തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കഴിഞ്ഞ ദിവസം വീട് വിട്ടിറങ്ങിയ അസം സ്വദേശി തസ്‌മിത് തംസം എന്ന 13 വയസുകാരിയെ കണ്ടെത്താനാകാതെ കുഴങ്ങി പൊലീസ്. ഇന്നലെ (ഓഗസ്‌റ്റ് 20) ഉച്ചയ്‌ക്കുള്ള ഐലന്‍ഡ് എക്‌സ്‌പ്രസില്‍ കയറി കന്യാകുമാരിയിലേക്ക് പോയ കുട്ടി നാഗര്‍കോവിലില്‍ ഇറങ്ങി കുപ്പിയില്‍ വെള്ളമെടുത്ത ശേഷം തിരികെ അതേ ട്രെയിനില്‍ തന്നെ കയറുന്നതിന്‍റെ സിസിടിവി ദൃശ്യം കിട്ടിയതിന് പിന്നാലെ പൊലീസ് സംഘം അന്വേഷണം ഊര്‍ജിതമാക്കിയെങ്കിലും കേസിൽ പുരോഗതി കൈവരിക്കാനായില്ല.
കുട്ടി കന്യാകുമാരിയില്‍ ഇറങ്ങിയ ശേഷം അതേ ഐലന്‍ഡ് എക്‌സ്‌പ്രസില്‍ ചെന്നൈ എഗ്മോറിലേക്ക് പോയതായാണോ അതോ കന്യാകുമാരിയില്‍ നിന്ന് വിവേക് എക്‌സ്‌പ്രസില്‍ കയറി അസാമിലേക്കു പോയതാണോ എന്ന തുമ്പ് പൊലീസിന് കിട്ടിയിട്ടില്ല. ഇതിനിടെയാണ് കുട്ടി ചെന്നൈ എഗ്മോര്‍ എക്‌സ്‌പ്രസില്‍ കയറുന്നതിന്‍റെയും അതിൽ നിന്ന് ഇറങ്ങുന്നതിന്‍റെയും ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചത്.
വൈകിട്ട് 5.58 നാണ് ട്രെയിന്‍ കന്യാകുമാരിയില്‍ നിന്ന് പുറപ്പെട്ടത്. കുട്ടി ചെന്നൈയില്‍ നിന്നുള്ള ഗുവാഹത്തി എക്‌സ്‌പ്രസില്‍ കയറിയതായാണ് പൊലീസ് സംശയിക്കുന്നത്. കേസന്വേഷിക്കുന്ന കഴക്കൂട്ടം പൊലീസും സിറ്റി പൊലീസിന്‍റെ പ്രത്യേക സംഘവും ചെന്നെയിലേക്കും ബെംഗലൂരുവിലേക്ക് തിരിച്ചു. ഗുവാഹത്തിയിലേക്ക് പോകാനും സംഘത്തിന് പദ്ധതിയുണ്ട്.
ഇന്ന് (ഓഗസ്‌റ്റ് 21) രാവിലെ മുതല്‍ കന്യാകുമാരിയില്‍ പൊലീസ് കുട്ടിക്കായുള്ള തിരച്ചിൽ നടത്തിയെങ്കിലും അവിടെ നിന്ന് കുട്ടിയുടെ ഒരു ദൃശ്യം പോലും ലഭിക്കാതെ വന്നതോടെ പൊലീസ് അന്വേഷണം ഏകദേശം അവസാനിപ്പിച്ച മട്ടായിരുന്നു.
എന്നാൽ നാഗര്‍കോവില്‍ സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമ്പോഴാണ് കുട്ടി ട്രെയിനില്‍ നിന്നും പുറത്തിറങ്ങി പൈപ്പില്‍ നിന്നു വെള്ളമെടുത്ത ശേഷം തിരികെ കയറുന്നതിന്‍റെ ദൃശ്യം ലഭിച്ചത്. ഇതോടെ കുട്ടി കന്യാകുമാരിയിലെത്തിയെന്നുറപ്പിച്ച പൊലീസ് വീണ്ടും നടത്തിയ അന്വേഷണത്തിലാണ് കുട്ടി കന്യാകുമാരിയില്‍ പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുന്നതിന്‍റെയും ചെന്നൈ ട്രെയിനില്‍ കയറുന്നതിന്‍റെയും സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചത്. പിന്നാലെ പൊലീസ് സംഘം ചെന്നൈയിലേക്കു തിരിച്ചു. കുട്ടി ചെന്നൈ ഗുവാഹത്തി ട്രെയിനില്‍ കയറിയതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ആ നിലയ്ക്കുള്ള അന്വേഷണമാണ് പൊലീസ് ആസൂത്രണം ചെയ്യുന്നത്.
Also Read: തസ്‌മിത്ത് തംസം കന്യാകുമാരിയിലെന്ന് സ്ഥിരീകരണം; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്