കോഴിക്കോട് : വ്യത്യസ്‌തമായ ഗാന്ധി സൃഷ്‌ടിയിലൂടെ ഗിന്നസ് വേൾഡ് റെക്കോഡിലേക്ക് കടക്കുകയാണ് പെരുമണ്ണ അറത്തിപറമ്പ് എഎൽപി സ്‌കൂളിലെ അർജുന ടീച്ചർ. രണ്ടരലക്ഷം തീപ്പെട്ടിക്കൊള്ളികൾ ഉപയോഗിച്ചാണ് അർജുന ടീച്ചറുടെ ഗാന്ധി സൃഷ്‌ടി.
സ്‌കൂളിലെ കുട്ടികൾക്ക് ഗാന്ധിജിയെ കുറിച്ച് എളുപ്പത്തിൽ അറിവ് പകരുകയായിരുന്നു വ്യത്യസ്‌തമായ ഗാന്ധി സൃഷ്‌ടിയിലൂടെ ടീച്ചർ ലക്ഷ്യം വച്ചത്. തീപ്പെട്ടിക്കൊള്ളിയുടെ മരുന്നുള്ള ഭാഗം ഉപയോഗിച്ചാണ് ഗാന്ധിജിയുടെ രൂപം തീർത്തത്. മറുഭാഗം വച്ച് ഗാന്ധിജിയുടെ രൂപം ഒരുക്കാൻ വേണ്ട പ്രതലവും തയാറാക്കി. അഞ്ച് ദിവസത്തോളം രാപ്പകൽ വ്യത്യാസമില്ലാതെ കഠിനമായ പ്രയത്നത്തിലൂടെയാണ് തീപ്പെട്ടിക്കൊള്ളി ഉപയോഗിച്ചുള്ള ലോകത്തിലെ ആദ്യ ഗാന്ധിരൂപം സൃഷ്‌ടിച്ചത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൊവിഡ് കാലഘട്ടത്തിൽ വീടിനെ ക്ലാസ് മുറിയാക്കിയതിനും പാഴ്വസ്‌തുക്കളിൽ കുട്ടികളെ പഠിപ്പിക്കുന്നതിനാവശ്യമായ രൂപങ്ങൾ തയാറാക്കിയതിനും ഇന്ത്യ ബുക്ക് ഓഫ് റെക്കോഡും കലാം വേൾഡ് റെക്കോഡും ടീച്ചര്‍ക്ക് ലഭിച്ചിരുന്നു. കൂടാതെ മറ്റ് നിരവധി പുരസ്‌കാരങ്ങളും അർജുന ടീച്ചറെ തേടിയെത്തിയിരുന്നു.
വീട്ടുകാരുടെയും നാട്ടുകാരുടെയും സഹപ്രവർത്തകരുടെയും പൂർണ പിന്തുണയാണ് വ്യത്യസ്‌തമായ ആശയങ്ങളെ അവതരിപ്പിക്കുന്നതിന് ടീച്ചറെ പ്രാപ്‌തയാക്കിയത്. ഓരോ റെക്കോഡുകൾ തേടിയെത്തുമ്പോഴും പുതിയ പുതിയ ആശയങ്ങളിലൂടെ വീണ്ടും റെക്കോഡുകൾ സൃഷ്‌ടിക്കാനുള്ള പ്രചോദനമാണ് അർജുന ടീച്ചർക്ക് ലഭിക്കുന്നത്.