കോഴിക്കോട് : ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിലെ പണയ സ്വർണ തട്ടിപ്പ് കേസിലെ ഇടനിലക്കാരന് വേണ്ടി ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ച് പൊലീസ്. തമിഴ്‌നാട് തിരുപ്പൂർ ടിസി മാർക്കറ്റ് രാജീവ് ഗാന്ധി നഗർ സ്വദേശി കാർത്തിക്കിന് വേണ്ടിയാണ് വടകര പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചത്. മുൻ ബാങ്ക് മാനേജർ മധ ജയകുമാർ തട്ടിയെടുത്ത സ്വർണത്തിൽ കുറച്ച് ഭാഗം വിവിധ ആളുകളുടെ പേരിൽ വിവിധ ബാങ്ക് ശാഖകളിൽ പണയം വയ്ക്കാൻ കൂട്ടുനിന്നത് കാർത്തിക് ആണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതോടെയാണ് കാർത്തിക് കേസിലെ രണ്ടാം പ്രതിയായത്.
ഇയാൾക്കു വേണ്ടി കേരള തമിഴ്‌നാട് പൊലീസ് ടീം തെരച്ചിൽ നടത്തിവരികയാണ്. കാർത്തിക് പറഞ്ഞതനുസരിച്ച് തിരുപ്പൂരിലെ ബാങ്കുകളിൽ പണയം വച്ചവർ ഇയാൾക്കെതിരെ അവിടുത്തെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഈ കേസുകളിലും കാർത്തിക് പ്രതിയാകും. ഇതിൽ നിന്നു രക്ഷപ്പെടാൻ കാർത്തിക് നൽകിയ മുൻകൂർ ജാമ്യഹർജി തിരുപ്പൂർ കോടതി തള്ളിയിരുന്നു. പിന്നാലെ ഹൈക്കോടതിയെ സമീപിച്ചിരിക്കുയാണ് പ്രതി.
വടകര ബ്രാഞ്ചിൽ നിന്ന് മുൻ മാനേജർ കവർന്ന 26 കിലോ സ്വര്‍ണത്തിൽ നാലര കിലോ സ്വർണം ഇയാൾ ഡിബിഎസ് ബാങ്ക് ശാഖയിൽ പണയംവച്ചിരുന്നു. കാത്തലിക് സിറിയൻ ബാങ്കിന്‍റെ നാല് ശാഖകളിൽ നിന്നായി ഒന്നേമുക്കാൽ കിലോ സ്വർണവും കണ്ടെടുത്തിരുന്നു. നഷ്‌ടപ്പെട്ട 26.244 കിലോഗ്രാം സ്വർണത്തിൽ 7 കിലോ സ്വർണമാണ് ഇതുവരെ കണ്ടെത്തിയത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
5 കിലോ 300 ഗ്രാം സ്വർണം ഡെവലപ്പ്മെന്‍റ് ബാങ്ക് ഓഫ് സിംഗപ്പൂരിന്‍റെ രണ്ടു ബ്രാഞ്ചുകളിൽ നിന്നുമാണ് കണ്ടെത്തിയത്. കവർച്ചക്കേസ് പ്രതി മധ ജയകുമാർ സ്വർണം ഇവിടെ പണയം വയ്ക്കുകയായിരുന്നു. കാർത്തിക്കുമായി ചേർന്നാണ് പണയം വച്ചത്. കാർത്തിന്‍റെ സുഹൃത്താണ് പ്രതി മധ ജയകുമാർ.
അതേ സമയം, ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിലെ സ്വർണ മോഷണത്തിലെ മുഖ്യ പ്രതി മുൻ മാനേജർ മധ ജയകുമാർ പണം ഉപയോഗിച്ചത് ഓൺലൈൻ ട്രേഡിങ്ങിനെന്ന് പൊലീസ് കണ്ടെത്തി. സ്വകാര്യ ഇൻഷുറൻസ് സ്ഥാപനത്തിലെ ജീവനക്കാരനുമായി ചേർന്നാണ് ഇയാൾ ഓൺലൈൻ ട്രേഡിങ് നടത്തിയത്. ഓൺലൈൻ ട്രേഡിങ്ങിൽ മധ ജയകുമാറിന്‍റെ ഭാര്യയും പങ്കാളിയാണ്. സ്വകാര്യ ധനകാര്യ സ്ഥാപനം ബാങ്കിൽ പണയംവച്ച 26 കിലോ സ്വർണമാണ് ബാങ്ക് മാനേജർ കൂടിയായ പ്രതി കവർന്നത്. വിവിധ ഘട്ടങ്ങളിലായാണ് സ്വർണം മോഷ്‌ടിച്ചത്.
Also Read: വടകര ബാങ്ക് ഓഫ് മഹാരാഷ്‌ട്ര തട്ടിപ്പ്: മുഖ്യപ്രതി റിമാന്‍ഡില്‍, കസ്റ്റഡിയിൽ വാങ്ങാൻ ക്രൈംബ്രാഞ്ച്