തിരുവനന്തപുരം: ഗരുഡ പ്രീമിയം ബസിന്‍റെ ഡോർ ആദ്യയാത്രയിൽ തകർന്നുവെന്ന തരത്തിലുളള വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കി മാനേജ്മെന്‍റ്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നവകേരള സദസ് യാത്രയ്‌ക്ക് ഉപയോഗിച്ച ബസാണ് ഗരുഡ പ്രീമിയം എന്ന് പേര് മാറ്റി ഇന്ന് മുതൽ കോഴിക്കോട് - ബെംഗളൂരു റൂട്ടിൽ സർവീസ് ആരംഭിച്ചത്. ഇന്ന് രാവിലെ നാലുമണിക്ക് കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് ആദ്യ യാത്ര പുറപ്പെട്ട ഗരുഡ പ്രീമിയം ബസിൻ്റെ ഡോറിന് തകരാർ സംഭവിച്ചുവെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു.
ഇതിന് പിന്നാലെയാണ് മാനേജ്മെന്‍റ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ വിശദീകരണവുമായി രംഗത്തെത്തിയന്നത്. ബസിന് യാതൊരു മെക്കാനിക്കൽ തകരാറും ഇല്ല. ബസിൻ്റെ ഡോർ എമർജൻസി സ്വിച്ച് ആരോ അബദ്ധത്തിൽ ഓൺ ചെയ്‌തതിനാൽ ഡോർ മാന്വൽ മോഡിൽ ആയി. ഇത് റീസെറ്റ് ചെയ്യാതിരുന്നതാണ് തകരാറ് എന്ന രീതിയിൽ വാർത്ത പുറത്തുവരാൻ കാരണമെന്ന് ഫേസ്ബുക്ക് കുറിപ്പിൽ മാനേജ്‌മെന്‍റ് വ്യക്തമാക്കി.
ബസ് സുൽത്താൻ ബത്തേരിയിൽ എത്തിയശേഷം ഡോർ എമർജൻസി സ്വിച്ച് റീസെറ്റ് ചെയ്‌ത് യാത്ര തടരുകയാണ് ഉണ്ടായത്. ബസിന് ഇതുവരെ ഡോർ സംബദ്ധമായ യാതൊരു തകരാറും ഉണ്ടായിട്ടില്ല. പാസഞ്ചർ സേഫ്റ്റിയുടെ ഭാഗമായി അടിയന്തിര ഘട്ടത്തിൽ മാത്രം ഡോർ ഓപ്പൺ ആക്കേണ്ട സ്വിച്ച് ആരോ അബദ്ധത്തിൽ അമർത്തിയതാണ് ഇങ്ങനെ സംഭവിക്കാൻ കാരണം. ബസിൻ്റെ തകരാർ എന്ന തരത്തിൽ പുറത്തുവരുന്ന വാർത്തകൾ തീർത്തും അടിസ്ഥാന രഹിതമാണെന്നും മാനേജ്‌മെന്‍റ് കൂട്ടിച്ചേർത്തു.
Also Read: നവകേരള ബസ് യാത്രക്കാരുമായി കോഴിക്കോട്ടേക്ക് തിരിച്ചു: ബെംഗളൂരു സർവീസ് മെയ് 5 മുതൽ