന്ദ്ര സര്‍ക്കാരും ഖത്തര്‍ സര്‍ക്കാരും തമ്മില്‍ നടത്തിയ ഇടപെടലുകള്‍ക്ക് ശേഷമാണ് എട്ട് പേരെയും ഖത്തര്‍ അമീര്‍ ഷെയ്‌ഖ് തമീം ബിന്‍ ഹമദ് അസ്‌താനിയുടെ നിര്‍ദേശ പ്രകാരം മോചിപ്പിച്ചത്.