പത്തനംതിട്ട : അടൂർ ഏഴംകുളം ദേവി ക്ഷേത്രത്തില്‍ 'ഗരുഡൻ തൂക്ക' വഴിപാടിനിടെ താഴെ വീണ് പത്തു മാസം പ്രായമുള്ള കുഞ്ഞിന് പരിക്കേറ്റ സംഭവത്തില്‍ കൂടുതല്‍ പേരെ പ്രതി ചേര്‍ത്ത് പൊലീസ്. കുഞ്ഞിന്‍റെ അമ്മയെയും, ക്ഷേത്ര ഭരണസമിതി പ്രസിഡന്‍റിനെയും, സെക്രട്ടറിയേയുംഅടൂർ പൊലീസ് പ്രതി ചേർത്തു. ജുവനൈല്‍ ജസ്‌റ്റിസ് കെയര്‍ ആന്‍റ് പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ആക്‌ട് കൂടി ഉള്‍പ്പെടുത്തിയാണ് കേസെടുത്തിരിക്കുന്നത്.
'തൂക്കവില്ലി'ലെ തൂക്കക്കാരൻ അടൂർ സ്വദേശി സിനുവിനെ കേസില്‍ നേരെത്തെ പ്രതി ചേർത്തിരുന്നു. തുടർന്നാണ് കുട്ടിയുടെ അമ്മയേയും ക്ഷേത്ര ഭാരവാഹികളേയും ചേർത്ത് പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ പൊലീസ് സ്വമേധയ കേസെടുക്കുകയായിരുന്നു.
സിനുവിന്‍റെ അശ്രദ്ധ കൊണ്ടാണ് കുഞ്ഞിന് വീണ് പരിക്കേറ്റതെന്നാണ് എഫ്‌ഐആറിലുള്ളത്. ദിവസങ്ങൾക്കു മുൻപ് ക്ഷേത്രത്തിലെ ഉത്സവത്തിന്‍റെ ഭാഗമായി രാത്രിയിൽ നടന്ന കുട്ടിയേയും എടുത്തുകൊണ്ടുള്ള തൂക്ക വഴിപാടിനിടെയാണ് കുട്ടി തൂക്കക്കാരന്‍റെ കയ്യിൽ നിന്നും താഴേക്കു വീണത്.
ഉയരത്തിൽ നിന്നും വീണ് പരിക്കേറ്റതിനെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സംഭവത്തില്‍ നടപടിയെടുക്കാൻ സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ നിർദ്ദേശം നല്‍കിയിരുന്നു. ബാലാവകാശ കമ്മീഷന്‍റെ നിർദ്ദേശപ്രകാരം ശിശുക്ഷേമ സമിതിയും അന്വേഷണം നടത്തുന്നുണ്ട്.
വീട്ടിൽ പ്രസവം ; തിരുവനന്തപുരത്ത് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഭർത്താവ് കസ്‌റ്റഡിയിൽ : വീട്ടില്‍ പ്രസവിച്ച അമ്മയും കുഞ്ഞും മരിച്ചു. തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്ന ഷമീറ ബീവി (35) ആണ് മരിച്ചത്. പ്രസവത്തെ തുടര്‍ന്നുണ്ടായ അമിത രക്തസ്രാവത്തെ തുടര്‍ന്ന് ഫെബ്രുവരി 20 നായിരുന്നു മരണം (Woman And Baby Dies).
വീട്ടില്‍വച്ച് പ്രസവിക്കാന്‍ പ്രേരിപ്പിച്ച പൂന്തുറ സ്വദേശിയായ ഭര്‍ത്താവ് നയാസിനെ നേമം പൊലീസ് കസ്‌റ്റഡിയിലെടുത്തു. ഷമീറ പൂര്‍ണ ഗര്‍ഭിണിയായപ്പോള്‍ തന്നെ ആരോഗ്യവകുപ്പ് അധികൃതരും ഡോക്‌ടറും ആശുപത്രിയില്‍ എത്തിച്ച് വിദഗ്‌ധ ചികിത്സ നല്‍കണമെന്ന് പലവട്ടം ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഇതിന് കൂട്ടാക്കാതെ പ്രസവം വീട്ടില്‍ മതിയെന്ന് നിയാസ് വാശി പിടിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസടക്കം വിഷയത്തില്‍ ഇടപെട്ടിരുന്നു. ചൊവ്വാഴ്‌ച (20-02-2024) ഉച്ചയ്ക്ക് ശേഷമാണ് ഷമീറയ്ക്ക് പ്രസവ വേദനയുണ്ടായത്. പിന്നാലെ അമിത രക്തസ്രാവവും ഉണ്ടായി.
ബോധരഹിതയായ ഷമീറയെ കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അമ്മയും കുഞ്ഞും നേരത്തെ തന്നെ മരണപ്പെട്ടെന്ന് ഡോക്‌ടര്‍മാര്‍ അറിയിച്ചു. പാലക്കാട് സ്വദേശിനിയാണ് ഷമീറ. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. ഷമീറയ്ക്കും നയാസിനുമായി രണ്ട് കുഞ്ഞുങ്ങളുണ്ട്.
മരണത്തില്‍ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം നടത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. കൂടുതല്‍ പരിശോധനയ്ക്കായി പൊലീസ് ഇവരുടെ വീട് സീല്‍ ചെയ്‌തു, മാത്രമല്ല അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.