കാസർകോട്: മലബാറിലെ ട്രെയിൻ യാത്ര ദുരിതത്തിന് ആശ്വാസം നൽകുന്നതായിരുന്നു ബെംഗളൂരു - കണ്ണൂർ എക്‌സ്പ്രസ് ട്രെയിൻ കോഴിക്കോട് വരെ നീട്ടുന്നു എന്ന പ്രഖ്യാപനം. എന്നാൽ ഇക്കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ദക്ഷിണ കന്നട എംപി നളീൻ കുമാർ കട്ടീലിന് പിന്നാലെ കർണാടക മന്ത്രിയും സർവീസ് നീട്ടുന്നതിനെതിരെ രംഗത്ത് എത്തി.
റിസർവേഷൻ കോട്ട മംഗളൂരുവിന് നഷ്‌ടമാകുമെന്ന് ചൂണ്ടിക്കാട്ടി ദക്ഷിണ കന്നഡ ജില്ലയുടെ ചുമതലയുള്ള മന്ത്രി ദിനേഷ് ഗുണ്ടറാവു കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവിന് കത്തയച്ചിരുന്നു. ഇതോടെ കേരളത്തിലെ യാത്രക്കാർക്കും പ്രതീക്ഷ നഷ്‌ടപ്പെട്ടിരുന്നു. എന്നാൽ റെയിൽവേ മന്ത്രാലയത്തിന്‍റെ തീരുമാനത്തിൽ മാറ്റമുണ്ടാകില്ലെന്നാണ് പാസഞ്ചേഴ്‌സ് അമിനിറ്റി കമ്മിറ്റി മുൻ ചെയർമാനും ബിജെപി നേതാവുമായ പി.കെ. കൃഷ്‌ണദാസ് പറയുന്നത്. റെയിൽവേയുടെ തീരുമാനം നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാത്രി 9.35ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ രാവിലെ 10.55 ന് കണ്ണൂരിലും, 12.40 ന് കോഴിക്കോടും എത്തിച്ചേരും. ഉച്ചയ്ക്ക് 3.30 നാണ് ബെംഗളൂരുവിലേക്കുള്ള മടക്കയാത്ര. 2.45 ന് കോഴിക്കോട് നിന്ന് ചെന്നൈ മംഗളുരു ട്രെയിൻ വിട്ടാൽ പിന്നീട് വൈകിട്ട് അഞ്ചിന് പരശുറാം എകസ്പ്രസ് മാത്രമാണ് യാത്രക്കാർക്ക് ആശ്രയം. നിശ്ചയിച്ചതുപോലെ 3.30 ന് ബെംഗളൂരു എക്‌സ്‌പ്രസ് കോഴിക്കോട് നിന്ന് യാത്ര തുടങ്ങിയാൽ പരശുറാമിലെ ദുരിതയാത്രക്കും അത് പരിഹാരമാകും.
തലശ്ശേരി, വടകര, കൊയിലാണ്ടി സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം മംഗലാപുരം-ഗോവ വന്ദേഭാരത് ട്രെയിൻ കോഴിക്കോട്ടേക്ക് നീട്ടാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. നിലവിൽ സർവ്വീസിന് വരുമാനം കുറവാണ്. അതുകൊണ്ട് വണ്ടി കോഴിക്കോട്ടേക്ക് നീട്ടുന്നതിൽ അനുകൂല തീരുമാനമുണ്ടാവുമെന്നാണ് പ്രതീക്ഷ. മലബാർ മേഖലയിലെ യാത്രാക്ലേശം പരിഹരിക്കാൻ കൂടുതൽ മെമു സർവ്വീസ് ആരംഭിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതിനുള്ള നടപടിക്രമങ്ങളും തുടങ്ങിയിട്ടുണ്ട്. കൂടാതെ കോച്ചുകൾ കൂട്ടാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.