തിരുവനന്തപുരം: അരുണാചലിലെ ഇറ്റാനഗറിലുള്ള ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളികളുടെ ദുരൂഹ മരണത്തിന്‍റെ ചുരുളഴിയുന്നു. മരിച്ച ആര്യയുമായി അന്യഗ്രഹ സഞ്ചാരവുമായി ബന്ധപ്പെട്ട പിഡിഎഫുകൾ പങ്കുവെച്ച ഡോൺ ബോസ്കോയെന്ന വ്യാജ പ്രൊഫൈൽ ആര്യയുടേത് തന്നെയെന്ന നിഗമനത്തിലാണ് പൊലീസ്.
ആര്യയോടൊപ്പം മരിച്ച നിലയിൽ കണ്ടെത്തിയ നവീൻ തോമസും ഭാര്യ ദേവിയും ഉൾപ്പെടെ മരിക്കാൻ സ്വയം തീരുമാനമെടുത്തതായാണ് പൊലീസിന്‍റെ നിഗമനം. മൂന്ന് പേരുടെയും മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ എന്നിവ പരിശോധിച്ചതിൽ നിന്നാണ് ഡോൺ ബോസ്കോ 2013 ൽ ആര്യ തന്നെ തുടങ്ങിയ ഇമെയിൽ ഐഡിയാണെന്ന വിവരം പൊലീസ് മനസിലാക്കിയത്. നവീനും ആര്യ ഈ മെയിൽ ഐ ഡി യുടെ പാസ്വേർഡും യൂസർ ഐഡിയും നൽകിയിരുന്നു.
അന്യഗ്രഹ വാസവുമായി ബന്ധപ്പെട്ട രേഖകൾ നവീനും ആര്യക്ക് മെയിൽ അയച്ചിട്ടുണ്ട്. നവീന്‍റെ സുഹൃത്തുകളിൽ നിന്ന് ശേഖരിച്ച മൊഴിയനുസരിച്ച് ഇയാൾ പഠന കാലം മുതൽക്കേ അന്യഗ്രഹ വാസം ഉൾപ്പെടെയുള്ളവയിൽ വിശ്വസിച്ചിരുന്നതായി മനസിലാക്കുന്നതായി അന്വേഷണ സംഘം തലവൻ ഡിസിപി നിധിൻ രാജ് പറഞ്ഞു. നവീൻ സുഹൃത്തുക്കളിൽ പലരെയും ഈ ആശയങ്ങളിലേക്ക് ആകർഷിക്കാൻ ശ്രമിച്ചിരുന്നു. സംഭവത്തിൽ 30 ഓളം പേരുടെ മൊഴിയാണ് പോലീസ് ശേഖരിച്ചത്.
Also Read:ഇറ്റാനഗറില്‍ മലയാളികളുടെ മരണം; പിന്നില്‍ ദുര്‍മന്ത്രവാദം ആണെന്ന സംശയത്തിൽ പൊലീസ്
ലോകാവസാനത്തിന് മുൻപ് അന്യ ഗ്രഹത്തിലെത്താൻ ശ്രമിച്ചിരുന്ന നവീൻ പ്രളയവും കോവിഡും ലോകാവസാനത്തിന്‍റെ ആരംഭമാണെന്ന് പലരോടും പറഞ്ഞിട്ടുണ്ട്. മെഡിറ്റേഷൻ നടത്താനായായിരുന്നു നവീനും ദേവിയും ആര്യയും പല തവണയും പാർവതാരോഹണം നടത്തിയത്. ലഭിക്കുന്ന വിവരങ്ങളിൽ നിന്ന് നവീൻ തന്നെയാണ് ദേവിയെയും ആര്യയെയും അന്ധവിശ്വാസങ്ങളിലേക്ക് ആകർഷിച്ചത്. യഥാർത്ഥ്യ ബോധമില്ലാതെ സ്വയം മറ്റൊരു ലോകത്ത് ജീവിക്കുന്ന തരത്തിലായിരുന്നു ഡോൺ ബോസ്കോ എന്ന അക്കൗണ്ടിൽ നിന്ന് ദേവി സ്വയം മെയിലുകൾ അയച്ചിരുന്നതെന്നും പൊലീസ് പറയുന്നു.