കോഴിക്കോട്: ഷിരൂരിൽ ലോറിയിൽ നിന്ന് ലഭിച്ച മൃതദേഹം ഡിഎൻഎ പരിശോധന ഫലം കാത്ത് നിൽക്കാതെ അർജുന്‍റെ കുടുംബത്തിന് വിട്ട് നൽകും. ഡിഎൻഎ സാമ്പിൾ എടുത്ത ശേഷം മൃതദേഹം വിട്ട് നൽകാനാണ് തീരുമാനം. അർജുനെ കാണാനില്ലെന്ന കേസ് രജിസ്‌റ്റർ ചെയ്‌തതിനാൽ ഡിഎൻഎ പരിശോധന നടത്തുമെന്ന് കലക്‌ടർ കെ പ്രിയലക്ഷ്‌മി അറിയിച്ചു. 72 ദിവസങ്ങൾക്ക് ശേഷമാണ് നദിക്കടിയിലെ ലോറിയിലെ ക്യാബിനിൽ നിന്നും മൃതദേഹം പുറത്തെടുത്തത്.
ലോറിയിൽ ഒരു മൃതദേഹം മാത്രമാണ് ഉണ്ടായിരുന്നത്. ലോറിയിൽ മാറ്റാരും ഇല്ലായിരുന്നെന്ന് അർജുന്‍റെ ബന്ധുക്കൾ വ്യക്തമാക്കിയിരുന്നു. മണ്ണിടിച്ചിലുണ്ടാകുന്ന സമയത്ത് അർജുൻ ലോറിയിൽ കിടന്നുറങ്ങുന്നത് കണ്ടുവെന്ന സാക്ഷി മൊഴിയുടെ കൂടി അടിസ്ഥാനത്തിലാണ് ഡിഎൻഎ ഫലം കാത്തുനിൽക്കാതെ മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകുന്നത്.
മൃതദേഹം കുടുംബത്തിന് കൈമാറുന്നതിനായി ഡിഎൻഎ ഫലം വരാന്‍ ഒരാഴ്‌ച കൂടി കാത്ത് നിൽക്കേണ്ട ആവശ്യമില്ല എന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ നിലപാടെന്ന് നേരത്തെ കാർവാർ എസ്‌പി എം നാരയണ വ്യക്തമാക്കിയിരുന്നു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
എന്നാൽ ലോറിയിൽ നിന്നും കണ്ടെത്തിയ മൃതദേഹം അർജുന്‍റേതാണെന്ന് ഉറപ്പിക്കാൻ ഡിഎൻഎ പരിശോധന നടത്തുമെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്‌ണ സെയ്ൽ പറഞ്ഞു. മംഗളൂരുവിൽ വെച്ചായിരിക്കും ഡിഎൻഎ പരിശോധന നടത്തുക. ഇതിനായി മൃതദേഹം മംഗളൂരുവിലെ ലാബിലേക്ക് കൊണ്ടുപോകും. പരിശോധനാ ഫലം ലഭിച്ച ശേഷമാകും ഔദ്യോഗിക സ്ഥിരീകരണമെന്നും എംഎൽഎ വ്യക്തമാക്കി.
കുടുംബത്തിന്‍റെ തീരുമാനം കൂടി ഇതിൽ പ്രധാനമാണ്. കാർവാർ എസ്‌പി ഇടപെട്ട് ഇതിൽ വ്യക്തത വരുത്തുമെന്നും എംഎൽഎ പറഞ്ഞു. ഇതിന് ശേഷമാണ് എസ്‌പി ഈ വിഷയത്തിൽ വ്യക്തത വരുത്തിയത്. അതേസമയം ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ രണ്ട് പേർക്കായി ഇനിയും തിരച്ചിൽ തുടരുമെന്ന് സതീഷ് കൃഷ്‌ണ സെയ്ൽ വ്യക്തമാക്കി. കർണാടക സ്വദേശികളായ ലോകേഷ്, ജഗന്നാഥൻ എന്നിവർക്കായാണ് നാളെയും തിരച്ചിൽ തുടരുക.
ദൗത്യത്തിന് ഒപ്പം നിന്ന മാധ്യമങ്ങൾക്ക് എംഎൽഎ നന്ദി പറഞ്ഞു. 'നിങ്ങൾ കാരണമാണ് ഇന്ന് ഞങ്ങൾ പോലും ഇവിടെ നിൽക്കുന്നത്. നിങ്ങളുടെ നിരന്തര പ്രേരണയാണ് ഈ കണ്ടെത്തലിലേക്ക് നയിച്ചതെന്നും' എംഎൽഎ പറഞ്ഞു. നേരത്തെ ചിലർ കരയിലാണ് മൃതദേഹമെന്ന് പറഞ്ഞിരുന്നു. ഇതിനെ തുടർന്ന് മണ്ണിടിഞ്ഞ് വീണ കരയിലേക്ക് ഇടക്ക് വെച്ച് പരിശോധിച്ചന മാറ്റിയിരുന്നു. അന്നും നദിയിലാണ് മൃതദേഹമെന്നാണ് ഞങ്ങൾ പറഞ്ഞതെന്നും എംഎൽഎ കൂട്ടിച്ചേർത്തു. 2024 ജൂലൈ പതിനാറിന് ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിലിലാണ് അർജുനെ കാണാതായത്.
Also Read: 72 -ാം ദിവസം അർജുന്‍റെ ലോറി കണ്ടെത്തി; പുറത്തെടുത്ത ക്യാബിനുള്ളിൽ മൃതദേഹം