കോട്ടയം: കുമരകത്ത് ശക്തമായ കാറ്റിലും, മഴയിലും വൻ നാശനഷ്‌ടം. ചുഴലിക്കാറ്റിന് സമാനമായ അതിശക്തമായ കാറ്റിൽ ഒന്നാം കലുങ്കിനും, രണ്ടാം കലുങ്കിനും ഇടയിലുള്ള റോഡിൽ സഞ്ചരിക്കുകയായിരുന്ന വാഹനങ്ങൾ നിയന്ത്രണം തെറ്റി മറിഞ്ഞു. ബുധനാഴ്‌ച വൈകുന്നേരം 6.30 ഓടെയാണ് സംഭവം.
സംഭവത്തിൽ ബൈക്ക് നിയന്ത്രണം തെറ്റി മറിയുകയും, വീടിന് മുകളിലേക്ക് പരസ്യ ബോർഡുകൾ മറിയുകയും ചെയ്‌തു. പ്രദേശത്തെ വീടുകളുടെയും, സ്ഥാപനങ്ങളുടെയും മേൽക്കൂരയും വാട്ടർ ടാങ്കുമടക്കം കാറ്റിൻ നിലം പൊത്തി.
യാത്രക്കിടെ ഓട്ടോറിക്ഷ റോഡരികിലെ പാടത്തേക്ക് മറിയുകയായിരുന്നു. ഇതേ സമയം എതിരേ വരുകയായിരുന്ന ബൈക്കും കാറ്റിൽ ദിശ തെറ്റി മറിഞ്ഞു. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അതുവഴി പോയ കാറിന്‍റെ ഫ്രണ്ട് ക്യാമറയിൽ പതിഞ്ഞ വീഡിയോയിൽ ഓട്ടോ മറിയുന്ന ദൃശ്യങ്ങൾ വ്യക്തമായി കാണാം.
രണ്ടാം കലുങ്കിന് സമീപമുള്ള, ഫോട്ടോഗ്രാഫറായ റെജിയുടെ വീടിന് മുകളിലേക്ക് പരസ്യ ബോർഡ് വീണ് നാശനഷ്‌ടം ഉണ്ടായി. കൃഷി ആവശ്യങ്ങൾക്കായുള്ള നെൽവിത്തും, കക്കയും ഉപകരണങ്ങളും സൂക്ഷിച്ചിരുന്ന ഷെഡിന്‍റെ മേൽക്കൂര ഷീറ്റ് തകരുകയും ഏത്തവാഴ കൃഷി നശിക്കുകയും ചെയ്‌തു. വാട്ടർ ടാങ്ക് സ്ഥാനം തെറ്റി നിലത്ത് വീണു. വഴിയോരത്തെ കടയുടെ ഫ്രണ്ട് ഗ്ലാസ് പൂർണ്ണമായും തകർന്നു. വൈദ്യുതി ബന്ധവും തടസപ്പെട്ടു.