കോഴിക്കോട്: മലയാളികൾക്ക് നേരത്തെ അറിയാത്ത പരിചയമില്ലാത്ത ഒരാളുടെ പേരാണ് ഇപ്പോൾ എവിടെയും. അർജുൻ വന്നോ.. എപ്പോൾ എത്തും.. എവിടെയെത്തി.. കടന്നു പോയോ. നേരം വെളുക്കുന്നതിന് മുമ്പേ ആളുകൾ റോഡരികിൽ സ്ഥാനം പിടിച്ചിരുന്നു. കോഴിക്കോട് ജില്ലയിലേക്ക് വിലാപ യാത്ര പ്രവേശിച്ച സമയം മുതൽ അത് കാണാമായിരുന്നു.
മന്ത്രിയും എംഎൽഎമാരും ചേർന്ന് ഏറ്റുവാങ്ങുമ്പോൾ മലയാളികൾ പറഞ്ഞു. ഇതൊരു അപൂർവ്വ നിമിഷമാണ്. ഒരു സാധാരണക്കാരന് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരം.
വടകരയും പയ്യോളിയും കൊയിലാണ്ടിയും കടന്ന് പൂളാടിക്കുന്ന് എത്തും വരെ ഓരോ ചെറു പ്രദേശങ്ങളിലും ആളുകൾ കാത്തിരുന്നു. പൂളാടിക്കുന്നിൽ നിന്ന് വിലാപയാത്ര തിരിക്കുമ്പോൾ അർജുനെ നെഞ്ചേറ്റിയ ഒരു ഓട്ടോ ഡ്രൈവറെ കണ്ടുമുട്ടി, പ്രബിൻ കുമാർ. തലക്കുളത്തൂർ പറമ്പത്ത് നിന്ന് വന്നതാണ്. അയാൾ പറയുകയാണ്.. ''ഇതുവരെ നേരിട്ട് കാണാത്ത അർജുൻ, എല്ലാ കാലത്തും നമ്മുടെ കൂടെയുള്ള ഒരാളെ പോലെ ആയി മാറി. മകന് വേണ്ടി കരുതി വെച്ച ആ കളിപ്പാട്ടത്തിലുണ്ട് അർജുന്‍റെ ലാളിത്യം.'' അതെ, മുപ്പത് വയസ് വരെ മാത്രം ജീവിച്ച് അകാലത്തിൽ മടങ്ങുമ്പോൾ അർജുൻ ഒരു വിങ്ങലായി തീരുന്ന കാഴ്‌ച.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഒരു ചായ കുടിക്കാൻ കയറിയ കടയിലും കണ്ടത് അതേ രംഗമാണ്. പുട്ടും വെള്ളയപ്പവും ഉണ്ടാക്കുന്നതിനിടയിലും തൗസീഫ് ആ ദൃശ്യങ്ങൾ കാണുകയായിരുന്നു. അതിനിടയിൽ അയാളും പറയുന്നു ''ഒരു ഏട്ടനെ പോലെ.. ഒരു സുഹൃത്തിനെ പോലെ.. അന്നത്തെ മണ്ണിടിച്ചിലിൽ പെട്ടുപോയതാണ്.. എന്തു ചെയ്യും.. കാസർകോട് സ്വദേശിയാണ് തൗസീഫ്.. ഇവിടെ പൂളാടിക്കുന്നിൽ ചായക്കടയിലാണ്.. ഇങ്ങനെ ഓരോ ദേശക്കാരും ഒരേ പോലെ പറയുന്നു.. അർജുൻ മരണത്തിലും നീ ഭാഗ്യവാനാണെന്ന്.
ഗംഗാവലിയുടെ ആഴങ്ങളിൽ അനാഥമായി പോകുമായിരുന്ന ആ ദേഹം വലിയ വരവേൽപ്പോടെ സ്വന്തം മണ്ണിൽ, വീടിനോട് ചേർന്ന് അന്ത്യവിശ്രമത്തിലാണ്. അത് നമ്മുടെ നാട് ഉയർത്തിയ ശബ്ദത്തിന്‍റെ, കൂട്ടായ്‌മയുടെ ഫലമാണ്. ദിവസങ്ങൾ കഴിയുന്തോറും അർജുന്‍റെ പേര് നാവിൻ തുമ്പിൽ നിന്ന് മാഞ്ഞേക്കാം. എന്നാൽ, ഒരു കാലവും മലയാളികൾ മറക്കില്ല ആ മുഖത്തെ ലാളിത്യം.
Also Read: അർജുന് വിട നൽകി ജന്മനാട്; സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി