കോഴിക്കോട്: മാനന്തവാടിയില്‍ നിന്ന് പിടികൂടിയ കാട്ടാന, തണ്ണീര്‍കൊമ്പന്‍ ചരിഞ്ഞ സംഭവം ഉന്നതതല സമിതി അന്വേഷിക്കുമെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍. വിദഗ്‌ദ പരിശോധനയ്ക്കു മുന്‍പ്‌തന്നെ ആന ചരിഞ്ഞു. കേരളവും, കര്‍ണാടകയും സംയുക്തമായി പോസ്റ്റ്‌മോര്‍ട്ടം നടത്തും. മയക്കുവെടി ഉത്തരവ് വൈകിയത് നടപടിക്രമങ്ങള്‍ കൃത്യമായി പാലിക്കാനാണ്. അതു കാലതാമസമായാണ് എല്ലാവരും വ്യാഖ്യാനിച്ചത്. വനംവകുപ്പിന് (Forest Department) ഒരു വീഴ്‌ചയും സംഭവിച്ചിട്ടില്ലെന്നും മന്ത്രി ശശീന്ദ്രന്‍ പറഞ്ഞു.
മാനന്തവാടിയില്‍ ഭീതിവിതച്ച ആനയെ ജനവാസമേഖലയില്‍ മയക്കുവെടിവയ്ക്കാന്‍ വനംമേധാവി വിസമ്മതിച്ചിരുന്നു. തുടര്‍ന്ന് അവധിയിലുള്ള ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് മയക്കുവെടിവയ്ക്കാന്‍ ഉത്തരവിട്ടത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വരുന്നത് വരെ ഊഹാപോഹങ്ങൾ പറയാനില്ലെന്നും മന്ത്രി പറഞ്ഞു.
കർണാടക വനമേഖലയിൽ നിന്നാണ് തണ്ണീര്‍ കൊമ്പന്നെന്ന കാട്ടാന വയനാട്ടിലെത്തിയത്. കർണാടകയിലെ ഹസൻ ഡിവിഷന് കീഴിൽ കഴിഞ്ഞ ജനുവരി 16-ന് മയക്കുവെടി വച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് കാടു കയറ്റിയ ആന വയനാട്ടിലെ ജനവാസ മേഖലയിൽ ഇറങ്ങി മണിക്കൂറോളം ഭീതി പടർത്തിയിരുന്നു.