കണ്ണൂർ : അഴീക്കലിലെ ബിജെപി പ്രവർത്തകരെ ആക്രമിച്ച കേസിൽ അർജുൻ ആയങ്കി ഉൾപ്പടെ സിപിഎം പ്രവർത്തകരായ എട്ടുപേരെ അഞ്ചുവർഷം തടവ് ശിക്ഷയ്‌ക്കും 25,000 രൂപ പിഴ അടയ്ക്കാനും ഉത്തരവിട്ട് കോടതി. വെള്ളക്കലിലെ ബിജെപി പ്രവർത്തകരായ കല്ലിക്കോട്ട് വീട്ടിൽ കെ നിതിൻ, കല്ലക്കുടിയൻ വീട്ടിൽ കെ നിഖിൽ എന്നിവരെ ആക്രമിച്ച കേസിലാണ് കണ്ണൂർ അസിസ്റ്റൻ്റ് സെഷൻസ് കോടതി ശിക്ഷിച്ചത്.
2017 നവംബർ 11 ന് ആണ് കേസിനാസ്‌പദമായ സംഭവം നടന്നത്. അർജുൻ ആയങ്കി ഉൾപ്പെടെ എട്ടു പേരടങ്ങുന്ന സംഘം നിതിൻ, നിഖിൽ എന്നിവരെ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ഇരുമ്പ് കമ്പി, വാൾ എന്നിവ ഉപയോഗിച്ച് ആക്രമിച്ചുവെന്നാണ് കേസ്. പ്രോസിക്യൂഷൻ്റെ ഭാഗത്ത് നിന്നും 11 സാക്ഷികളെയും 27 രേഖകളും ഹാജരാക്കി.
അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ പി രാജേന്ദ്ര ബാബുവാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്. വളപട്ടണം പൊലീസ് സ്റ്റേഷനിലെ അന്നത്തെ സബ് ഇൻസ്പെക്‌ടർ എം രവി, ശ്രീജിത്ത് കോടേരി എന്നിവരാണ് കേസ് അന്വേഷിച്ചത്.
വെള്ളക്കൽ സ്വദേശികളായ പൂച്ചിറ വളപ്പിൽ സജിത്ത്, ജോബ് ജോൺസൺ, കെ സുജിത്ത്, എം വി ലജിത്ത്, അർജുൻ ആയങ്കി, കെ സുമിത്ത്, സി സായൂജ്, കെ ശരത്ത് എന്നിവരെയാണ് അസിസ്റ്റൻ്റ് സെഷൻ ജഡ്‌ജി രഘുനാഥ് ശിക്ഷിച്ചത്. പ്രതികളെ കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡ് ചെയ്‌തു.
Also Read: ഏഴു വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസ്; ക്ഷേത്ര പൂജാരിക്ക് 20 വർഷം കഠിനതടവ്