കോഴിക്കോട്: വലിയ ശമ്പളം വാഗ്‌ദാനം ചെയ്‌ത് മലയാളികളെ മറ്റ് രാജ്യങ്ങളിലേക്ക് കടത്തുന്ന സംഘവുമായി ബന്ധമുള്ള 4 പേർ പൊലീസ് കസ്‌റ്റഡിയിൽ. കമ്പോഡിയയിലേക്കും വിയറ്റ്നാമിലേക്കും മലയാളികളെ കടത്തി സൈബർ തട്ടിപ്പ് ശൃംഖലയുടെ ഭാഗമാക്കുന്ന ചൈനീസ് സംഘത്തെ സഹായിക്കുന്ന 4 പേരെെയാണ് പൊലീസ് കസ്‌റ്റഡിയിലെടുത്തത്. കോഴിക്കോട് മലപ്പുറം ജില്ലകളിൽ നിന്നാണ് ഇവരെ തിരുവനന്തപുരം സിറ്റി പൊലീസ് സൈബർ സംഘം പിടികൂടിയത്.
ഓൺലൈൻ തട്ടിപ്പുകളുമായി ബന്ധപ്പെട്ടുള്ള കോൾ സെന്‍ററുകളിൽ കോഴിക്കോട് സ്വദേശികളുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഓൺലൈൻ വഴിയുള്ള ഗെയിം, ടാസ്‌ക് അധിഷ്‌ഠിതമായ പ്രവർത്തനങ്ങൾ, റമ്മി കളി, നിക്ഷേപ പദ്ധതികൾ എന്നിവയിലേക്ക് ആളുകളെ ആകർഷിക്കുന്നതിനായുള്ള കോൾ സെന്‍ററുകളിലാണ് കോഴിക്കോട് സ്വദേശികളായ മൂന്ന് പേർ ജോലി ചെയ്യുന്നതായി കണ്ടെത്തിയത്.
കംബോഡിയ, വിയറ്റ്‌നാം, മ്യാൻമർ എന്നിവിടങ്ങളിലാണ് ഇത്തരത്തിലുള്ള കോൾ സെന്‍ററുകൾ ഉള്ളതെന്നും ഇവരുടെ കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുവരികയാണെന്നും സിറ്റി പൊലിസ് കമ്മിഷണർ രാജ്‌പാൽ മീണ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നാട്ടിലെ ചില കണ്ണികൾ പിടിയിലായത്. ആകർഷകമായ ശമ്പളവും സൗജന്യ താമസവും വാഗ്‌ദാനം നൽകിയാണ് കംബോഡിയയിലെ ചൈനീസ് തട്ടിപ്പു സംഘങ്ങൾ ആളുകളെ റിക്രൂട്ട് ചെയ്യുന്നത്. വാഗ്‌ദാനം ചെയ്‌ത ജോലിയല്ല പലർക്കും ഇവിടെ ലഭിക്കുന്നത്.
തട്ടിപ്പ് സംഘത്തിന്‍റെ ഭാഗമാണെന്ന് തിരിച്ചറിഞ്ഞാൽ പോലും രക്ഷപ്പെട്ട് പുറത്തുവരാൻ ബുദ്ധിമുട്ടാണ്. അതേസമയം കൂടുതൽ ശമ്പളം ലഭിക്കുമെന്നതിനാൽ ചിലർ ഇത്തരം തട്ടിപ്പ് സംഘത്തിന്‍റെ ഭാഗമായി പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്. നേരത്തെ ഹിന്ദിയിലും ഇംഗ്ലീഷിലും ഫോൺ വഴി സംസാരിച്ചായിരുന്നു ഓൺലൈൻ തട്ടിപ്പുകാർ സജീവമായിരുന്നത്. എന്നാൽ ഇപ്പോൾ മലയാളികളെ ഉൾപ്പെടുത്തിയാണ് കൂടുതൽ തട്ടിപ്പുകളും നടത്തുന്നതെന്ന് സൈബർ പൊലീസ് അറിയിച്ചു.
ആകർഷകമായ നിക്ഷേപപദ്ധതികളും മറ്റും ഓഫർ ചെയ്‌ത് വിശ്വസനീയമായ രീതിയിൽ ഇവർ സംസാരിക്കുന്നതു കൊണ്ടാണ് സംസ്ഥാനത്ത് തട്ടിപ്പിനിരയാകുന്നവർ വർധിക്കുന്നത്. കംബോഡിയയിൽ ജോലിക്കായെത്തി, തട്ടിപ്പിനിരയായി കോൾ സെൻ്ററിൽ പ്രവർത്തിക്കേണ്ടി വന്ന എറണാകുളം സ്വദേശിയായ യുവാവ് അടുത്തിടെ രക്ഷപ്പെട്ട് നാട്ടിലെത്തിയിരുന്നു. സമാനമായ തട്ടിപ്പു സംഘത്തിലെ കണ്ണികളായാണ് മലയാളികൾ ഇപ്പോൾ പ്രവർത്തിച്ചുവരുന്നതെന്നാണ് സൈബർ പൊലിസ് പറയുന്നത്.