തിരുവനന്തപുരം : കേരളത്തിന്‍റെ ഉന്നത വിദ്യാഭ്യാസ മേഖലയ്‌ക്ക് ഊന്നല്‍ നല്‍കി രണ്ടാം പിണറായി സര്‍ക്കാരിന്‍റെ നാലാം സമ്പൂര്‍ണ ബജറ്റ്. വിദ്യാഭ്യാസ മേഖലയില്‍ വിദഗ്‌ധരുടെ ടാസ്‌ക് ഫോഴ്‌സുകള്‍ ആരംഭിക്കുമെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. മേഖലയില്‍ സ്വകാര്യ നിക്ഷേപം സ്വീകരിക്കും. വിദേശ സര്‍വകലാശാലകളെ ബജറ്റില്‍ സ്വാഗതം ചെയ്യുന്നുമുണ്ട്.
വിദ്യാഭ്യാസ വകുപ്പിന് ഒരു കോടി രൂപ അനുവദിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയ്‌ക്ക് 456.71 കോടി രൂപ, സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ കേന്ദ്രത്തിന് 16.1 കോടി രൂപ എന്നിങ്ങനെ അനുവദിച്ചതായും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി.
ഡിജിറ്റല്‍ സര്‍വകലാശാലയുടെ വികസനത്തിന് ബജറ്റില്‍ 250 കോടിയാണ് പ്രഖ്യാപിച്ചത്. ഇതിന് പുറമെ വായ്‌പ എടുക്കാനും ഡിജിറ്റല്‍ സര്‍വകലാശാലയ്‌ക്ക് അനുമതി നല്‍കി. ഡിജിറ്റല്‍ സര്‍വകലാശാലയില്‍ നിന്ന് മികച്ച നിലയില്‍ ബിരുദം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് ഒക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റിയില്‍ തുടര്‍പഠനത്തിനായി പ്രത്യേക സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിക്കും. ഡിജിറ്റല്‍ സര്‍വകലാശാലയുടെ മൂന്ന് പ്രാദേശിക കേന്ദ്രങ്ങള്‍ സംസ്ഥാനത്ത് ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സാങ്കേതിക സര്‍വകലാശാലയ്‌ക്ക് 10 കോടിയും പ്രഖ്യാപിച്ചു.
ഉന്നത വിദ്യാഭ്യാസം, ശാസ്‌ത്രം, സാങ്കേതികം എന്നീ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിയായിരുന്നു കഴിഞ്ഞ രണ്ട് ബജറ്റുകളും. പ്രസ്‌തുത മേഖലകളില്‍ നിരവധി പുതിയ സുപ്രധാന സ്ഥാപനങ്ങള്‍ ആരംഭിക്കുമെന്നും പ്രഖ്യാപനം ഉണ്ടായിരുന്നു. സെന്‍റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ മൈക്രോബയോം, സെന്‍റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ന്യൂട്രാസ്യൂട്ടിക്കല്‍സ്, സര്‍വകലാശാലകളിലെ ട്രാന്‍സലേഷണല്‍ ഗവേഷണ കേന്ദ്രങ്ങള്‍, മൂന്ന് സര്‍വകലാശാലകളിലെ ഗവേഷണ കേന്ദ്രങ്ങള്‍, മൂന്ന് സര്‍വകലാശാലകളിലെ സയന്‍സ് പാര്‍ക്കുകള്‍, സര്‍വകലാശാലകള്‍ക്കുള്ള കെട്ടിടങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഇവയില്‍ ചിലത് ഇതിനകം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടെന്നും മറ്റുള്ളവ വിവിധ ഘട്ടങ്ങളിലാണെന്നും മന്ത്രി അറിയിച്ചു.
രാജ്യത്തെ ഉന്നത വിദ്യാഭ്യാസത്തിന്‍റെ ഹബ്ബായി കേരളത്തെ മാറ്റും എന്നതാണ് ബജറ്റിലെ പ്രഖ്യാപനം. പഠനത്തിനായി വിദേശത്തേക്ക് പോകുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. 2022ല്‍ ഇത്തരം വിദ്യാര്‍ഥികളുടെ എണ്ണം 13.2 ലക്ഷമായി ഉയര്‍ന്നു. ലോകോത്തര നിലവാരമുള്ള സ്ഥാപനങ്ങള്‍ സ്ഥാപിക്കണമെന്ന ആവശ്യം സംസ്ഥാനത്ത് ഉയര്‍ന്നതായും മന്ത്രി പറഞ്ഞു. നവകേരള സദസില്‍ അടക്കം വിഷയം ഉയര്‍ന്നിരുന്നതായും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ ഘടനയില്‍ വേണ്ടുന്ന മാറ്റങ്ങള്‍ ഉള്‍പ്പടെ സമഗ്രമായ നയപരിപാടികള്‍ ഈ വര്‍ഷം സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്നതായും മന്ത്രി ബജറ്റ് അവതരണത്തില്‍ പറഞ്ഞു.
2022ലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ പരിഷ്‌കാരങ്ങള്‍ക്കായി സര്‍ക്കാര്‍ രൂപീകരിച്ച കമ്മിഷന്‍ നിര്‍ദേശിച്ച പ്രകാരം മികവിന്‍റെ ഉയര്‍ന്ന നിലവാരം കൈവരിക്കുന്നതിനുള്ള പാത പിന്തുടരുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.
പ്രവാസികളായ അക്കാദമിക് വിദഗ്‌ധരുടെ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ച് അവരുടെ സേവനം ഉറപ്പുവരുത്തും. യൂറോപ്പ്, യുഎസ്‌എ, സിംഗപ്പൂര്‍, ഗള്‍ഫ് നാടുകള്‍ എന്നിവിടങ്ങളില്‍ വരുന്ന മെയ്-ജൂണ്‍ മാസങ്ങളില്‍ നാല് പ്രാദേശിക കോണ്‍ക്ലേവുകള്‍ നടത്തും. ഇതിന്‍റെ തുടര്‍ച്ചയായി ഓഗസ്റ്റില്‍ ഹയര്‍ എജുക്കേഷന്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ ഇനിഷ്യേറ്റീവ് ഗ്ലോബല്‍ കോണ്‍ക്ലേവ് സംസ്ഥാനത്ത് സംഘടിപ്പിക്കും. സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിനായിരിക്കും ചുമതല.
ഉന്നത വിദ്യാഭ്യാസ നിക്ഷേപ നയം രൂപീകരിക്കും. ദേശീയ, അന്തര്‍ ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ച് സംസ്ഥാനത്ത് അന്താരാഷ്‌ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിനായി നിക്ഷേപം ആകര്‍ഷിക്കും.
യുജിസി മാനദണ്ഡങ്ങള്‍ അനുസരിച്ച് കേരളത്തില്‍ വിദേശ സര്‍വകലാശാല ക്യാമ്പസുകള്‍ സ്ഥാപിക്കുന്നതിനുള്ള അവസരങ്ങള്‍ പരിശോധിക്കും. അംഗീകാരത്തിനുള്ള ഏകജാലക ക്ലിയറന്‍സ്, സ്റ്റാമ്പ് ഡ്യൂട്ടി അഥവാ ട്രാന്‍സ്‌ഫര്‍ ഡ്യൂട്ടി, രജിസ്‌ട്രേഷന്‍ ചാര്‍ജുകളില്‍ ഇളവുകള്‍, വൈദ്യുതിയ്‌ക്കും വെള്ളത്തിനുമുള്ള സബ്‌സിഡികള്‍, നികുതി ഇളവ്, മൂലധനത്തിന് മേലുള്ള നിക്ഷേപ സബ്‌സിഡി എന്നീ ഘടകങ്ങള്‍ നിക്ഷേപ പോളിസിയുടെ ഭാഗമാക്കും. സ്വകാര്യ സര്‍വകലാശാല ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്.
പൊതുവിദ്യാഭ്യാസ മേഖലയ്‌ക്ക് 1032.62 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയത്. സ്‌കൂളുകള്‍ ഭിന്നശേഷി സൗഹൃദമാക്കുന്നതിന് 10 കോടി രൂപ അനുവദിച്ചു. ഉയര്‍ന്ന അക്കാദമിക് മികവും നൈപുണ്യവും കൈവരിക്കുന്നതിന് വിദ്യാര്‍ഥികളെ സഹായിക്കുന്ന പദ്ധതികള്‍ക്കായി 27.50 കോടി രൂപ വകയിരുത്തി.
മറ്റ് പ്രഖ്യാപനങ്ങള്‍:
- പാര്‍ശ്വവത്‌കരിക്കപ്പെട്ട വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്കായി 5.15 കോടി
- പ്രത്യേക ശ്രദ്ധയും പരിചരണവും വേണ്ട കുട്ടികളുടെ ഉന്നമനത്തിനായി 14.80 കോടി
- സ്‌കൂളുകള്‍ ആധുനികവത്‌കരിക്കാന്‍ 33 കോടി
- സ്‌കൂളുകളുടെ അക്കാദമിക് നിലവാരം മെച്ചപ്പെടുത്താന്‍ പദ്ധതികള്‍
- ആദ്യഘട്ടത്തില്‍ എല്ലാ ജില്ലയിലും ഓരോ മോഡല്‍ സ്‌കൂള്‍
- പ്രവര്‍ത്തന മികവിന്‍റെ അടിസ്ഥാനത്തില്‍ സ്‌കൂളുകള്‍ക്ക് ഗ്രേഡിങ്
- 6 മാസത്തില്‍ ഒരിക്കല്‍ അധ്യാപകര്‍ക്ക് റെസിഡന്‍ഷ്യല്‍ പരിശീലനം
- സാങ്കേതിക വിദ്യ സംബന്ധിച്ച ആവശ്യങ്ങള്‍ക്കായി വിദ്യാഭ്യാസ വകുപ്പിന് ഒരു കോടി രൂപ
- സൗജന്യ യൂണിഫോമിനായി 155.34 കോടി
- ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ സംരക്ഷണ പദ്ധതിക്കായി 50 കോടി
- കേരള ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എജുക്കേഷന്‍ (കൈറ്റ്) പ്രവര്‍ത്തനങ്ങള്‍ക്ക് 38.50 കോടി
- ഹയര്‍ സെക്കന്‍ഡറി മേഖലയ്‌ക്ക് 75.20 കോടി
- സിഎച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കായി 10 കോടി
- എസ്‌സിഇആര്‍ടിയുടെ പ്രവര്‍ത്തനത്തിന് 21 കോടി
- സമഗ്ര ശിക്ഷ അഭിയാന്‍ പദ്ധതിക്ക് 55 കോടി
- സമഗ്ര ശിക്ഷ അഭിയാന്‍ സംസ്ഥാന പ്രൊജക്‌ട് ഡയറക്‌ടറേറ്റിന് 14 കോടി
- ഉച്ചഭക്ഷണ പദ്ധതിക്ക് 382.14 കോടി
- ഉന്നത വിദ്യാഭ്യാസ മേഖലയ്‌ക്ക് 456.71 കോടി
- ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന് 16.50 കോടി
- കേരള എന്‍റര്‍പ്രൈസസ് റിസോഴ്‌സസ് പ്ലാനിങ് സൊല്യൂഷനും ഉന്നത വിദ്യാഭ്യാസ മേഖലയിലെ മികവിന്‍റെ കേന്ദ്രങ്ങള്‍ക്കും 13.40 കോടി
- അസാപ് പദ്ധതിക്ക് 35.10 കോടി
- വിദ്യാര്‍ഥികളുടെ മാനസിക ഉല്ലാസം, മാനസികാരോഗ്യം, നൈപുണ്യ വികസനം, ഭിന്നശേഷി വിദ്യാര്‍ഥികളുടെ പ്രത്യേക സൗകര്യം എന്നിവയ്‌ക്കായി 15.70 കോടി
- രാഷ്‌ട്രീയ ഉച്ചതാര്‍ ശിക്ഷ അഭിയാന്‍ പദ്ധതിക്ക് 30 കോടി
- കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്‍റ് സ്റ്റഡീസിന് ഒരു കോടി
- തിരുവനന്തപുരം വനിത കോളജിന് ഒരു കോടി
- എംജി സര്‍വകലാശാലയുടെ സി പാസിന് നഴ്‌സിങ് വിദ്യാഭ്യാസത്തിനായി 3 കോടി
- ശിഖ എന്ന പേരില്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ മ്യൂസിയം ഓഫ് എമിനന്‍സ് സ്ഥാപിക്കും
- സാങ്കേതിക വിദ്യാഭ്യാസ മേഖലയ്‌ക്ക് 247.30 കോടി