തിരുവനന്തപുരം: എകെജി സെന്‍റര്‍ ആക്രമണ കേസില്‍ ഡല്‍ഹിയില്‍ പിടിയിലായ രണ്ടാം പ്രതിയും യൂത്ത് കോൺഗ്രസ് നേതാവുമായ സുഹൈല്‍ ഷാജഹാനെ റിമാന്‍ഡ് ചെയ്‌തു. തിരുവനന്തപുരം സിജെഎം കോടതിയാണ് സുഹൈലിനെ റിമാന്‍ഡ് ചെയ്‌തത്. ഇന്നലെ പുലര്‍ച്ചെയായിരുന്നു സുഹൈലിനെ ഡല്‍ഹിയില്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞ് തടഞ്ഞുവെയക്കുന്നതും സംസ്ഥാന പൊലീസ് ക്രൈം ബ്രാഞ്ചിനെ വിവരമറിയിക്കുന്നതും.
തുടര്‍ന്ന് ഇന്നലെ അര്‍ദ്ധരാത്രിയോടെ തിരുവനന്തപുരം സ്‌പെഷ്യല്‍ ബ്രാഞ്ച് യൂണിറ്റ് സുഹൈലിനെ നാട്ടിലെത്തിച്ചതിന് ശേഷം ഇന്ന് രാവിലെയാണ് കോടതിയില്‍ ഹാജരാക്കിയത്. യൂത്ത് കോണ്‍ഗ്രസ് മുന്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായ സുഹൈല്‍ ഷാജഹാന്‍ കേസിലെ മുഖ്യ സൂത്രധാരനാണെന്ന് ക്രൈം ബ്രാഞ്ച് നേരത്തെ തന്നെ റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു.
ദുബായിലേക്ക് കടന്ന സുഹൈലിനായി ലുക്ക് ഔട്ട് നോട്ടീസ് ഉള്‍പ്പെടെ പൊലീസ് പുറപ്പെടുവിച്ചിരുന്നു. 2022 ജുലൈ ഒന്നിന് രാത്രി 11.25 നായിരുന്നു എകെജി സെന്‍ററിന്‍റെ മതിലില്‍ സ്‌ഫോടക വസ്‌തുവെറിഞ്ഞത്. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ വി ജിതിന്‍, ടി നവ്യ എന്നിവരെ പൊലീസ് നേരത്തെ തന്നെ അറസ്‌റ്റ് ചെയ്‌തിരുന്നു. മൂന്നാം പ്രതിയും ആക്രമി ഉപയോഗിച്ച വാഹനത്തിന്‍റെ ഉടമയുമായ സുധീഷിനെയും ഇതു വരെ പിടികൂടാനായിട്ടില്ല.