തിരുവനന്തപുരം : 1982-ല്‍ തന്‍റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് വിഭാഗം ഇന്ദിരാ കോണ്‍ഗ്രസില്‍ ലയിച്ച് വലിയ ചുമതലകളൊന്നുമില്ലാതെ എകെ ആന്‍റണി കഴിയുന്ന കാലം. 1984-ല്‍ എറണാകുളത്തെ തന്‍റെ സ്ഥിരം താവളമായ മാസ് ഹോട്ടലിലെ റിസപ്ഷനില്‍ നിന്ന് ഡല്‍ഹിയില്‍ നിന്ന് ഒരു ഫോണുണ്ടെന്ന് അറിയിക്കുന്നു. ആന്‍റണി റിസപ്ഷനിലെത്തി ഫോണെടുത്തു. അങ്ങേത്തലയ്ക്കല്‍ രാജീവ് ഗാന്ധി.
അദ്ദേഹം അന്ന് എഐസിസി ജനറല്‍ സെക്രട്ടറിയാണ്. അടിയന്തിരമായി ആന്‍റണിജി ഡല്‍ഹിയിലെത്തണമെന്ന് രാജീവ് ഗാന്ധിയുടെ അപേക്ഷാ നിര്‍ഭരമായ സ്വരം. സമ്മതിച്ചു. പിറ്റേന്ന് തന്നെ ഡല്‍ഹിക്ക് തിരിച്ചു. ഡല്‍ഹിയലെത്തിയ തന്നെ രാജീവ് ഗാന്ധി ഒന്നാം നമ്പര്‍ സഫ്‌ദര്‍ ജംഗ് റോഡിലെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ വസതിയിലേക്ക് കൂട്ടിക്കൊണ്ടു പോയി.
അവിടെ ആന്‍ണിയെ ഊഷ്‌മളമായി സ്വീകരിച്ച ശേഷം ഇന്ദിരാ ഗാന്ധി ഒരു അഭ്യര്‍ത്ഥന മുന്നോട്ട് വച്ചു. ആന്‍റണിജി ഡല്‍ഹിയില്‍ സ്ഥിര താമസമാക്കി എഐസിസി ജനറല്‍ സെക്രട്ടറി പദം ഏറ്റെടുക്കണം. അഭ്യര്‍ഥന സമ്മതിച്ച ആന്‍റണി തൊട്ടടുത്ത ദിവസം തന്നെ എഐസിസി ആസ്ഥാനത്തെത്തി ജനറല്‍ സെക്രട്ടറി പദം ഏറ്റെടുത്തു.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ജീവിതത്തെ ആസ്‌പദമാക്കി മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകന്‍ എന്‍ അശോകന്‍ രചിച്ച 'രാഹുല്‍ ഗാന്ധി; വെല്ലുവിളികളില്‍ പതറാതെ' എന്ന പുസ്‌കതത്തിന്‍റെ പ്രകാശന ചടങ്ങില്‍ സംസാരിക്കവെയാണ് ആന്‍റണി ഇക്കാര്യം പറഞ്ഞത്. അത്രയേറെ കരുതലും സ്‌നേഹവും നെഹ്‌റു കുടുംബം തന്നോട് കാട്ടിയിട്ടുണ്ട്.
മഹാത്മാഗാന്ധിയും ജവഹര്‍ലാല്‍ നെഹ്‌റുവുമാണ് തന്‍റെ ആരാധനാ മൂര്‍ത്തികള്‍. താന്‍ കടുത്ത നെഹ്‌റു ആരാധകനാണ്. ചേര്‍ത്തല സ്‌കൂളില്‍ വിദ്യാര്‍ത്ഥിയായിരിക്കേ അവിടെയെത്തിയ അന്നത്തെ പ്രധാനമന്ത്രി നെഹ്‌റുവിനെ ജയ് ജയ് ജവഹര്‍ലാല്‍ എന്ന് മുദ്രാവാക്യം വിളിച്ച് ആരംഭിച്ചതാണ് തന്‍റെ രാഷ്ട്രീയ ജീവിതമെന്നും ആന്‍റണി പറഞ്ഞു.
ദില്ലിയില്‍ ഐഐസിസി ജനറല്‍ സെക്രട്ടറിയായിരിക്കുമ്പോള്‍ ഒന്നാം നമ്പര്‍ സഫ്‌ദര്‍ ജംഗ് വസതിയിലെത്തിയിരുന്നവരും റോ പോലുള്ള രഹസ്യാന്വേഷണ ഏജന്‍സികളും, രണ്ട് സുരക്ഷാ ഭടന്‍മാര്‍ തുടരുന്നത് ഇന്ദിരാ ഗാന്ധിയുടെ ജീവന് ഭീഷണിയാണെന്നും അവരെ മാറ്റണമെന്നും നിര്‍ദ്ദേശിച്ചു. എന്നാല്‍ ഒരു പ്രത്യേക മത വിഭാഗത്തിലുള്ള രണ്ടു പേരെ മാറ്റുന്നത് താന്‍ അംഗീകരിക്കില്ലെന്നും അവര്‍ തുടരുക തന്നെ വേണമെന്നും ഇന്ദിരാഗാന്ധി കര്‍ശന നിലപാടെടുത്തു.
എന്നാല്‍ തന്‍റെ ജീവന് ഇവര്‍ ഭീഷണിയാണെന്ന് ഇന്ദിരയ്‌ക്ക് അറിയാമായിരുന്നു. ഇത് മനസിലാക്കിയാണ് 1984 ഒക്ടോബര്‍ 31-ന്, അതേ സുരക്ഷാ ഭടന്‍മാരാല്‍ കൊല്ലപ്പെടുന്നതിനും രണ്ടു ദിവസം മുന്‍പ്, ഒറീസയില്‍ നടത്തിയ പ്രസംഗത്തില്‍ താന്‍ മരിച്ചാല്‍ തന്‍റെ രക്തം ഈ രാജ്യത്തെ ശക്തിപ്പെടുത്തുമെന്ന് ഇന്ദിരാഗാന്ധി പ്രസംഗിച്ചത്.
ഇന്ദിരയുടെ മരണത്തിന്‍റെ ഞെട്ടലില്‍ നെഹ്‌റു കുടുംബം കഴിയവേയാണ് പൊടുന്നനേ രാജീവ് ഗാന്ധിയോട് രാജ്യത്തിന്‍റെ പ്രധാനമന്ത്രി പദമേറ്റെടുക്കാന്‍ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അഭ്യര്‍ത്ഥിക്കുന്നത്. എന്നാല്‍ അരുതേ എന്ന് രാജീവ് ഗാന്ധിയോട് സോണിയ ഗാന്ധി കേണപേക്ഷിക്കുകയാണുണ്ടായത്. പക്ഷേ മറിച്ച് ചിന്തിക്കാന്‍ രാജീവിന് സാഹചര്യം അനുവദിക്കുമായിരുന്നില്ല.
സോണിയ ഗാന്ധി പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു. 1991-ല്‍ ശ്രീപെരുംപതൂരില്‍ രാജീവ് കണങ്ങളായി ചിന്നിച്ചിതറി. അന്ന് കുട്ടികളായിരുന്ന രാഹുലും പ്രിയങ്കയും തന്‍റെ പിതാവിന്‍റെ മൃതദേഹമടങ്ങിയ പേടകത്തിന് മുന്നില്‍ ഇരിക്കുന്ന ചിത്രം ഇപ്പോഴും മനസിലുണ്ട്. അന്നവര്‍ പൊട്ടിക്കരയുകയായിരുന്നില്ല, പക്ഷേ വിതുമ്പുകയായിരുന്നു.
അങ്ങനെ ചെറുപ്പത്തിലേ കൂട്ടിലടച്ച തത്തകളായാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും വളര്‍ന്നത്. 2004 ലെ ഒന്നാം യുപിഎ സര്‍ക്കാരിലും 2009-ലെ രണ്ടാം യുപിഎ സര്‍ക്കാരിലും കേന്ദ്ര മന്ത്രിയാകാന്‍ രാഹുലിനെ പലരും നിര്‍ബന്ധിച്ചെങ്കിലും എന്നെ ഒഴിവാക്കി നിങ്ങള്‍ക്കാര്‍ക്കും മന്ത്രിയാകാം എന്ന നിലപാടാണ് രാഹുല്‍ സ്വീകരിച്ചത്. രാഹുല്‍ ഒരു തീരുമാനമെടുത്താല്‍ നിശ്ചയ ദാര്‍ഢ്യത്തോടെ അതിലുറച്ച് നില്‍ക്കും.
ഭാരത് ജോഡോയിലൂടെ ഇത്രയും ദൂരം നടക്കുന്നത് മണ്ടത്തരമാകുമെന്ന് പല സുഹൃത്തുക്കളും അദ്ദേഹത്തെ ഉപദേശിച്ചതാണ്. പക്ഷേ ചിരിച്ചു കൊണ്ട് അദ്ദേഹം അതു കേള്‍ക്കുക മാത്രമാണ് ചെയ്‌തത്. ഭാരത് ജോഡോ യാത്രയിലൂടെ ബിജെപി പ്രചരിപ്പിച്ച പപ്പുവല്ല താനെന്ന് രാഹുല്‍ തെളിയിച്ചു.
രാഹുലിന്‍റെ പടയോട്ടം ഇന്ത്യന്‍ പ്രധാനമന്ത്രി പദം വെട്ടിപ്പിടിക്കാനല്ല. ഗാന്ധിയും നെഹ്‌റുവും ഡോ അംബേദ്‌കര്‍ എന്നിവരുയര്‍ത്തിയ ധാര ഉയര്‍ത്തിപ്പിടിക്കാനാണ്. നാളത്തെ ഇന്ത്യയില്‍ വിശ്വസിക്കാന്‍ കൊള്ളാവുന്ന നേതൃത്വമായി രാഹുല്‍ ഗാന്ധി ഇന്ന് മാറിക്കൊണ്ടിരിക്കുകയാണെന്നും ആന്‍റണി പറഞ്ഞു. മുന്‍ എംജി സര്‍വ്വകലാശാല വിസി ഡോ.ജാന്‍സി ജയിംസ് പുസ്‌തകം ഏറ്റു വാങ്ങി.
Also Read : 'പത്തനംതിട്ടയില്‍ അനില്‍ തോല്‍ക്കണം; കുടുംബവും രാഷ്‌ട്രീയവും വേറെ': എകെ ആന്‍റണി - AK Antony Against Anil