കണ്ണൂര്‍: എം മുകുന്ദനിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതമായ മയ്യഴി പുഴയോരത്ത് പഴയകാല ഓർമകളും രസകരമായ നിമിഷങ്ങളും പങ്കുവച്ച് ഫാറൂഖ് കോളജിലെ പൂർവ വിദ്യാർഥികൾ. അവരുടെ കളിചിരികൾക്കും തമാശകൾക്കും സൗഹൃദത്തിനും ഇന്നും പത്തരമാറ്റാണ്.
നാല് പതിറ്റാണ്ടിന് മുമ്പ് കലാലയ പഠനകാലത്ത് ഒരു ക്ലാസിൽ ഒരുമിച്ച് പഠിച്ചവർ വീണ്ടും പഴയ കാലത്തിലേക്ക് തിരിച്ച് പോവുകയാണ്, അവരുടെ ഓർമകളിലൂടെ. അറബിക്കടലിലെ ഓളങ്ങളും മയ്യഴിപ്പുഴ കടലില്‍ ചേരുന്ന അപൂര്‍വ കാഴ്‌ചയും കണ്ട് അവർ ആ ദിനം ആഹ്ലാദത്തിന്‍റെ വേദിയാക്കി. മയ്യഴിപ്പുഴയും അറബിക്കടലും സംഗമിക്കുന്ന മാഹി ആ മനോഹരദൃശ്യങ്ങൾക്ക് സാക്ഷ്യം വഹിച്ചു.
42 വര്‍ഷം മുമ്പ് കോഴിക്കോട് ഫാറൂഖ് കോളജിലെ ക്യാമ്പസില്‍ ബി.കോം പഠിച്ചിറങ്ങിയവരാണ് മയ്യഴിയില്‍ ഒത്തുകൂടിയത്. തകർത്ത് പെയ്യുന്ന മഴയെ അവഗണിച്ചായിരുന്നു ആ പഴയകാല കൂട്ടുകാരുടെ സമാഗമം. ഇത്തവണത്തെ ഒത്തുചേരലിന് മയ്യഴി തെരഞ്ഞെടുത്തത് അന്നത്തെ സഹപാഠിയായ മാഹിയിലെ അഡ്വ ഷബീറാണ്.
മയ്യഴിയുടെയും അറബിക്കടലിന്‍റെയും ഭംഗി ആ കൂട്ടുകാർ വളരെയധികം ആസ്വദിച്ചു. പുഴയോരത്ത് പതിപ്പിച്ച പാറക്കല്ലില്‍ ഇരുന്നും നിന്നും അവര്‍ കടല്‍ കാഴ്‌ചകള്‍ കണ്‍കുളിര്‍ക്കെ കണ്ടു. വെള്ളിയാങ്കല്ലിന്‍റെ സ്ഥാനം എവിടെയെന്ന സംവാദത്തിനും കൂട്ടുകാര്‍ തുടക്കമിട്ടു. എന്നാൽ ചിലര്‍ക്ക് മയ്യഴി പുഴയേയും അതിനരികില്‍ വെള്ളിക്കൊലുസുപോലെ നില കൊള്ളുന്ന വാക് വേയിലൂടെ നടക്കാനുമായിരുന്നു താത്‌പര്യം.
കോളജ് ക്യാമ്പസില്‍ കുടയില്ലാതെ മഴ നനഞ്ഞു വന്ന ഓര്‍മകള്‍ അയവിറക്കുമ്പോഴേക്കും പടിഞ്ഞാറ് മാനം കറുത്തിരുന്നു. പെട്ടെന്ന് വന്ന കാറ്റും മഴയും വയോധികരായ കൂട്ടുകാര്‍ ആവോളം ആസ്വദിച്ചു. അറബിക്കടലിന്‍റെ ഓരത്തുവരെ എത്തി അതില്‍ മയ്യഴിപ്പുഴ ചേരുന്ന അപൂര്‍വ കാഴ്‌ച ഒരിക്കല്‍ കൂടി കാണാന്‍ ഇവിടെ ഇനിയും ഒത്തുചേരണമെന്ന ആഗ്രഹം അവര്‍ പങ്കുവച്ചു.
ഒരു പകല്‍ നേരത്തെ സംഗമത്തിന് പര്യവസാനം കുറിച്ച് തിരിച്ചു പോകുമ്പോള്‍ മയ്യഴിയും അറബിക്കടലും മനസില്‍ നിറഞ്ഞു നിന്നു. പ്രശസ്‌തമായ തലശ്ശേരി ബിരിയാണി കഴിച്ചാണ് സംഗമം പര്യവസാനിച്ചത്. ഇനി കാണുമെന്ന പ്രതീക്ഷയോടെ...
Also Read: ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട; ഇന്ന് അന്താരാഷ്ട്ര സൗഹൃദ ദിനം