തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണത്തിന് കരിങ്കല്ലുമായി പോയ ടിപ്പറിൽ നിന്ന് കരിങ്കല്ല് തെറിച്ചു വീണ് മരണപ്പെട്ട ബിഡി എസ് വിദ്യാർത്ഥി അനന്തുവിൻ്റെ കുടുംബത്തിന് സമാശ്വാസവുമായി അദാനി ഗ്രൂപ്പ് രംഗത്ത്.അനന്തുവിൻ്റെ കുടുംബത്തെ നേരിൽക്കണ്ടാണ് അദാനി ഗ്രൂപ്പ് സഹായധനം നൽകുമെന്ന് അറിയിച്ചത്.ഇതിനു പുറമേ അനന്തുവിൻ്റെ അമ്മയ്ക്ക് ജോലിയും വാഗാദാനം ചെയ്തതായാണ് വിവരം. ടിപ്പറുകളുടെ ലക്കും ലഗാനുമില്ലാത്ത ഓട്ടത്തിൽ അനന്തുവിൻ്റെ ജീവൻ പൊലിഞ്ഞത് ഈ മാസം 19 ന് ആയിരുന്നു.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖനിർമാണത്തിന് കരിങ്കല്ലുമായിപ്പോയ ടിപ്പറിൽ നിന്നുള്ള കരിങ്കല്ല് തെറിച്ചു വീണ് നെയ്യാറ്റിൻ കര മിംസ് മെഡി സിറ്റിയിലെ ബി ഡി എസ് വിദ്യാർത്ഥിയായ അനന്തു മരണമടഞ്ഞത്. ബി ഡി എസ് നാലാം വർഷ വിദ്യാർത്ഥിയായ അനന്തു കോളേജിലേക്ക് പോകും വഴിയായിരുന്നു അപകടത്തിൽപ്പെട്ടത്.ഹെൽമറ്റ് ധരിച്ചിരുന്നെങ്കിലും ആദ്യം തലയിലും പിന്നീട് നെഞ്ചിലുമായി കരിങ്കല്ല് പതിച്ചതോടെ സ്കൂട്ടർ നിയന്ത്രണം വിട്ട് മതിലിലിടിക്കുകയായിരുന്നു.
സഹായധനം എത്രയെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും ഒരു കോടി രൂപ നഷ്ട പരിഹാരം വാഗ്ദാനം ചെയ്തതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.