തിരുവനന്തപുരം: രാജ്യത്തെ അഴിമതിക്കാർക്ക് ചേക്കേറാൻ പറ്റിയ പാർട്ടിയാണ് ബിജെപിയെന്ന് ആഞ്ഞടിച്ച് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല (Ramesh Chennithala ). രാജ്യത്തെ കളങ്കിതർക്ക് എല്ലാം ചേക്കേറാൻ പറ്റിയ പാർട്ടിയാണ് ബിജെപി. രാജ്യത്താകമാനം കേന്ദ്ര ഏജൻസിയെ ഉപയോഗിച്ച് പാർട്ടി വളർത്താനുള്ള തരംതാണ അവസ്ഥയിലാണ് ബി.ജെ.പി എന്ന പാർട്ടിയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
പാർലമെന്‍റ് തെരെഞ്ഞെടുപ്പ് ജയിക്കാൻ ബിജെപി(BJP) വളഞ്ഞ വഴികൾ സ്വീകരിക്കുന്നതിന് തെളിവാണ് പ്രതിപക്ഷ നേതാക്കളെ ചാക്കിട്ട് പിടിത്തവും അക്കൗണ്ട് ഫ്രീസിങ്ങും. ഇതിനായി രാജ്യത്തെ ഭരണഘടനാ ഏജൻസികളെയാണ് മോദിസർക്കാർ ഉപയോഗിക്കുന്നത്. ഏറ്റവും ഒടുവിൽ ജയ്‌ഹിന്ദ് ചാനലിന്‍റെ അക്കൗണ്ട് കഴിഞ്ഞ ദിവസം മരവിപ്പിച്ചിരിക്കുന്നു. ചാനലിന്‍റെ ദൈനംദിന പ്രവർത്തനങ്ങൾ പോലും തടസപ്പെടുത്താനാണ് ശ്രമം. സ്വേച്ഛാധിപത്യത്തിന്‍റെ ഉദാഹരണമാണിത്.
രാഹുൽ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ ന്യായ് യാത്ര എല്ലാ ദിവസവും തൽസമയം കാണിക്കുന്നതാണ് ജയ്‌ഹിന്ദ് ചെയ്‌ത തെറ്റെങ്കിൽ അത് നേരിട്ട് പറഞ്ഞ് നടപടി സ്വീകരിക്കാനുള്ള ആർജ്ജവമാണ് മോദിയും ഏജൻസികളും കാണിക്കേണ്ടത്. എ.ഐ.സി.സി, യൂത്ത് കോൺഗ്രസ് അകൗണ്ടുകൾ മരവിപ്പിച്ചതിന് പിന്നാലെ ഉള്ള നടപടി തികച്ചും ജനാധിപത്യ വിരുദ്ധമാണ്. ഈ ഏകാധിപത്യ മനോഭാവത്തെ നിയമപരമായും രാഷ്ട്രീയമായും ധീരമായി നേരിടുമെന്നും ചെന്നിത്തല പറഞ്ഞു