2018 മെയിലാണ് സംസ്ഥാനത്ത് ആദ്യമായി നിപ വെെറസ് ബാധ സ്ഥിരീകരിച്ചത്. കോഴിക്കോട് പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിലാണ് അസുഖം ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അസുഖം ബാധിച്ച 19 പേര്‍ മരിക്കുകയും ചെയ്‌തിരുന്നു.
എന്നാല്‍ ഒരിടവേളയ്‌ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും നിപ ആശങ്കയേറുകയാണ്. വാര്‍ത്ത മാധ്യമങ്ങളില്‍ നിപ വൈറസ് സംബന്ധിച്ച വാര്‍ത്തകള്‍ വരുന്നുണ്ടെങ്കിലും പലര്‍ക്കും അസുഖത്തെ കുറിച്ച് വലിയ ധാരണകളൊന്നുമില്ലെന്നതാണ് വാസ്‌തവം. അസുഖത്തെ കുറിച്ചും അതിന്‍റെ ലക്ഷ്‌ണങ്ങളെ കുറിച്ചും വിശദമായി അറിയാം.
എന്താണ് നിപ വെെറസ്: മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന സൂനോറ്റിക് രോഗമാണ് നിപ എന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. 1999ല്‍ മലേഷ്യയിലാണ് നിപ അദ്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. പന്നി കര്‍ഷകരിലാണ് വെെറസ് ആദ്യം കണ്ടെത്തിയത്.
2001ല്‍ ബംഗ്ലാദേശിലും നിപ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. വവ്വാലുകളുടെ വിസര്‍ജ്യം വീണ മധ്യം ഉപയോഗിച്ചവരിലാണ് രോഗം സ്ഥിരീകരിച്ചത്. ബംഗ്ലാദേശിലും ഇന്ത്യയിലും വെെറസ് ബാധയേറ്റ വവ്വാലുകളിലൂടെയാണ് രോഗപടര്‍ന്നതെന്നാണ് നിഗമനം. ഇവയുടെ കാഷ്‌ഠം മൂത്രം, ഉമിനീര് എന്നീ സ്രവങ്ങളിലൂടെ വൈറസുകള്‍ പടര്‍ന്നത്.
രോഗലക്ഷണങ്ങള്‍ എന്തല്ലാം?
നിപ വൈറസ് ശരീരത്തില്‍ പ്രവേശിച്ച് അഞ്ച് മുതല്‍ 14 ദിവസത്തിന് ശേഷം മാത്രമാണ് രോഗ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുക. കടുത്ത പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമാണ് പ്രധാന ലക്ഷണങ്ങള്‍. ചുമ, വയറുവേദന, മനംപുരട്ടല്‍, ഛര്‍ദി, ക്ഷീണം കാഴ്‌ച മങ്ങല്‍ എന്നിവയും അനുഭവപ്പെടാം. ചിലരില്‍ അപസ്‌മാരം, ബോധക്ഷയം എന്നിവയ്ക്കും സാധ്യതയുണ്ട്.
മുന്‍കരുതലെടുക്കാം
വൈറസ് ബാധയുള്ള വവ്വാലിന്‍റെ കാഷ്‌ഠം, മൂത്രം, ഉമിനീർ തുടങ്ങിയവ മനുഷ്യ ശരീരത്തിലെത്തിയാല്‍ അണുബാധയ്ക്ക് കാരണമായേക്കാം. അതുകൊണ്ട് ഉപയോഗിക്കുന്ന പഴങ്ങള്‍ നന്നായി വൃത്തിയാക്കിയ ശേഷം മാത്രം കഴിക്കുക. അവ വവ്വാലുകള്‍ കടിച്ചതല്ലെന്ന് ഉറപ്പുവരുത്തുകയും വേണം.
വളര്‍ത്തുമൃഗങ്ങളുമായി ഇടപഴകുന്നവര്‍, അവയില്‍ എന്തെങ്കിലും രോഗ ലക്ഷണങ്ങളുണ്ടോയെന്ന് ശ്രദ്ധിക്കണം. സംശയം ഉണ്ടെങ്കില്‍ ചികിത്സ നല്‍കണം. അവയുടെ വിസര്‍ജ്യങ്ങളും സ്രവങ്ങളും ശരീരത്തിലാകാതെ നോക്കണം. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
വൈറസ് ബാധിച്ച രോഗിയെ പരിചരിക്കുന്നവർ കൈയ്യുറയും മാസ്‌ക്കും ധരിക്കണം. രോഗം പകരാനുള്ള സാഹചര്യങ്ങളില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കുകയെന്നതാണ് ഏറ്റവും മികച്ച രീതി.
Also Read: നിപയെന്ന് സംശയം; കോഴിക്കോട് 14കാരന്‍ ചികിത്സയില്‍ - Nipah in Kozhikode