എറണാകുളം : പിഎഫ്ഐ നിരോധനവുമായി ബന്ധപ്പെട്ട രാജ്യദ്രോഹക്കേസിലും, പാലക്കാട് ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിലുമായി 17 പ്രതികൾക്ക് ജാമ്യം. രാജ്യദ്രോഹക്കേസിൽ 8 പ്രതികൾക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
കരമന അഷ്റഫ് മൗലവി, അബ്‌ദുൾ സത്താർ ഉൾപ്പടെ 6 പേരുടെ ജാമ്യ ഹർജികൾ തള്ളി. ശ്രീനിവാസൻ വധക്കേസിൽ 9 പേർക്ക് ജാമ്യം ലഭിച്ചു. 3 പ്രതികളുടെ ജാമ്യ ഹർജി തളളി. കർശന ഉപാധികളോടെയാണ് ഹൈക്കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചത്.
ജാമ്യം നേടിയ പ്രതികള്‍ ഒരു മൊബൈല്‍ നമ്പര്‍ മാത്രമേ ഉപയോഗിക്കാവൂ. ഈ മൊബൈല്‍ ഫോണ്‍ നമ്പര്‍ എന്‍ഐഎ അന്വേഷണ ഉദ്യോഗസ്ഥന് നല്‍കണം. കൂടാതെ പ്രതികളുടെ മൊബൈലില്‍ ലൊക്കേഷന്‍ എപ്പോഴും ഓണ്‍ ആയിരിക്കണം. ലൊക്കേഷന്‍ എന്‍ഐഎയ്ക്ക് തിരിച്ചറിയാനാവണം എന്നിങ്ങനെയാണ് ജാമ്യ വ്യവസ്ഥകൾ.
ശ്രീനിവാസൻ വധക്കേസ്, പിഎഫ്ഐ രാജ്യദ്രോഹക്കേസ് എന്നിവയിൽ നൽകിയ ജാമ്യ ഹർജികളെല്ലാം ഹൈക്കോടതി ഒരുമിച്ചാണ് കേട്ടത്. 2022 ഏപ്രിൽ 16നാണ് പാലക്കാട്ടെ ആർഎസ്എസ് നേതാവ് ശ്രീനിവാസനെ പിഎഫ്ഐ നേതാക്കളായ പ്രതികൾ കൊലപ്പെടുത്തിയത്.
Also Read: രഞ്ജിത് സിങ് വധക്കേസ്: ഗുർമീത് റാം റഹീം കുറ്റവിമുക്തന്‍