ആലപ്പുഴ : അപകീർത്തികരമായ വീഡിയോ സമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ആലപ്പുഴ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിയും എംപിയുമായ അഡ്വ. എഎം ആരിഫ് പരാതി നൽകി. വരണാധികാരിയായ ജില്ല കലക്‌ടർക്കും ജില്ല പൊലീസ് മേധാവിക്കുമാണ് പരാതി നൽകിയത്.
കഴിഞ്ഞ 5 വർഷം മണ്ഡലത്തിലേക്ക് തിരിഞ്ഞുനോക്കാതെ വോട്ട് ചോദിച്ചെത്തിയ ആരിഫിനെ പൊതുജനം ചെരിപ്പും ചൂലുമെടുത്ത് തല്ലി ഓടിച്ചു എന്ന തലക്കെട്ടോടെയാണ് ദൃശ്യം പ്രചരിപ്പിക്കുന്നത്. എഎം ആരിഫുമായി രൂപസാദൃശ്യമുള്ള മറ്റൊരാൾക്ക് ഉണ്ടായ അനുഭവമാണ് വീഡിയോ ദൃശ്യത്തിലുള്ളതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
ആരിഫിനെ വ്യക്തിഹത്യ ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രചരിപ്പിക്കുന്ന വീഡിയോയ്‌ക്ക് പിന്നിൽ രാഷ്ട്രീയ എതിരാളികളാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും പരാതിയിൽ പറയുന്നു. വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്ന് പിൻവലിക്കാനും പ്രചരിപ്പിച്ചവർ ആരാണെന്ന് കണ്ടെത്തി ശിക്ഷ ഉറപ്പാക്കാനും നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയിലെ ആവശ്യം.
ശോഭ സുരേന്ദ്രനെതിരെ മാനനഷ്‌ട കേസ് : എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രനെതിരെ മാനനഷ്‌ട കേസ് ഫയല്‍ ചെയ്‌ത് യുഡിഎഫ് സ്ഥാനാര്‍ഥി കെസി വേണുഗോപാല്‍. കരിമണൽ ഖനനവുമായി ബന്ധപ്പെട്ട് വേണുഗോപാലിനെതിരെ ശോഭ സുരേന്ദ്രന്‍ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്നാണ് ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയിൽ കേസ് ഫയൽ ചെയ്‌തത്.
പരാതി കോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്. അതേസമയം ഏപ്രില്‍ 16ന് സാക്ഷികളുടെ മൊഴിയെടുക്കും. കെസി വേണുഗോപാലിന് വേണ്ടി ഹാജരായത് എംഎല്‍എ അഡ്വ. മാത്യു കുഴൽനാടനാണ്. രാജസ്ഥാനിലെ മുന്‍ ഖനന വകുപ്പ് മന്ത്രി കിഷോറാം ഓലയുടെ സഹായത്തോടെ കേരളത്തിലെ ധാതുക്കളെല്ലാം കവര്‍ന്ന കെസി വേണുഗോപാല്‍ കോടികള്‍ സമ്പാദിച്ചെന്നായിരുന്നു ശോഭ സുരേന്ദ്രന്‍റെ പരാമർശം.
ഇരുവരും തമ്മില്‍ പലതരത്തിലുള്ള ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്നും ഇതില്‍ ഉള്‍പ്പെടുന്ന ഒരാളാണ് ആലപ്പുഴയിലെ കര്‍ത്തയെന്നുമാണ് ശോഭ സുരേന്ദ്രന്‍ പറഞ്ഞിരുന്നത്. ഈ ആരോപണത്തിനെതിരെയാണ് കെസി വേണുഗോപാല്‍ പരാതി നല്‍കിയത്.