പത്തനംതിട്ട : ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചർച്ച് പരമാധ്യക്ഷൻ അത്തനാസിയോസ് യോഹാൻ മെത്രാപ്പൊലീത്ത (കെ പി യോഹന്നാൻ) അന്തരിച്ചു. 74 വയസായിരുന്നു. അമേരിക്കയില്‍ പ്രഭാത നടത്തത്തിനിടെ അപകടത്തില്‍ പെട്ട് ഗുരുതരാവസ്ഥയിൽ ഡാലസിലെ മെത്തഡിസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. നിരാലംബർക്ക് സ്വാന്തനമേകി ആതുരസേവനരംഗത്ത് നിറസാന്നിദ്ധ്യമായിരുന്ന വ്യക്തിത്വമാണ് വിടവാങ്ങിയത്.
ഇന്നലെ(മെയ് 7) ആണ് അപകടമുണ്ടായത്. അടിയന്തര ചികിത്സ നല്‍കിയെങ്കിലും രണ്ട് തവണ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്നാണ് മരണം. അപകടത്തെ തുടർന്ന് നടത്തിയ ശസ്ത്രക്രിയ വിജയമായിരുന്നുവെന്നും ആന്തരിക രക്തസ്രാവം തടയാൻ കഴിഞ്ഞുവെന്നും നേരത്തെ സഭയുടെ പിആർ ഫാദർ സിജോ പന്തപ്പള്ളില്‍ അറിയിച്ചിരുന്നു. എന്നാല്‍, ഹൃദയാഘാതമാണ് മരണത്തിന് ഇടയാക്കിയതെന്ന് സഭ അധികൃതർ പിന്നീട് വ്യക്തമാക്കി.
നാല് ദിവസം മുൻപാണ് കെ പി യോഹന്നാൻ അമേരിക്കയില്‍ എത്തിയത്. സാധാരണയായി ഡാലസിലെ ബിലീവേഴ്‌സ് ചർച്ചിന്‍റെ ക്യാമ്പസിനകത്താണ് അദ്ദേഹം പ്രഭാത നടത്തത്തിനിറങ്ങാറുള്ളത്. ഇന്നലെ രാവിലെ ഇന്ത്യൻ സമയം 5.15ന് പള്ളിയുടെ പുറത്ത് റോഡിലേക്ക് നടക്കാൻ ഇറങ്ങിയപ്പോഴാണ് വാഹനം ഇടിച്ചത്.
തിരുവല്ലയ്ക്കടുത്ത് അപ്പർകുട്ടനാട്ടിലെ നിരണത്ത് മാർത്തോമ്മ വിശ്വാസികളായ കടപ്പിലാരില്‍ വീട്ടില്‍ ചാക്കോ പുന്നൂസിന്‍റെ മകനായി 1950ലാണ് യോഹന്നാൻ ജനിച്ചത്. കൗമാരകാലത്ത് തന്നെ ബൈബിള്‍ പ്രഘോഷണത്തിലേക്ക് തിരിഞ്ഞു. പതിനാറാം വയസില്‍ 'ഓപ്പറേഷൻ മൊബിലൈസേഷൻ' എന്ന സംഘടനയുടെ ഭാഗമായി.
1974 ല്‍ അമേരിക്കയിലെ ഡാലസില്‍ ദൈവശാസ്ത്രപഠനത്തിന് ചേർന്നു. പിന്നീട് പാസ്റ്ററായി വൈദിക ജീവിതം. ഇതേ മേഖലയില്‍ സജീവമായിരുന്ന ജർമൻ സ്വദേശിനി ഗിസല്ലയെ വിവാഹം ചെയ്‌തു. 1978 ല്‍ ഭാര്യയുമായി ചേർന്ന് ഗോസ്‌പല്‍ ഫോർ ഏഷ്യ എന്ന സ്ഥാപനം തുടങ്ങി. നീണ്ട വിദേശവാസത്തിനു ശേഷം തിരുവല്ല ആസ്ഥാനമായി പ്രവർത്തിക്കാൻ യോഹന്നാൻ തീരുമാനിക്കുകയായിരുന്നു.
2003 ല്‍ ബീലീവേഴ്‌സ് ചർച്ച് എന്ന സഭയ്ക്ക് രൂപം നല്‍കി. ചുരുങ്ങിയ ചെലവില്‍ സാധാരണക്കാർക്ക് ചികിത്സ ഉറപ്പാക്കാൻ തിരുവല്ലയില്‍ മെഡിക്കല്‍ കോളജും തുടങ്ങി. 2017 ല്‍ ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചർച്ച് എന്ന് പേര് മാറ്റി. കെ പി യോഹന്നാൻ സഭയുടെ പ്രഥമ മെത്രാപ്പൊലീത്തയുമായി.
ഇന്ത്യയിലെ ഏറ്റവും വലിയ ശിശു സംരക്ഷണ പദ്ധതികളിലൊന്നായ ബ്രിഡ്‌ജ് ഓഫ് ഹോപ് സ്ഥാപിക്കുന്നതില്‍ അദ്ദേഹം മുൻഗണന നല്‍കി. ക്രിസ്ത്യൻ ജീവിതത്തെക്കുറിച്ചും ദൗത്യങ്ങളെക്കുറിച്ചും 200 ലധികം പുസ്‌തകങ്ങള്‍ രചിച്ചിട്ടുണ്ട്.
Also Read: പ്രശസ്‌ത സംവിധായകനും ഛായാഗ്രഹനുമായ സംഗീത് ശിവന്‍ അന്തരിച്ചു