വയനാട്: തെരച്ചിലിന്‍റെ മൂന്നാം ദിവസവും സൈന്യവും ദുരന്ത നിവാരണ സേനയും അഗ്നിശമന സേനയും ദൗത്യ സേനാംഗങ്ങളുമൊക്കെ മുണ്ടക്കൈയില്‍ തെരച്ചില്‍ തുടരുകയാണ്. ഹൃദയ ഭേദകമായ കാഴ്‌ചകളാണ് എങ്ങും കാണാനുള്ളത്. വീടുകളേറെയും ചെളി മൂടിക്കിടക്കുകയാണ്.
ഇതിനിടയില്‍ മൃതദേഹങ്ങളുണ്ടോ എന്നറിയാന്‍ ചെളി നീക്കി പരിശോധന നടത്തുകയാണ്. ഇതിനായി പ്രത്യേക പരിശീലനം ലഭിച്ച നായകളുടെ സഹായവും സൈന്യം പ്രയോജനപ്പെടുത്തുന്നുണ്ട്. വീണ്ടെടുക്കുന്ന മൃതദേഹങ്ങളേറെയും തിരിച്ചറിയാന്‍ പറ്റാത്ത നിലയിലുള്ളവയാണ്.
ചെളി നിറഞ്ഞ വീടുകളില്‍ ഇനിയും ജീവനോടെ ആളുകളുണ്ടോയെന്നാണ് സൈന്യം പ്രധാനമായും തെരയുന്നത്. പാങ്ങോട് സൈനിക ക്യാമ്പില്‍ നിന്നുള്ള സംഘവും തെരച്ചിലില്‍ പങ്കാളികളായി. കനത്ത മഴയെയും പുഴയിലെ കുത്തൊഴുക്കിനെയും വകവെക്കാതെ രാത്രി വൈകിയും സൈന്യം മുണ്ടക്കൈയിലേക്ക് ബെയ്‌ലി പാലം നിര്‍മ്മാണം തുടരുകയായിരുന്നു.
ഉച്ചയ്ക്ക് മുമ്പായി പാലം നിര്‍മാണം പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. 24 ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ളതാണ് ചൂരല്‍ മലയില്‍ നിര്‍മിക്കുന്ന ബെയ്‌ലി പാലം. മുണ്ടക്കൈയിലും അട്ടമലയിലും കൂടുതല്‍ തെരച്ചില്‍ നടത്താന്‍ ജെസിബികള്‍ എത്തിച്ചു കൊണ്ടിരിക്കുകയാണ്. പാലം പണി പൂര്‍ത്തിയായാല്‍ കൂടുതല്‍ ഉപകരണങ്ങള്‍ മറുകരയിലെത്തിച്ച് രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജ്ജിതമാക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ALSO READ: ബെയ്‌ലി പാലത്തിൻ്റെ നിര്‍മ്മാണം അവസാന ഘട്ടത്തില്‍; ട്രയൽ റൺ ഉച്ചയോടെ