കോഴിക്കോട് : അഞ്ചുദിവസം മുമ്പ് മോഷണം പോയ ഓട്ടോറിക്ഷ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം സ്വദേശിയായ വിജേഷിൻ്റെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയാണ് മോഷണം പോയത്. എട്ടാം തീയതി രാത്രിയാണ് കോഴിക്കോട് മെഡിക്കൽ കോളജ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്‌പിറ്റലിന് സമീപത്ത് റോഡരികിൽ ഓട്ടോറിക്ഷ നിർത്തിയിട്ടിരുന്നത്.
രാവിലെ ഓട്ടോറിക്ഷ എടുക്കാൻ എത്തിയപ്പോൾ നിർത്തിയിട്ട ഭാഗത്ത് ഓട്ടോറിക്ഷ കണ്ടില്ല. ആദ്യം പരിസരത്തെല്ലാം തെരഞ്ഞെങ്കിലും ഓട്ടോറിക്ഷ എവിടെയും കാണാൻ സാധിച്ചില്ല. തുടർന്ന് മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകി. പൊലീസ് പരിസരത്തെ സിസിടിവികൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഒരു തുമ്പും ലഭിച്ചില്ല.
അതിനിടയിലാണ് തടമ്പാട്ട് താഴത്തെ റോഡരികിൽ ഓട്ടോറിക്ഷ ഉപേക്ഷിച്ച നിലയിൽ പൊലീസ് കണ്ടെത്തുന്നത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ബാലുശ്ശേരിയിൽ മലഞ്ചരക്ക് കടയിൽ നടന്ന മോഷണത്തിത്തിനു ശേഷം മോഷണ മുതൽ കടത്തിയത് ഈ ഓട്ടോറിക്ഷയിൽ ആണെന്ന് കണ്ടെത്തി.
മോഷ്‌ടാക്കൾ മെഡിക്കൽ കോളജിന് സമീപത്ത് നിന്നും ഓട്ടോറിക്ഷ മോഷ്‌ടിച്ച് കൊണ്ടുപോവുകയും ബാലുശ്ശേരിയിലെ മോഷണവസ്‌തുക്കൾ കടത്തുകയും ചെയ്‌ത ശേഷം തടമ്പാട്ട് താഴത്ത് ഉപേക്ഷിച്ചു എന്നാണ് പൊലീസിൻ്റെ നിഗമനം. മെഡിക്കൽ കോളജ് എസ് ഐ ടി കാസിം, സീനിയർ സിവിൽ പൊലീസ് ഓഫിസർ ഫൈസൽ, സിവിൽ പൊലീസ് ഓഫിസർ കിഷോർ എന്നിവരുടെ നേതൃത്വത്തിലാണ് ഈ അന്വേഷണം നടത്തിയത്.