കോട്ടയം: പാലാ കൊഴുവനാലിൽ ഓട്ടിസം ബാധിച്ച കുട്ടികളെ വളർത്താൻ മാർഗമില്ലാത്തതിന്‍റെ പേരിൽ ദയാവധം ആവശ്യപ്പെട്ട കുടുംബത്തിന്‍റെ ദുരവസ്ഥയ്ക്ക് പരിഹാരം. പ്രശ്‌നത്തിൽ കോട്ടയം ജില്ല ശിശുക്ഷേമ സമിതി ഇടപെട്ടു. ശിശുക്ഷേമ സമിതി അധികൃതർ വീട്ടിൽ എത്തി കുട്ടികളുടെ ചികിത്സയ്ക്കായി അടിയന്തര നടപടി എടുക്കുമെന്ന് കുടുംബത്തിന് ഉറപ്പുനൽകി.
ഓട്ടിസം ബാധിച്ച തങ്ങളുടെ കുട്ടികളെ പരിപാലിക്കാൻ കഴിയാതെ ബുദ്ധിമുട്ടിലായിരുന്നു സ്‌മിതയും ഭർത്താവ് മനുവും. ദമ്പതികൾക്ക് മൂന്നു കുട്ടികളാണ് ഉള്ളത്. ഇതിൽ ഇളയ രണ്ടു കുട്ടികൾ SWCAH എന്ന അപൂർവ്വരോഗം ഉള്ളവരാണ്. ഇവരിൽ അപൂർവ്വ രോഗത്തോടൊപ്പം 90% ഓട്ടിസം ബാധിതനാണ് ഒൻപത് വയസ് പ്രായമുള്ള മൂത്ത കുട്ടി. ഇത്തരത്തിൽ ഓട്ടിസം ബാധിച്ച ഇന്ത്യയിലെ തന്നെ ഏക കുട്ടിയാണിത്.
രോഗബാധിതരായ മക്കളെ വളര്‍ത്താന്‍ മാര്‍ഗമില്ലാതെ ദയാവധത്തിന് അനുമതി തേടാൻ ഒരുങ്ങിയ കുടുംബത്തിന് ഒടുവിൽ സഹായ വാഗ്ദ്ധാനവുമായി ജില്ല ശിശു ക്ഷേമ സമിതി എത്തുകയായിരുന്നു. ശിശുക്ഷേമ സമിതി ചെയർമാൻ ഡോക്‌ടർ അരുൺ കുര്യന്‍റെ നേതൃത്വത്തിലാണ് ശിശുക്ഷേമ സമിതി അംഗങ്ങൾ സ്‌മിതയുടെ വീട്ടിലെത്തിയത്. രോഗബാധിതരായ രണ്ട് കുട്ടികളുടെയും അവസ്ഥ സമിതി നേരിട്ട് മനസിലാക്കി. കുട്ടികൾക്ക് മതിയായ പരിചരണവും ചികിത്സയും നൽകാൻ നടപടികൾ ഉറപ്പാക്കുമെന്ന് ശിശുക്ഷേമ സമിതി അധ്യക്ഷൻ പറഞ്ഞു.
ശിശുക്ഷേമ സമിതിയുടെ ഇടപെടൽ ഉണ്ടായത് ദമ്പതികൾക്ക് ആശ്വാസമായി. അതേസമയം മാതാപിതാക്കളിൽ ഒരാൾക്ക് ജോലി നൽകണമെന്ന കുടുംബത്തിൻ്റെ ആവശ്യത്തിൽ തീരുമാനമായില്ല. 2022ൽ കൊഴുവനാൽ പഞ്ചായത്തിൽ ജോലി നൽകാൻ തീരുമാനിച്ചെങ്കിലും ഇതുവരെയും നടപടി ഉണ്ടായില്ലെന്നാണ് കുടുംബം പറയുന്നത്. വിഷയം കലക്‌ടറടക്കം ഉന്നത ഉദ്യോഗസ്ഥരുടെയും സർക്കാരിന്‍റെയും ശ്രദ്ധയിൽപ്പെടുത്തും
ഓട്ടിസം ബാധിച്ച കുട്ടികളുടെ മാതാവിന്‍റെ പരാതി: ജോലിക്കായുള്ള അപേക്ഷ പഞ്ചായത്ത് തടഞ്ഞു വച്ചതായി ഓട്ടിസം ബാധിച്ച കുട്ടികളുടെ അമ്മ പരാതിപ്പെട്ടിരുന്നു. പാലാ കൊഴുവനാൽ പഞ്ചായത്തിലെ സ്‌മിത ആൻ്റണിയാണ് ഉദ്യോഗസ്ഥ തലത്തിൽ നിന്നുള്ള നടപടി മൂലം ദുരിതത്തിലായത്. ഓട്ടിസം ബാധിച്ച തങ്ങളുടെ കുട്ടികളെ പരിപാലിക്കാൻ കഴിയാതെ ബുദ്ധിമുട്ടിലാണ് സ്‌മിതയും ഭർത്താവ് മനുവും.
കുട്ടികളുടെ ചികിത്സയ്ക്കും സംരക്ഷണത്തിനുമായി സ്‌മിതയ്ക്ക് ജോലി നൽകാൻ 5. 11.2022 ൽ നടന്ന പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുത്തിരുന്നു. എന്നാൽ ഇതു സംബന്ധിച്ചുള്ള ഫയൽ ഒരു വർഷവും ഒരു മാസവും കഴിഞ്ഞാണെന്ന് പഞ്ചായത്ത് സെക്രട്ടറി മേൽ തട്ടിലേക്ക് അയച്ചതെന്ന് സ്‌മിത പറയുന്നു. കുട്ടികളെ സംരക്ഷിക്കുന്നതിനായി സർക്കാരിൽ നിന്ന് യാതൊരു സഹായവും ലഭിക്കാതെ വന്നതോടെ ജപ്‌തിയുടെ വക്കിലാണ് കുടുംബം. ഇതേ തുടർന്ന് കുട്ടികളുടെ ദയാവധത്തിന് കോടതിയെ സമീപിക്കുകയാണെന്ന് സ്‌മിതയും കുടുംബവും മാധ്യമങ്ങളോട് പറഞ്ഞിരുന്നു.