എറണാകുളം : ആലുവയിൽ നിന്നും കാണാതായ ഇതര സംസ്ഥാനക്കാരിയായ പെൺകുട്ടിയെ കണ്ടെത്തി. പെൺകുട്ടിയെ കടത്തി കൊണ്ടുപോകാൻ ശ്രമിച്ച രണ്ട് പേരെ ആലുവ പൊലീസ് കസ്‌റ്റഡിയിലെടുത്തു. പശ്ചിമ ബംഗാൾ സ്വദേശികളായ ഇവരെ പൊലീസ് ചോദ്യം ചെയ്‌ത് വരികയാണ്.
അതിഥി തൊഴിലാളികളുടെ മകളായ പന്ത്രണ്ട് വയസുകാരിയെ ഞായറാഴ്‌ച വൈകുന്നേരം അഞ്ചുമണിയോടെയാണ് കാണാതായത്. ഇതേ തുടർന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. ആലുവ എടയപ്പുറത്ത് വാടകവീട്ടിലായിരുന്നു കുട്ടിയും കുടുംബവും താമസിച്ചിരുന്നത്.
ഒരു മാസം മുമ്പാണ് കുട്ടി ഇവിടെയെത്തിയത്. ഇവിടെ നിന്നും രണ്ടു പേർ കുട്ടിയെ രക്ഷിതാക്കൾ കാണാതെ വിളിച്ച് കൊണ്ടുപോവുകയായിരുന്നു. അങ്കമാലി റെയിൽവേ സ്‌റ്റേഷന് സമീപം ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്തായിരുന്നു പെൺകുട്ടിയെ എത്തിച്ചത്.
ഇവിടെ നിന്നും പെൺകുട്ടിയെ കൊൽക്കത്തയിലേക്ക് കൊണ്ട് പോകാനായിരുന്നു പ്രതികൾ ലക്ഷ്യമിട്ടത്. എന്നാൽ, പരാതി ലഭിച്ചയുടൻ ആലുവ പൊലീസ് ഉണർന്ന് പ്രവർത്തിച്ചതോടെയാണ് പെൺകുട്ടിയെ കണ്ടത്താൻ കഴിഞ്ഞത്. പൊലീസ് പെൺകുട്ടിയെയും കുട്ടിയെ കടത്തി കൊണ്ടു പോകാൻ ശ്രമിച്ച മുർഷിദാബദ് സ്വദേശികളെയും ആലുവ സ്‌റ്റേഷനിലെത്തിച്ചു.
കുട്ടിയെ രണ്ട് പേർ കൂട്ടിക്കൊണ്ടു പോകുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പൊലീസ് ശേഖരിച്ചിരുന്നു. കുട്ടിയെ കണ്ടെത്താൻ ആലുവ പൊലീസ് വ്യാപക പരിശോധന നടത്തി വരികെയാണ് കുട്ടിയെ അങ്കമാലിയിൽ നിന്നും കണ്ടെത്താൻ കഴിഞ്ഞത്.
ആലുവയിൽ നിന്നും നേരത്തെയും ഇതര സംസ്ഥാന തൊഴിലാളികളുടെ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയിരുന്നു. ഇതിൽ ഒരാൾ ക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടിരുന്നു. തട്ടിക്കൊണ്ടു പോകപ്പെട്ട രണ്ടാമത്തെ കുട്ടിയും ക്രൂരമായ പീഡനത്തിന് ഇരയായിരുന്നു.
ഈയൊരു സാഹചര്യത്തിൽ പന്ത്രണ്ടു വയസുകാരിയെ കാണാതായ സംഭവം വലിയ ആശങ്ക പരത്തിയിരുന്നു. എന്നാൽ അഞ്ച് മണിക്കുറിന് ശേഷം ആശ്വാസത്തിൻ്റെ വാർത്ത എത്തുകയായിരുന്നു.
കഴിഞ്ഞ വർഷം സെപ്‌തംബർ 23 ന് ആലുവ എടയപ്പുറത്ത് വീട്ടിൽ ഉറങ്ങിക്കിടന്ന അഥിതി തൊഴിലാളികളുടെ എട്ടുവയസുള്ള മകളെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചിരുന്നു. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി ക്രിസ്‌റ്റീൽ രാജായിരുന്നു ആ സംഭവത്തിലെ മുഖ്ര്യ പ്രതി. പ്രതി കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നത് അയൽവാസിയുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കുട്ടിയെ ഉപേക്ഷിച്ച് പ്രതി കടന്നുകളഞ്ഞത്.
പെരിയാറിലെ മാർത്താണ്ഡർമ്മ പാലത്തിനുതാഴെ കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കുന്ന പ്രതിയെ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ പിടികൂടിയിരുന്നു. കഴിഞ്ഞ വർഷം ജൂലൈ 28ന് ആലുവയിൽ അഞ്ചു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയിരുന്നു. ഈ സംഭവത്തിൽ പ്രതി അസ്‌ഫാക് ആലത്തിനെ തൂക്കി കൊല്ലാനും കോടതി ശിക്ഷിച്ചിരുന്നു.
ALSO READ : താമരശ്ശേരിയില്‍ താമസിച്ചിരുന്ന ഉത്തര്‍പ്രദേശുകാരിയെ കാണാതായി; ദുരൂഹത