കോഴിക്കോട് : ആള്‍മാറാട്ടം നടത്തി യുവതിയിൽ നിന്നും പണം തട്ടിയ ആൾ പിടിയിലായി. മലപ്പുറം കൊണ്ടോട്ടി സ്വദേശി മുഹമ്മദ് ഷിബിലിയാണ് അറസ്റ്റിലായത്. കോഴിക്കോട് കസബ പൊലീസ് ആണ് യുവാവിനെ പിടികൂടിയത്.
എക്സൈസ് ഇൻസ്പെക്‌ടർ ചമഞ്ഞാണ് ഇയാള്‍ യുവതിയിൽ നിന്നും പണം തട്ടിയത്. ലഹരിക്കേസില്‍ ജയിലില്‍ കഴിയുന്ന മകനെ പുറത്തിറക്കാമെന്നും കേസ് ഒതുക്കി തീർക്കാമെന്നും പറഞ്ഞ് ഇയാൾ പരാതിക്കാരിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. താൻ ആണ് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥൻ എന്നും ഫയല്‍ തന്‍റെ കയ്യില്‍ ഉണ്ടെന്നും ഇയാള്‍ പരാതിക്കാരിയെ പറഞ്ഞ് വിശ്വസിപ്പിച്ചു. മൂന്ന് ലക്ഷം രൂപയാണ് ഇയാള്‍ ഇതിനു വേണ്ടി ആവശ്യപ്പെട്ടത്. ആദ്യഘഡുവായി 85000 രൂപ കൈപ്പറ്റുകയും ചെയ്‌തു.
പിന്നീട് ഇയാളെ കുറിച്ച് വിവരം ഇല്ലാതായതോടെയാണ് യുവതി പൊലീസിൽ പരാതി നല്‍കിയത്. ഇന്‍റലിജൻസ് ബ്യൂറോ (ഐബി) ഉൾപ്പെടെയുള്ള ഏജൻസികളിലെ ഉദ്യോഗസ്ഥൻ ആണെന്ന് പറഞ്ഞ് നേരത്തെയും ഇയാള്‍ ആള്‍മാറാട്ടം നടത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് നടക്കാവ്, കൊണ്ടോട്ടി സ്റ്റേഷനുകളില്‍ ഇയാളുടെ പേരിൽ കേസുകൾ നിലവിലുണ്ട്. വിവിധ ഹോട്ടലുകളില്‍ മുറി എടുത്ത് ജീവനക്കാരെ വിശ്വസിപ്പിക്കാൻ അവിടേക്ക് ഇന്‍റലിജൻസ് ബ്യൂറോ ഉള്‍പ്പടെ വിവിധ ഏജൻസികളുടെ പേരില്‍ കൊറിയർ അയക്കുന്ന രീതിയും ഇയാൾക്കുണ്ടെന്ന് പൊലീസ് പറഞ്ഞു.
Also Read: "ജഡ്‌ജിയാണ് വിളിക്കുന്നത്": ഒരു രാത്രി പൊലീസിനെ വട്ടം കറക്കിയ 'ആൾമാറാട്ട വീരൻ' പിടിയില്‍