കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍നിന്ന് മതിയായ ചികിത്സ ലഭിക്കാത്തതിനെതുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച് വെന്‍റിലേറ്ററിലായിരുന്ന കുഞ്ഞ് മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവ്. അഡീഷനല്‍ ഡിഎംഒയ്ക്കാണ് അന്വേഷണ സമിതിയുടെ ചുമതല.
പുതുപ്പാടി കോരങ്ങല്‍ ഗിരീഷ് - ബിന്ദു ദമ്പതികളുടെ പെണ്‍കുഞ്ഞ് തിങ്കളാഴ്‌ച പുലർച്ചെ മരിച്ച സംഭവത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. പ്രസവ വേദനയെതുടർന്ന് 2024 ഡിസംബർ 13 ന് രാത്രി താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ കുട്ടിയുടെ തല പുറത്തേക്ക് വരുന്ന അവസ്ഥയിലായിരുന്നു. എന്നാല്‍, കൃത്യമായ പരിചരണം നല്‍കാതെ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സുമാർ കുട്ടി പുറത്തേക്ക് വരാതിരിക്കാൻ ഉടുത്തിരുന്ന പാവാട കീറി കെട്ടി ആംബുലൻസില്‍ കയറ്റി വിടുകയായിരുന്നുവെന്ന് ബിന്ദുവിന്‍റെ പരാതിയില്‍ പറയുന്നു.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തി പ്രസവം നടന്നെങ്കിലും കുട്ടിക്ക് ശ്വാസം ലഭിക്കാതെ തലച്ചോറിന് ക്ഷതം സംഭവിച്ച് അബോധാവസ്ഥയിലായി. ഇതേത്തുടർന്ന് മാസങ്ങളോളം കുഞ്ഞ് വെന്‍റിലേറ്ററില്‍ ചികിത്സയിലായിരുന്നു. കുട്ടിയുടെ ആരോഗ്യപ്രശ്‌നത്തിന് കാരണമായ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് വകുപ്പ് മന്ത്രി, ഡിഎംഒ, ജില്ല പൊലീസ് മേധാവി എന്നിവർക്കാണ് പരാതി നല്‍കിയിരിക്കുന്നത്.
Also Read: പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവം : നയാസിന്‍റെ ആദ്യ ഭാര്യയുടെ മകളും പ്രതി