കോട്ടയം: കോൺഗ്രസും കമ്മ്യൂണിസ്റ്റും അയോധ്യയിലെ പ്രാണ പ്രതിഷ്‌ഠാ ചടങ്ങിൽ പങ്കെടുത്തില്ല എങ്കിലും ആ നിലപാട് വിശ്വാസികൾ തള്ളി കളഞ്ഞുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുന്നണികൾ ഇത് മനസിലാക്കണം മുസ്ലിം മതന്യുനപക്ഷം പോലും ഇതിൽ എതിർപ്പ് പറഞ്ഞില്ല. വൈകിട്ട് വിലക്കുകൾ ലംഘിച്ച് ദീപങ്ങൾ തെളിയിക്കും. അയോധ്യ പ്രാണ പ്രതിഷ്‌ഠയുടെ ഭാഗമായി രാമപുരം നാലമ്പലത്തിൽ പ്രത്യേക ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് സുരേന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിച്ചത്.
അയോധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്‌ഠയോടനുബന്ധിച്ച് സംസ്ഥാനത്തും വിപുലമായ ആഘോഷ പരിപാടികളാണ് ബിജെപി ഒരുക്കിയത്. പ്രതിഷ്‌ഠയോടനുബന്ധിച്ച് ക്ഷേത്രങ്ങളും വീടുകളും കേന്ദ്രീകരിച്ച് ചടങ്ങുകൾ നടത്താനാണ് ബിജെപിയുടെയും, ഹിന്ദു സംഘടനകളുടെയും തീരുമാനം (BJP Celebrations On Pran Pratishtha).
രാമക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്‌ഠാ ചടങ്ങുകള്‍ പൂര്‍ത്തിയായി. രാമക്ഷേത്രത്തിലെ (Ayodhya Ram Temple) പ്രതിഷ്‌ഠാ ചടങ്ങ് എല്ലാവരേയും വികാരഭരിതരാക്കുന്ന അസാധാരണ നിമിഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) പറഞ്ഞു. ഈ ദൈവീക പരിപാടിയുടെ ഭാഗമാകാൻ കഴിഞ്ഞത് മഹാഭാഗ്യമാണെന്നും അദ്ദേഹം വിശദീകരിച്ചു. ഉച്ചയ്‌ക്ക് 12.20നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പ്രാണ പ്രതിഷ്‌ഠാ ചടങ്ങുകൾ ആരംഭിച്ചത്. 12 മണി 29 മിനിട്ട് എട്ട് സെക്കന്‍ഡ് മുതല്‍ 12 മണി 30 മിനിട്ട് 32 സെക്കന്‍ഡ് വരെയുള്ള അഭിജിത് മുഹൂര്‍ത്തത്തിലാണ് (84 സെക്കന്‍ഡ്) പ്രാണ പ്രതിഷ്‌ഠ നടന്നത്.
ചടങ്ങിന് സാക്ഷ്യം വഹിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ആരതി നടത്തി. വേദിയിൽ ദർശകരും പ്രമുഖരും ഉൾപ്പടെ ഏഴായിരത്തിലധികം ആളുകളാണ് ഉണ്ടായിരുന്നത്. ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേലും മുഖ്യമന്ത്രി യോഗി ആദിത്യനാഥും ആർഎസ്എസ് മേധാവി മോഹൻ ഭാഗവതും ചടങ്ങുകൾക്കായി ശ്രീകോവിലിനുള്ളിൽ സന്നിഹിതരായിരുന്നു. ഗണേശ്വര്‍ ശാസ്‌ത്രി ദ്രാവിഡിന്‍റെ മേല്‍നോട്ടത്തില്‍ വാരാണസിയില്‍ നിന്നുള്ള ആചാര്യന്‍ ലക്ഷ്‌മീകാന്ത് ദീക്ഷിത്താണ് ചടങ്ങിന് നേതൃത്വം നല്‍കിയത്.
അതേസമയം അയോധ്യ രാമക്ഷേത്രം ഭാരത സംസ്‌കാരത്തിൻ്റെ ഭാഗമാണെന്നും ഇത് അഭിമാനത്തിന്‍റെ ധന്യ മുഹൂർത്തമാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ (Ram Temple Is A Part Of Indian Culture;Arif Mohammed Khan) പറഞ്ഞു. രാമക്ഷേത്രത്തിന്‍റെ പ്രാണ പ്രതിഷ്‌ഠാ ചടങ്ങുകൾ തത്സമയം വീക്ഷിക്കുന്നതിന് ഗവർണർ തിരുവനന്തപുരം വഴുതക്കാട് രമാദേവി ക്ഷേത്രത്തിൽ എത്തി. 12.20 ന് പ്രതിഷ്‌ഠ ചടങ്ങുകൾ ആരംഭിച്ചപ്പോൾ ക്ഷേത്ര ഭാരവാഹികളും ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവരും ജയ് ശ്രീറാം വിളിച്ചും പുഷ്‌പവൃഷ്‌ടി നടത്തിയും മധുരം വിളിമ്പിയും ആഘോഷിച്ചു.
തലസ്ഥാനത്ത് വിവിധ ക്ഷേത്രങ്ങളിലായി 800 ഓളം കേന്ദ്രങ്ങളിലാണ് പ്രതിഷ്‌ഠാ ചടങ്ങുകളുടെ തത്സമയ സംപ്രേഷണം ഒരുക്കിയത്. മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ, അഖില ഭാരതീയ ധർമ്മ ജാഗരൺ സംയോജ് അനിൽ കാന്ത് ,ഐഎസ്ആർഒ മുൻ ചെയർമാൻ ജി മാധവൻ നായർ ,ആർഎസ്എസ് മുതിർന്ന പ്രചാരകന്മാരായ എസ് സേതുമാധവൻ, എ.ജയകുമാർ,ഹിന്ദു ഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി സി ബാബു കുട്ടൻ ആർഎസ്എസ് പ്രാന്ത സമ്പർക്ക പ്രമുഖ് എം ജയകുമാർ, സംവിധായകൻ വിനു കരിയത്ത്,തുടങ്ങി സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖർ രമാദേവി ക്ഷേത്രത്തിലെ ചടങ്ങുകളിൽ പങ്കെടുത്തു.