കണ്ണൂർ: 'നാളെ ലോകം അവസാനിക്കുകയാണെങ്കിലും ഇന്ന് ഒരു വൃക്ഷത്തൈ എങ്കിലും നടണം എന്ന പ്രവാചക വാചകം നെഞ്ചേറ്റിയ ഒരു കർഷകൻ. ചേലരിമുക്ക് സ്വദേശി 67കാരൻ അഹമ്മദ് കുട്ടി. മലവെള്ള പാച്ചിലും, ഉരുൾപൊട്ടലും കേരളത്തെ ഒന്നാകെ വിഴുങ്ങുമ്പോഴും അഹമ്മദ് കുട്ടിയുടെ പ്രകൃതിയോടുള്ള സ്‌നേഹം ആരെയും അത്‌ഭുതപ്പെടുത്തും. ഒരു രാവ് ഇരുട്ടി വെളുത്തപ്പോഴേക്കും വീശിയടിച്ച കാറ്റിലും കനത്ത മഴയിലും അദ്ദേഹത്തിന്‍റെ എല്ലാം എല്ലാം ആയ കുടംപുളി മരം കടപ്പുഴകി വീണു.
രാവിലെ 3 മണിക്കൂറിൽ അധികം വീട്ടുപറമ്പിലെ ചെടികൾക്ക് ഒപ്പം ചെലവഴിക്കുന്ന അദ്ദേഹത്തിന് ആ കാഴ്‌ച ഉൾകൊള്ളാനായില്ല. വീട്ടിലെ ഒരു അംഗത്തെ നഷ്‌ടപ്പെട്ട പോലെ ആ മനസ് പതറി. അദ്ദേഹത്തിന്‍റെ സഹോദരി കുഞ്ഞി ഫാത്തിമയുടെയും നെഞ്ച് പിടഞ്ഞു. ചെറുപ്പകാലത്ത് അഹമ്മദ് കുട്ടി നട്ടതാണ് ആ കുടംപുളി മരം. മരവുമായി ഇരുവർക്കും വലിയ ആത്മബന്ധമാണുള്ളത്. അതുകൊണ്ടുതന്നെ 40 വർഷത്തിലധികമായി കുടുംബാംഗത്തെ പോലെ കണ്ടിരുന്ന കുടംപുളി മരത്തെ വിട്ടുകൊടുക്കാൻ അഹമ്മദ് കുട്ടിക്കായില്ല.
വീട്ടുകാരും സമീപവാസികളും എല്ലാം കുടംപുളി ശേഖരിച്ച് ഉപയോഗിച്ചിരുന്ന മരത്തെ എങ്ങനെ സംരക്ഷിക്കാം എന്ന ചിന്തയിൽ നിന്നാണ് അഹമ്മദ് കുട്ടിക്ക് അത് മറ്റൊരിടത്തേക്ക് പറിച്ചു നടാം എന്ന് തോന്നിയത്. വൻ തുക ചെലവഴിച്ച് മണ്ണുമാന്തി യന്ത്രവും ക്രെയിനും കൊണ്ടുവന്ന് അദ്ദേഹം പണികൾ ആരംഭിച്ചു. മരം ഉണ്ടായിടത്ത് നിന്ന് 15 മീറ്റർ അകലെ ആയി 8 അടി ആഴത്തിൽ മണ്ണുമാന്തി യന്ത്രം എത്തിച്ച് കുഴിയെടുത്തു. മണലും വളവുമെല്ലാം അതിൽ നിറച്ചു. ക്രെയിൽ ഉപയോഗിച്ച് മരം പതുക്കെ ഉയർത്തി ആ കുഴിയിൽ നട്ടു.
വേനൽക്കാലത്ത് സ്ഥിരമായി വെള്ളം എത്തിക്കാനുള്ള സംവിധാനവും രണ്ട് പൈപ്പ് വേരുകളിലേക്ക് ഇട്ട് അദ്ദേഹം ഒരുക്കിയിരുന്നു. ഇന്ന് ഓർമ്മകളിലെ 'മധുരമുള്ള' പുളിയായി അത് വീണ്ടും ആ മുറ്റത്ത് തലയുയർത്തി നിൽക്കുകയാണ്. ഒരുപാട് പേരുടെ മനസും വയറും നിറച്ച ആ രുചി മറ്റൊരു തലമുറയ്ക്ക് കൂടി പകർന്നു നൽകാൻ.
തേൻ കർഷകൻ കൂടിയായ അഹമ്മദ് കുട്ടി ചെടികളെയും മരങ്ങളെയും ഒരുപാട് സ്നേഹിക്കുന്ന വ്യക്തിയാണ്. വീട്ടിലുള്ള വിവിധയിനം ഔഷധഫലങ്ങളും പൂന്തോട്ടവും തറവാട്ടിലെ കൃഷി പരിപാലനവും ഇദ്ദേഹത്തിന്‍റെ മേൽനോട്ടത്തിലാണ് നടക്കാറുള്ളത്. കണ്ണൂരിലെ ഡിവൈൻ പ്രിന്‍റേഴ്‌സ് എംഡിയും നോർത്ത് മലബാർ പ്രിന്‍റേഴ്‌സ് ക്ലസ്‌റ്റർ പാർട്‌നറും പ്രിന്‍റേഴ്‌സ് അസോസിയേഷൻ ജില്ലാ ഖജാൻജിയുമാണ് അദ്ദേഹം.