ഇടുക്കി: സ്വകാര്യഭൂമിയിൽ മരം വെച്ചുപിടിപ്പിക്കാനുള്ള വനം വകുപ്പിന്‍റെ പ്രോത്സാഹന പദ്ധതിക്കെതിരെ കർഷക സംഘടനകൾ. സാമൂഹിക വനവത്കരണ വിഭാഗം നടപ്പാക്കുന്ന പദ്ധതി പ്രകാരം മരം വെച്ചുപിടിപ്പിച്ചാൽ കർഷകർക്ക് പ്രോത്സാഹനത്തുക കിട്ടും. എന്നാൽ, ഭാവിയിൽ ഈ മരങ്ങൾ വെട്ടാനുള്ള അനുമതിയില്ല. പദ്ധതികൊണ്ട് കർഷകന് ഒരു ഗുണവുമില്ലെന്നും ഭാവിയിൽ ദോഷമുണ്ടാകാൻ സാധ്യതയുണ്ടെന്നും കർഷക സംഘടനായ അതിജീവന പോരാട്ടവേദി ആരോപിച്ചു.
പദ്ധതി പ്രകാരം തേക്ക്, ചന്ദനം, മഹാഗണി, ആഞ്ഞിലി, പ്ലാവ്, ഈട്ടി, കമ്പകം, കുമ്പിൾ എന്നീ വൃക്ഷത്തൈകൾ പട്ടയഭൂമിയിൽ കർഷകർക്ക് വെച്ചുപിടിപ്പിക്കാം. കർഷകരും സോഷ്യൽ ഫോറസ്ട്രിയുമായി ഒരു ഉടമ്പടിയും വെയ്ക്കും. അതിൻ്റെ വിശദാംശങ്ങൾ നിലവിൽ വ്യക്തമല്ല. ഓഗസ്റ്റ് 20നാണ് അപേക്ഷ നൽകേണ്ട അവസാന തീയതി.
50 മുതൽ 200 വരെ തൈകൾ 50 രൂപ നിരക്കിലും, 51 മുതൽ 625 തൈകൾ വരെ 30 രൂപയ്ക്കും സോഷ്യൽ ഫോറസ്ട്രി നൽകും. 200 തൈകൾ വെച്ചു പിടിപ്പിച്ചാൽ 10,000 രൂപയും 625 വരെ വെച്ചുപിടിപ്പിച്ചാൽ 16,000 രൂപയും പ്രോത്സാഹനത്തുക കിട്ടും. എന്നാൽ, പദ്ധതിയിൽ കർഷകനുള്ള ഗുണം ഇതുകൊണ്ട് തീരുമെന്നാണ് കർഷകസംഘടനകൾ പറയുന്നത്.
ഇടുക്കി ജില്ലയിൽ 1960ന് ശേഷം നൽകിയിരിക്കുന്ന പട്ടയവ്യവസ്ഥകൾ പ്രകാരം തേക്ക്, ഈട്ടി തുടങ്ങിയ മരങ്ങൾ വെട്ടുന്നതിന് അനുമതിയില്ല. 1993ലെ ചട്ടവ്യവസ്ഥകൾ പ്രകാരം പട്ടയഭൂമിയിലെ ഒരു മരവും വെട്ടാൻ പാടില്ല. കർഷകൻ വെച്ചുപിടിപ്പിക്കുന്ന മരങ്ങൾ അത്യാവശ്യ കാര്യങ്ങളുണ്ടായാലും വെട്ടാൻ കഴിയാത്ത അവസ്ഥയുണ്ട്. മരങ്ങൾ അപകടാവസ്ഥയിൽ ആണെങ്കിൽപ്പോലും വെട്ടണമെങ്കിൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ കാലുപിടിക്കണം. ഇങ്ങനെ മരം വെട്ടിയതിന് ജയിലിലായ കർഷകരുമുണ്ട്. ഈ പശ്ചാത്തലത്തിലാണ് പുതിയ പദ്ധതിയെ കർഷകർ എതിർക്കുന്നത്.
ഇപ്പോൾ കിട്ടുന്ന തുച്ഛമായ തുകയ്ക്കായി, നിർധനരായ കർഷകർ മരങ്ങൾ വെച്ചുപിടിപ്പിക്കും. വളർന്നുകഴിഞ്ഞാൽ അതിൽ തൊടാൻ കഴിയില്ല. അവരുടെ മക്കൾക്ക് വീടുവെയ്ക്കാൻ സ്ഥലമൊരുക്കുന്നതിനുപോലും ഈ മരങ്ങൾ വെട്ടാൻ കഴിയില്ല. മലയോര ജനതയെ കുടിയിറക്കാൻ പലയിടത്തും വനം വകുപ്പ് ശ്രമിക്കുന്നുണ്ട്. വനവത്കരണം നടത്തി ഇതും പറഞ്ഞ് കർഷകരെ കുടിയിറക്കുമോയെന്നും ആശങ്കയുണ്ട്. പദ്ധതിയിൽ കർഷകർക്കുള്ള ചതിക്കുഴിയുണ്ട് എന്ന് അതിജീവന പോരാട്ടവേദി ചെയർമാൻ റസാഖ് ചൂരവേലി ആരോപിക്കുന്നു.
എന്നാൽ, മരങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്നും മറിച്ചുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും സോഷ്യൽ ഫോറസ്ട്രി വിഭാഗം പറയുന്നു.
Also Read: മരക്കച്ചവടത്തിന് ലഭിച്ചത് അസാധുവാക്കിയ 2000 രൂപ; തട്ടിപ്പിനിരയായി വയോധികന്‍