കോട്ടയം : വൈക്കത്ത് മുക്കുപണ്ടം പണയം വച്ച് ബാങ്കിൽ നിന്നും രണ്ടര ലക്ഷം രൂപ തട്ടിയ കേസില്‍ ബിജെപി നേതാവ് അറസ്റ്റിൽ. ബിജെപി വെള്ളൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് ഓലിക്കരയിൽ എസ് മനോജ് കുമാറാണ് (48) അറസ്റ്റിലായത്. കടുത്തുരുത്തി അർബൻ ബാങ്കിൻ്റെ വെള്ളൂർ ശാഖയില്‍ നിന്നാണ് ഇയാള്‍ പണം തട്ടിയത്.
സ്വര്‍ണം പൂശിയ മുക്കുപണ്ടം രണ്ട് തവണയായി പണയപ്പെടുത്തിയായിരുന്നു തട്ടിപ്പ്. 2,50,000 രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. ബാങ്ക് ഹെഡ് ഓഫിസിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചൊവ്വാഴ്‌ച നടത്തിയ പരിശോധനയിലാണ് പണയം വച്ച പണ്ടം വ്യാജമാണെന്ന് കണ്ടെത്തിയത്.
ബാങ്കിൽ ആറ് മാസത്തിൽ ഒരിക്കലാണ് സ്വർണ പണയത്തിന്മേൽ വച്ചിരിക്കുന്ന ഉരുപ്പടികളുടെ അപ്രൈസൽ നടക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 4നും 11നുമാണ് ഇയാള്‍ ബാങ്കില്‍ പണ്ടവുമായെത്തിയത്. 64 ഗ്രാം സ്വർണം പൂശിയ 8 വളകളാണ് പണയപ്പെടുത്തിയത്.
പുതിയ അപ്രൈസൽ എത്തി പണയ ഉരുപ്പടികൾ പരിശോധിച്ചതോടെയാണ് സംശയം തോന്നിയത്. തുടർന്ന് വള മുറിച്ച് നോക്കിയതോടെ മുക്കുപണ്ടമാണെന്ന് വ്യക്തമായി. തുടർന്ന് ശാഖ മനേജർ വെള്ളൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
കേസ് രജിസ്റ്റർ ചെയ്‌ത പൊലീസ് പ്രതിയെ പിടികൂടി. ബാങ്കിന് സമീപത്ത് തന്നെ വർഷങ്ങളായി ബാർബർ ഷോപ്പ് നടത്തിവരുകയായിരുന്നു പിടിയിലായ മനോജ്. പ്രതിയെ ഇന്ന് (ജൂലൈ 17) കോടതിയിൽ ഹാജരാക്കും.
Also Read : മുക്കുപണ്ടം പണയംവച്ച് പണം തട്ടി ; രണ്ടുപേർ അറസ്റ്റിൽ - MONEY STOLEN ACCUSED ARRESTED