തിരുവനന്തപുരം : ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങിയ ശുചീകരണ തൊഴിലാളി ജോയിയെ(42) കാണാതായിട്ട് 23 മണിക്കൂർ. സ്ഥലത്ത് ഫയർ ഫോഴ്‌സിന്‍റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. നിലവിൽ ആമയിഴഞ്ചാൻ തോട് കടന്നു പോകുന്ന തിരുവനന്തപുരം സെൻട്രൽ റെയിൽവേ ട്രാക്കിന്‍റെ മാൻഹോളുകൾ തുറന്ന് നാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്‌സിന്‍റെ സ്‌കൂബ ടീം റെയിൽവേ സ്റ്റേഷന് അകത്ത് കൂടി കടന്നു പോകുന്ന ആമയിഴഞ്ചാൻ തോട്ടിൽ പരിശോധന തുടരുകയാണ്.
നിരവധി ട്രെയിനുകൾ പോകുന്ന സമയമായതിനാൽ റെയിൽവേയുടെ സഹകരണത്തോടെ ട്രെയിനുകൾ ട്രാക്കിൽ നിന്നും മാറ്റിയാണ് രക്ഷാപ്രവർത്തന ദൗത്യം തുടരുന്നത്. സ്ഥലത്ത് മേയർ ആര്യ രാജേന്ദ്രൻ ഉൾപ്പെടെയുള്ളവർ എത്തിയിട്ടുണ്ട്. മാലിന്യം കെട്ടിക്കിടക്കുന്നതിനാൽ മാൻഹോളിൽ ഇറങ്ങിയുള്ള തെരച്ചിലിലും സ്‌കൂബ ടീം പ്രതിസന്ധി നേരിടുകയാണ്.
രണ്ടുപേർക്കും മാത്രം ഇറങ്ങി ചെല്ലാൻ കഴിയുന്ന വഴിയിലാണ് നിലവിൽ തെരച്ചിൽ. മാലിന്യം തന്നെയാണ് രക്ഷാപ്രവർത്തകർ നിലവിൽ നേരിടുന്ന പ്രധാന പ്രതിസന്ധി. രക്ഷാപ്രവത്തകർക്കായി ആരോഗ്യ വകുപ്പ് അടിയന്തര വൈദ്യ സഹായ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
ജെൻ റോബോട്ടിക്‌സ് ഉൾപ്പെടെയുള്ള സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച് ഇന്നലെ തന്നെ തെരച്ചിൽ ശക്തമാക്കിയെങ്കിലും കാണാതായ റെയിൽവേ കരാർ തൊഴിലാളി ജോയിയെ കണ്ടെത്താനായിരുന്നില്ല. ഇന്നലെ രാവിലെ 10:30 ഓടെയാണ് തോട് വൃത്തിയാക്കാനിറങ്ങിയ ജോയിയെ കാണാതായത്.