കോഴിക്കോട്: മാവൂരിൽ മകൻ്റെ ശസ്ത്രക്രിയ നടത്താൻ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിയ യുവാവിൻ്റെ ഓട്ടോറിക്ഷ മോഷണം പോയതായി പരാതി. അരീക്കാട് സ്വദേശി കുണ്ടുകരുവാട്ടില്‍ കെ കെ രജീഷിൻ്റെ ഓട്ടോറിക്ഷയാണ് മോഷണം പോയത്. കെ എല്‍ 8 എ എക്‌സ് 9349 നമ്പറിലുള്ള ഓട്ടോയില്‍ തിങ്കളാഴ്‌ച (ജൂലൈ 29) രാത്രിയാണ് രജീഷ് നാല് വയസുള്ള മകനുമൊത്ത് കോഴിക്കോട് മെഡിക്കല്‍ കോളജിൽ എത്തിയത്.
അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്‌ക്കിടെ അടിയന്തിര ശസ്ത്രക്രിയക്കായി മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. ചൊവ്വാഴ്‌ചയും ബുധനാഴ്‌ച വൈകിട്ട് വരെയും ഓട്ടോ പാര്‍ക്ക് ചെയ്‌ത സ്ഥലത്ത് തന്നെ ഉണ്ടായിരുന്നു. ബുധനാഴ്‌ച (ജൂലൈ 31) രാത്രിയിലാണ് ഓട്ടോ മോഷണം പോയത്. പരാതിയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളജ് പൊലീസ് അന്വേഷണം ആരംഭിച്ചു.
ഓട്ടോ പാര്‍ക്ക് ചെയ്‌ത സ്ഥലത്തിന് സമീപത്തായുള്ള ഇന്ത്യന്‍ കോഫി ഹൗസിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. എന്നാല്‍ രാത്രിയിലെ ദൃശ്യങ്ങള്‍ അവ്യക്തമായതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ഓട്ടോ ഓടിച്ച് കുടുംബം പുലര്‍ത്തിയിരുന്ന രജീഷിൻ്റെ ഏക വരുമാന മാര്‍ഗമാണ് മോഷണത്തോടെ ഇല്ലാതായിരിക്കുന്നത്.
ഒരു മാസം മുമ്പും മെഡിക്കൽ കോളജിന് സമീപം നിർത്തിയിട്ട ഓട്ടോറിക്ഷ മോഷണം പോയിരുന്നു. ഈ ഓട്ടോറിക്ഷ പിന്നീട് തടമ്പാട്ട് താഴത്ത് റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. അന്വേഷണത്തിൽ അന്ന് മോഷണം പോയ ഓട്ടോറിക്ഷ കണ്ണൂർ വടകര തുടങ്ങിയ ഭാഗങ്ങളിൽ മോഷണത്തിന് ഉപയോഗിച്ച ശേഷം തടമ്പാട്ട് താഴത്ത് ഉപേക്ഷിച്ചതായി കണ്ടെത്തിയിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് പരിസരത്ത് ഓട്ടോറിക്ഷ മോഷണം പോകുന്നത് ഇപ്പോൾ പതിവാകുകയാണ്.
Also Read: മോഷണം പോയ ഓട്ടോറിക്ഷ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി