കാസർകോട്: ചൈനയിൽ നിന്നും പുറപ്പെട്ട കപ്പലിൽ നിന്നും കഴിഞ്ഞ വെള്ളിയാഴ്‌ച കാണാതായ കാസർകോട് സ്വദേശി ആൽബർട്ട് ആന്‍റണിക്കായുള്ള തെരച്ചിൽ അവസാനിപ്പിച്ചെന്ന് വിവരം ലഭിച്ചതായി കുടുംബം. ആൽബർട്ടിനെ കാണാതായി ഇന്നേക്ക് (ഒക്‌ടോബർ 9) അഞ്ചു ദിവസം പിന്നിടുകയാണ്. നേരത്തെ സ്ഥലത്ത് കപ്പലുകൾ തെരച്ചിൽ നടത്തിയിരുന്നു. നിലവിൽ അതുവഴി പോകുന്ന കപ്പലുകൾക്ക് നിരീക്ഷണം നടത്താൻ നിർദേശം നൽകിയതായാണ് വിവരം. ഇതോടെ കുടുംബം ആശങ്കയിലായി.
ആവശ്യമായ ഇടപെടൽ നടത്തുമെന്നു ഭരണ രാഷ്ട്രീയ നേതൃത്വങ്ങൾ ഉറപ്പ് നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ കേന്ദ്ര സംസ്ഥാന സർക്കാരുകളിൽ നിന്ന് മറ്റു വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് കുടുംബം പറഞ്ഞു. സിനർജി മാരിടൈം കമ്പനിയുടെ എം വി ട്രൂ കോൺറാഡ് എന്ന ചരക്ക് കപ്പലിലെ ഡെക്ക് ട്രെയിനിങ് കാഡറായി ജോലി ചെയ്യുകയായിരുന്നു ആൽബർട്ട് ആന്‍റണി. ചൈനയിൽ നിന്നും സൗത്ത് ആഫ്രിക്കയിലേക്കുള്ള യാത്രക്കിടെ ശ്രീലങ്കയിൽ നിന്നുമാണ് ആൽബർട്ട് ആന്‍റണിയെ കാണാതാവുന്നത്. ഈ കപ്പൽ നിലവിൽ സൗത്ത് ആഫ്രിക്കയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇതേ കപ്പൽ കമ്പനിയിൽ ജോലി ചെയ്യുന്ന അവധിക്ക് നാട്ടിലെത്തിയ ജീവനക്കാരനാണ് അധികൃതരുടെ നിർദ്ദേശപ്രകാരം ആൽബർട്ടിനെ കാണാതായ വിവരം ആദ്യം കുടുംബത്തെ അറിയിച്ചത്. തുടർന്ന് കമ്പനി അധികൃതരും വീട്ടിലെത്തി വിവരം പറഞ്ഞു. വ്യാഴാഴ്‌ച രാത്രി ഏഴിന് വീട്ടുകാരുമായി വീഡിയോ കോളിൽ സംസാരിച്ചിരുന്നു. വെള്ളിയാഴ്‌ച രാത്രി ഒമ്പതിന് വിളിക്കാം എന്ന് പറഞ്ഞാണ് ഫോൺ സംഭാഷണം അവസാനിപ്പിച്ചത്. പിന്നീട് വിളിക്കുകയോ വാട്‌സ്ആപ്പ് മെസേജുകൾക്കൊന്നും പ്രതികരിക്കുകയോ ചെയ്‌തിട്ടില്ലെന്ന് കുടുംബം പറഞ്ഞു.
ഏപ്രിലിലാണ് ആൽബർട്ട് ജോലിയിൽ പ്രവേശിച്ചത്. ഡിസംബറോടെ അവധിക്ക് നാട്ടിൽ വരാനുള്ള ഒരുക്കത്തിലായിരുന്നു.