തിരുവനന്തപുരം : തിളച്ചുതൂവുന്ന പൊങ്കാല ആറ്റുകാലമ്മയ്ക്ക് (Attukal Pongala 2024) നൈവേദ്യമായി സമർപ്പിക്കാനുള്ള തയാറെടുപ്പിലാണ് ഭക്തലക്ഷങ്ങൾ. ആപത്തുകളിൽ നിന്നും രക്ഷ നേടുന്നതിനും ആഗ്രഹ സാഫല്യത്തിനും വേണ്ടിയാണ് ആറ്റുകാലമ്മയ്ക്ക് പൊങ്കാലയർപ്പിക്കുന്നത് എന്നാണ് വിശ്വാസം.
മൺകലത്തിൽ പൊങ്കാല ഇട്ടാൽ മാത്രമേ ആറ്റുകാലമ്മയ്‌ക്ക് ഇഷ്‌ട പ്രസാദമായി മാറുള്ളൂവെന്നാണ് ഭക്തരുടെ വിശ്വാസം. പൊങ്കാല പായസം, തെരളി, മണ്ടപ്പുറ്റ്, കടുംപായസം തുടങ്ങിയവയാണ് ആറ്റുകാലമ്മയ്ക്ക് പ്രിയപ്പെട്ട നിവേദ്യങ്ങൾ. ഈ വിഭവങ്ങൾ ദേവിക്ക് നിവേദ്യമായി സമർപ്പിക്കുന്നതിന് പിന്നിൽ ഓരോ കാരണങ്ങളുമുണ്ട്. ഭക്തരുടെ നേർച്ച അനുസരിച്ചാണ് ഓരോ വിഭവങ്ങളും തയ്യാറാക്കുന്നത്.
തലയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ മാറുന്നതിനും രോഗപീഡകളിൽ നിന്നും മുക്തി നേടുന്നതിനുമാണ് ആറ്റുകാൽ അമ്മയുടെ ഇഷ്‌ട നിവേദ്യമായി മണ്ടപ്പുറ്റ് തയാറാക്കുന്നതെന്നാണ് സങ്കല്‍പ്പം. തലയുടെ രൂപത്തിൽ കൈകൊണ്ട് കുഴച്ച് ഉരുട്ടിയെടുക്കുകയും ശേഷം അത് ആവിയിൽ വേവിച്ചെടുക്കുകയുമാണ് ചെയ്യുന്നത്. വറുത്ത ചെറുപയർ നന്നായി പൊടിച്ചെടുത്ത് അതിലേക്ക് ശർക്കര, ഏലയ്ക്ക, നെയ്യ്, മുന്തിരി, നെയ്യിൽ വറുത്തെടുത്ത കൊട്ടത്തേങ്ങ, കൽക്കണ്ടം, ചിരകിയ നാളികേരം എന്നിവ ചേർത്ത് കുഴച്ച് ഉരുളയാക്കി എടുത്ത് ഒരു വശം രണ്ട് കുത്തിടണം.
ശേഷം ആവിയിൽ വേവിച്ചെടുത്താൽ മണ്ടപ്പുറ്റ് തയ്യാറാകും. ആറ്റുകാല്‍ പൊങ്കാല നേര്‍ച്ചയിലെ മറ്റൊരു പ്രധാന വിഭവമാണ് തെരളി അപ്പം. കുമ്പിളപ്പമെന്നും വയനയില അപ്പം എന്നും ഇതിനുപറയും. ദേവീദേവന്മാർക്കെല്ലാം ഇഷ്‌ട വഴിപാടാണ് തെരളിയെന്നാണ് വിശ്വാസം. തെരളി ദേവിക്ക് നിവേദ്യമായി സമർപ്പിക്കുന്നതിലൂടെ കാര്യസിദ്ധിയുണ്ടാകുമെന്നുമാണ് സങ്കല്‍പ്പം.