എറണാകുളം: മൂവാറ്റുപുഴയിൽ ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. മൂവാറ്റുപുഴ തവള കവലയിലെ വാടക വീട്ടിലെ ടെറസിൽ അസം സ്വദേശി ബാബുൽ ഹുസൈനെയാണ് (40) തിങ്കളാഴ്‌ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വീടിൻ്റെ ഔട്ട് ഹൗസില്‍ താമസിച്ചിരുന്ന ബാബുലിനെ വീട്ടുടമ തോമസിൻ്റെ സഹോദരന്‍ വര്‍ഗീസാണ് മരിച്ച നിലയില്‍ കണ്ടത്. ഈ വീട്ടിൽ ദീർഘനാളായി താമസിച്ച് ജോലിചെയ്‌തുവരികയായിരുന്നു ബാബുൽ ഹുസൈൻ. ഇയാൾക്കൊപ്പം ഭാര്യയും ഭാര്യ സഹോദരിയും കുട്ടിയുമാണ് ഔട്ട് ഹൗസിൽ താമസിച്ചിരുന്നത്.
ബാബുലിൻ്റെ മരണത്തെ തുടർന്ന് ഇയാളുടെ കുടുംബത്തെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ല. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഒരു വിവരവുമില്ല. കൊലപാതക സമയം ഇവർ സംഭവ സ്ഥലത്തുണ്ടായിരുന്നോ, കൊലപാതകത്തിൽ ഇവർക്ക് പങ്കുണ്ടോയെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്. മൃതദേഹത്തിന് അഞ്ചു ദിവസത്തോളം പഴക്കമുണ്ടന്നാണ് സംശയിക്കുന്നത്.
മൃതദേഹം പുഴുവരിച്ച് ജീർണ്ണിച്ച നിലയിലായിരുന്നു. മൂവാറ്റുപുഴ പൊലീസിൻ്റെ നേതൃത്വത്തിൽ തിങ്കളാഴ്‌ച തന്നെ നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചിരുന്നു. കളമശ്ശേരി മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് കൊലപാതകമെന്ന് സ്ഥിരീകരിച്ചത്. പ്രതികളെ കണ്ടെത്താൻ മൂവാറ്റുപുഴ പൊലീസ് അന്വേഷണം ഊർജിതമാക്കി.
Also Read: ലഹരിക്കടിമയായിരുന്ന മകൻ അച്ഛനെ കുത്തിക്കൊന്നു; സംഭവം കുമാരനല്ലൂരിൽ