തിരുവനന്തപുരം: ദേശീയപാത 66 ല്‍ തുറവൂര്‍ മുതല്‍ അരൂര്‍ വരെ എലവേറ്റഡ് പാത നിര്‍മാണം നടക്കുന്നതു കാരണം അരൂര്‍ മണ്ഡലത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ അനുഭവിക്കുന്ന യാത്രാക്ലേശം നിയമസഭയില്‍ അവതരിപ്പിച്ച് അരൂര്‍ എംഎല്‍എ ദലീമ. പ്രദേശത്തെ ജനങ്ങള്‍ അനുഭവിക്കുന്ന യാത്രാ ദുരിതം വളരെ വലുതാണെന്ന് ഇതു സംബന്ധിച്ച സബ്‌മിഷനിലൂടെ ദലീമ പറഞ്ഞു.
അരൂര്‍ മണ്ഡലത്തിലെ ഭൂരിപക്ഷം ജനങ്ങളും എറണാകുളത്തെ ആശ്രയിക്കുന്നവരാണ്. നിര്‍മാണ പ്രവൃത്തി കാരണം വിദ്യാര്‍ഥികളും തൊഴിലാളികളും നന്നേ ബുദ്ധിമുട്ടുകയാണ്. എറണാകുളവുമായി ബന്ധപ്പെടുത്തി നടത്തിയിരുന്ന വേഗ ബോട്ട് സര്‍വീസ് കൊവിഡ് കാലത്ത് നിര്‍ത്തിയിട്ട് വീണ്ടും പുനരാരംഭിച്ചിട്ടില്ല. ഈ ബോട്ട് എവിടെയാണെന്നു പോലും അറിയില്ല.
പാണാവള്ളി, അരൂക്കുറ്റി ബോട്ട് ജെട്ടികളില്‍ നിന്ന് എറണാകുളം ബോട്ട് ജെട്ടിയിലേക്ക് ബോട്ട് സര്‍വീസ് ആരംഭിക്കുകയാണെങ്കില്‍ അരൂക്കുറ്റി, പാണാവള്ളി, പെരുമ്പളം, തൈക്കാട്ടുശേരി, പള്ളിപ്പുറം പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ഉപകാരമാകുമെന്ന് ദലീമ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍ മറുപടി നല്‍കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
2020-ല്‍ എറണാകുളം മേഖലയിലേക്ക് വൈക്കം മേഖലയില്‍ നിന്ന് പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വീസ് ആരംഭിച്ചിരുന്നു. ഈ സര്‍വീസ് ജനങ്ങള്‍ കാര്യമായി ഉപയോഗപ്പെടുത്തിയുമില്ല. അതിനു ശേഷം പല ഘട്ടങ്ങളില്‍ ജല ഗതാഗത വകുപ്പ് പ്രാഥമിക റൂട്ട് സര്‍വ്വെ നടത്തി. അരൂര്‍ പാലം കടന്നും പാലത്തിനു മുന്‍പും പല സ്ഥലങ്ങളിലും ആഴക്കുറവുണ്ട്. അത്തരം സ്ഥലങ്ങളില്‍ കൂടി ബോട്ട് ഓടിക്കുമ്പോള്‍ പ്രൊപ്പല്ലര്‍, റഡാര്‍ എന്നിവയ്ക്ക് കേടു പറ്റി ട്രിപ്പ് മുടങ്ങുമെന്നാണ് ജല ഗതാഗത വകുപ്പിലെ എഞ്ചിനീയറിംങ് വിഭാഗം അറിയിച്ചിട്ടുളളത്.
ശക്തമായ വേലിയേറ്റവും വേലിയിറക്കവും ഉള്ള സ്ഥലമായതു കൊണ്ട് ബോട്ടു ചാലുകളില്‍ മണ്‍തിട്ടകളും രൂപപ്പെട്ടിട്ടുണ്ട്. ബോട്ട് ചാലുകളില്‍ പലയിടത്തും മത്സ്യ ബന്ധനത്തിനുള്ള ഊന്നിവല സ്ഥാപിച്ചിട്ടുണ്ട്. ഇതില്‍ തട്ടാതെ വേണം ബോട്ടിനു പോകാന്‍. അപ്പോ നേരെ പോകാനോ ബോട്ട് ചാലിലൂടെ പോകാനോ കഴിയാത്ത അവസ്ഥയാണ്. ബോട്ട് ചാലിന്‍റെ ആഴം വര്‍ധിപ്പിക്കുന്നതിന് ഹൈട്രോഗ്രാഫിക് സര്‍വേ നടത്തുന്നതിന് തുറമുഖ വകുപ്പിനെ സമീപിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും എംഎല്‍എ ഉന്നയിച്ച വിഷയം ഗൗരവമായി തന്നെ പരിഗണിക്കുമെന്നും ഗണേഷ് കുമാര്‍ സഭയെ അറിയിച്ചു.