കോഴിക്കോട്: പരിസ്ഥിതി ദിനാചരണത്തിന് ആവേശം പകരാൻ ഒരു മുഴം മുമ്പേ സന്ദേശമുയർത്തി ശിൽപ്പിയും ചിത്രകാരനുമായ ഗുരുകുലം ബാബു. ശിൽപം ഒരുക്കുന്നിടത്തെല്ലാം ഒരു മാങ്കോസ്‌റ്റീൻ തൈ നട്ടാണ് പ്രകൃതി സ്നേഹത്തിന്‍റെ നല്ല പാഠം ബാബു പങ്കുവെക്കുന്നത്. ഗുരുകുലം ബാബുവിന്‍റെ ശിൽപ്പങ്ങളിലും ചിത്രങ്ങളിലും ഈ പരിസ്ഥിതി സ്നേഹം പ്രകടവുമാണ്.
ബാബുവിന്‍റെ പരിസ്ഥിതി സ്നേഹത്തിന് മാറ്റ് കൂട്ടുന്നതാണ് നിർമ്മാണം പൂർത്തിയായാൽ സമീപത്തായി ഒരു മരം നടൽ പദ്ധതി. മങ്കോസ്റ്റീൻ മരത്തിന്‍റെ തൈകളാണ് ബാബു നടുക. പയ്യാനക്കലിലെ കല്യാണപുര ഓഡിറ്റോറിയത്തിൽ പദ്ധതിക്ക് തുടക്കമിട്ടു. പരിപാടിക്ക് സാക്ഷിയാകാൻ വൈക്കം മുഹമ്മദ് ബഷീറിന്‍റെ മകൻ അനീസ് ബഷീറും കവി പി കെ ഗോപിയും എത്തിയിരുന്നു.
കൂടുതൽ സ്ഥലങ്ങളിൽ പദ്ധതി നടപ്പാക്കണമെന്നായിരുന്നു മാങ്കോസ്‌റ്റീനുമായി അഭേദ്യമായ ബന്ധം പുലര്‍ത്തിയിരുന്ന 'സുല്‍ത്താന്‍റെ' മകൻ അനീസ് ബഷീറിന് പറയാനുണ്ടായിരുന്നത്. ബാലുശ്ശേരി ഇയ്യാട് ഹൈസ്‌ക്കൂളിൽ നിന്നും ചിത്രകലാ അധ്യാപകനായി വിരമിച്ച ബാബു, ആദ്യം നിർമ്മിച്ച ശിൽപ്പവും ബഷീറിന്‍റേതാണ്. ബഷീർ ഓർമ്മകൾ എല്ലാ ശിൽപ്പങ്ങളിലും വേണമെന്ന ചിന്തയിലാണ് ഈ പദ്ധതി തുടങ്ങിയതെന്നും ഗുരുകുലം ബാബു പറയുന്നു.
Also Read : സുന്ദര കാഴ്‌ചകളുടെ പറുദീസ; സഞ്ചാരികളേ... വരൂ, കല്യാണത്തണ്ടിലെ മലനിരകളിലേക്ക് - Kalyanathandu In Idukki