തിരുവനന്തപുരം : മലയാളികൾക്ക് പ്രഭാതത്തിന്‍റെ ഈണമായിരുന്നു ആകാശവാണി. ശ്രോതാക്കളുടെ മനസുകളില്‍ ചെറുപ്പത്തിന്‍റെ ചുറുചുറുക്കോടെ മുന്നോട്ട് കുതിക്കുന്ന ആകാശവാണി തിരുവനന്തപുരം നിലയത്തിന് ഇന്ന് 75 വയസ്. 75-ാം വാർഷിക ആഘോഷ പരിപാടികളുടെ ഉദ്ഘാടനം വഴുതക്കാട് ആകാശവാണി അങ്കണത്തിൽ എഴുത്തുകാരനും അധ്യാപകനുമായ ഡോ. ജോർജ് ഓണക്കൂർ ഉദ്ഘാടനം ചെയ്‌തു.
ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾക്കാണ് ഇന്ന് തുടക്കമായത്. ഭാഷയെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന് പഠിപ്പിക്കുകയാണ് ആകാശവാണിയെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ചരിത്രകാരനും അധ്യാപകനുമായ ഡോ. എം ജി ശശിഭൂഷൺ പറഞ്ഞു.
പിൽക്കാലത്ത് അധ്യാപകനായിരുന്നപ്പോൾ എങ്ങനെയാണ് ഉച്ചരിക്കേണ്ടത്, എവിടെയാണ് നിർത്തേണ്ടത്, എവിടെയാണ് നിർത്താതെ പറയേണ്ടത് എന്നൊക്കെ പറയാൻ പ്രേരിപ്പിച്ചതും സഹായിച്ചതും ആകാശവാണിയിലെ പ്രഭാഷകരായിരുന്നു. ആകാശവാണിയുടെ പരിപാടികൾക്ക് കാതോർത്തിരിക്കുന്ന അനേകം തിരുവനന്തപുരത്തുകാരിൽ ഒരാളായി താൻ തുടരുകയാണെന്ന് അദ്ദേഹം കൂട്ടിചേർത്തു.
അന്നത്തെ ഏറ്റവും ആകർഷകമായ പരിപാടികളിൽ ഒന്ന് വയലും വീടും ഒക്കെയാണ്. അതൊക്കെ സാധാരണഗതിയിൽ അങ്ങേയറ്റം വിരസമായ പരിപാടി ആകേണ്ടതായിരുന്നു. പക്ഷേ അതിൽ പങ്കെടുക്കുന്ന സ്റ്റുഡിയോ ആർട്ടിസ്റ്റുമാരുടെ ശബ്‌ദങ്ങളിലൂടെയാണ് ആ പരിപാടിയെ വാസ്‌തവത്തിൽ ശ്രദ്ധിച്ചത്. ആകാശവാണി ഒരു വലിയ ദൗത്യമാണ് സ്വാതന്ത്ര്യാനന്തരം വഹിച്ചത്. സർക്കാരിന്‍റെ പ്രചാരണ പരിപാടികളെ ഹൃദ്യമാക്കിയടുത്താണ് ആകാശവാണിയിലെ കലാകാരന്മാർ കാണിച്ച മാന്ത്രികത. പൊതുവേ പറഞ്ഞാൽ മലയാളി നിഷേധിയാണ്.
ഈ നിഷേധിയായ മലയാളിയെ ശ്രോതാവാക്കി പിടിച്ചിരുത്തിയവിടെയാണ് ആകാശവാണി കാണിച്ച അത്ഭുതം. അതിനവർ എന്ത് തന്ത്രമാണ് ഉപയോഗിച്ചതെന്ന് ഭാവി തലമുറ അറിയണമെന്നും ശശിഭൂഷൺ പറഞ്ഞു. ആകാശവാണി ഒരു സംസ്‌കാരമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ജോർജ് ഓണക്കൂർ പറഞ്ഞു. സത്യത്തിന്‍റെ ഭാഗത്ത് നിന്നു കൊണ്ടാണ് ആകാശവാണി പ്രവർത്തിക്കുന്നത്.
ആകാശവാണി മികച്ച ഗുരു ആണെന്നും അദ്ദേഹം പറഞ്ഞു. എഴുപത്തിയഞ്ചാം വാർഷികത്തിൻ്റെ ഭാഗമായി 1950 മുതൽ 2024 വരെയുള്ള ആകാശവാണിയുടെ വിവിധ പരിപാടികൾ തിരുവനന്തപുരം നിലയം പുനഃപ്രക്ഷേപണം ചെയ്യും. 1943 ൽ ആരംഭിച്ച തിരുവിതാംകൂർ റേഡിയോ സ്റ്റേഷൻ 1950 ഏപ്രിൽ 1 നാണ് ഓൾ ഇന്ത്യ റേഡിയോയുടെ ഭാഗമായത്.