വയനാട് : ഉരുള്‍പൊട്ടലുണ്ടായ ചൂരല്‍മലയില്‍ മൂന്നാം ദിനവും സൈന്യത്തിന്‍റെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ബെയ്‌ലി പാല നിര്‍മാണത്തിനൊപ്പമാണ് ദുരന്ത ഭൂമിയില്‍ കുടുങ്ങിയവരെ കണ്ടെത്താനുള്ള ശ്രമങ്ങളും ഇന്ത്യൻ സേന നടത്തുന്നത്. ഇന്ന് പുലര്‍ച്ചയോടെ തുടങ്ങിയ തെരച്ചിലില്‍ ഏഴ് മൃതദേഹങ്ങള്‍ മേഖലയില്‍ നിന്നും സൈന്യം കണ്ടെത്തിയിട്ടുണ്ട്.
ഹൃദയം നുറുങ്ങുന്ന കാഴ്‌ചകളാണ് പ്രദേശത്ത് എങ്ങും. ചെളി മൂടിക്കിടക്കുന്ന വീടുകള്‍ക്കുള്ളില്‍ മൃതദേഹങ്ങള്‍ ഉണ്ടോ എന്ന് കണ്ടെത്താൻ പ്രത്യേകം പരിശീലനം ലഭിച്ച സ്‌നിഫര്‍ നായകളുടെ സഹായവും സേന പ്രയോജനപ്പെടുത്തുന്നുണ്ട്. ചെളി നിറഞ്ഞ വീടുകള്‍ക്കുള്ളില്‍ ജീവന്‍റെ തുടിപ്പുകളുണ്ടോ എന്നാണ് സൈന്യം പ്രധാനമായും തെരയുന്നത്.
ഇടവിട്ടുള്ള മഴ രക്ഷാദൗത്യത്തിന് ഇടയ്‌ക്കിടെ വെല്ലുവിളിയാകുന്നുണ്ട്. പ്രതികൂല കാലാവസ്ഥയിലും ബെയ്‌ലി പാലത്തിന്‍റെ നിര്‍മാണം പൂര്‍ത്താകരിച്ചിരിട്ടുണ്ട്. മുണ്ടക്കൈ–ചൂരല്‍മല രക്ഷാദൗത്യം ഊര്‍ജിതമാക്കാന്‍ കേന്ദ്ര സംസ്ഥാന സേന വിഭാഗത്തിലുള്ള 1769 പേരാണ് പ്രവര്‍ത്തിക്കുന്നത്.
തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നീ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള സേന അംഗങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. കര, വ്യോമ, നാവിക സേനാംഗങ്ങള്‍ക്ക് പുറമെ എന്‍ഡിആര്‍എഫ്, സിആര്‍പിഎഫ്, കോസ്റ്റ് ഗാര്‍ഡ്, പൊലീസ്, അഗ്നിശമന സേനാംഗങ്ങളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
Also Read: വയനാട് ദുരന്തം; 'വ്യോമസേനയുടേത് സര്‍ക്കാരിന് കരുത്താകുന്ന പ്രവര്‍ത്തനം': കമാന്‍ഡര്‍ രാഹുല്‍